Sunday, May 12, 2013
എന്‍ജിനിയറിങ് പ്രവേശനം: കണക്കിന് 50% വേണമെന്ന നിബന്ധന നീക്കുന്നു
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ പ്രവേശനത്തിന് കണക്കില്‍ 50 ശതമാനം മാര്‍ക്കുവേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ ചേര്‍ന്ന് 50 ശതമാനവും കണക്കിനു മാത്രമായി 50 ശതമാനവും മാര്‍ക്ക് വേണമെന്നാണ് നിലവിലെ നിബന്ധന. കണക്കിനു മാത്രം 50 ശതമാനമെന്ന വ്യവസ്ഥ ഒഴിവാക്കി മൊത്തം ശരാശരി 50 ശതമാനം മാത്രമാക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. ഈ ആവശ്യം കഴിഞ്ഞവര്‍ഷം ഉയര്‍ത്തിയിരുന്നെങ്കിലും ഉന്നതവിദ്യാഭ്യാസവകുപ്പ് വഴങ്ങിയില്ല. യോഗ്യതാ പരീക്ഷയില്‍ കണക്കിനു മാത്രമായി 50 ശതമാനമെന്ന നിബന്ധന ഒഴിവാക്കാന്‍ നിലവിലുള്ള മൊത്തം മാര്‍ക്ക് ശരാശരിയില്‍ അല്‍പ്പം വര്‍ധന വരുത്തിയുള്ള ഫോര്‍മുല മാനേജ്മെന്റുകള്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ആകെ 50 ശതമാനമെന്ന വ്യവസ്ഥ അല്‍പ്പം ഉയര്‍ത്തിയശേഷം കണക്കിനു മാത്രം 50 ശതമാനമെന്ന വ്യവസ്ഥയില്‍ ഇളവുവരുത്തുകയാണ് ലക്ഷ്യം. നിലവാരമില്ലാത്ത 21 എന്‍ജിനിയറിങ് കോളേജ് പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ട സംസ്ഥാനത്ത് പ്രവേശനയോഗ്യതയില്‍ വീണ്ടും ഇളവുവരുത്തിയാല്‍ നിലവാരത്തകര്‍ച്ച പൂര്‍ണമാകുമെന്ന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിലപാട് മറികടന്നാണ് പുതിയ നീക്കം. കുട്ടികളെ കിട്ടാതെ പതിനെണ്ണായിരത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് പ്രവേശന മാനദണ്ഡം അട്ടിമറിക്കാന്‍ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചത്.
മനേജ്മെന്റുകളുടെ ആവശ്യം പരിഗണിക്കാമെന്ന് കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ 114 സ്വാശ്രയ കോളേജിലായി അമ്പതിനായിരത്തോളം സീറ്റാണ് ഉള്ളത്. 2011ല്‍ പന്ത്രണ്ടായിരത്തോളവും കഴിഞ്ഞവര്‍ഷം പതിനെട്ടായിരത്തോളവും സീറ്റില്‍ കുട്ടികളെ കിട്ടിയില്ല. കഴിഞ്ഞവര്‍ഷം തന്നെ ഏഴ് കോളേജില്‍ മാത്രമായിരുന്നു ഉയര്‍ന്ന വിജയശതമാനം. പേരിനുപോലും വിജയമില്ലാതിരുന്ന കോളേജുകളാണ് അടച്ചുപൂട്ടാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിന് അഞ്ചുവര്‍ഷത്തെ സാവകാശം അനുവദിച്ചിരിക്കയാണ് സര്‍ക്കാര്‍. അതിനിടെയാണ് വീണ്ടും പ്രവേശനമാനദണ്ഡം ഇളവുചെയ്യാന്‍ നീക്കം. യോഗ്യതാ മാര്‍ക്ക് കുറച്ചില്ലെങ്കില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന ഭീഷണിയും സ്വാശ്രയ മാനേജ്മെന്റുകള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് ഒത്തുകളിയുടെ ഭാഗമാണ്. ആദ്യം ഭീമമായ ഫീസ് വര്‍ധന ആവശ്യപ്പെട്ടശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലയില്‍ യോഗ്യതാമാനദണ്ഡത്തില്‍ ഇളവുവരുത്തുകയുമാണ് ലക്ഷ്യം.
(എം വി പ്രദീപ്)
deshabhimani 130513
Subscribe to:
Post Comments (Atom)
No comments:
Post a Comment