ടി കെ തങ്കപ്പന്‍ നഗര്‍ (മട്ടാഞ്ചേരി): രാജ്യത്ത് ഏറ്റവും പ്രക്ഷുബ്ധമായ കടലിനോടല്ല "നിശബ്ദ കൊലയാളി"കളായ ഭരണനേതൃത്വത്തോടാണ് തങ്ങള്‍ക്ക് പോരടിക്കേണ്ടിവരുന്നതെന്ന് ലക്ഷദ്വീപില്‍നിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കളായ കെ മുഹമ്മദാലി, അസ്ഹര്‍ അലി, പി അബൂബക്കര്‍ എന്നിവര്‍ പറയുന്നു. കേന്ദ്ര ഭരണ പ്രദേശമായ ഇവിടെ ഭരണനേതൃത്വത്തിന്റെ കുടിലതകള്‍ മാത്രമല്ല, ഇവരുടെ പ്രതിപുരുഷനായി ഭരണം നടത്തുന്ന അഡ്മിനിസ്ട്രേറ്ററുടെയും ദ്രോഹങ്ങള്‍ മത്സ്യമേഖലയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുകയാണെന്നും ഇവര്‍ പറയുന്നു. പണം സര്‍ക്കാരിലേക്ക് തിരിച്ചടച്ചാലും തൊഴിലാളികള്‍ക്ക് ഒന്നും നല്‍കില്ലെന്ന സമീപനമാണ് മാറിമാറി വരുന്ന വെള്ളാനകളായ അഡ്മിനിസ്ട്രേറ്റര്‍മാര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയതാണ് ലക്ഷദ്വീപ് ഫിഷര്‍മെന്‍ അസോസിയേഷന്‍ ഭാരവാഹികളായ ഇവര്‍.
ലോകത്തുതന്നെ ഏറ്റവും വിപണിമൂല്യമുള്ള ചൂരയുടെ മാസ് (ഉണക്കിയത്) ഇപ്പോള്‍ ലക്ഷദ്വീപില്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നു. ചൂര വന്‍ തോതില്‍ ഉല്‍പ്പാദനക്കുറവ് നേരിടുന്ന സാഹചര്യത്തിലാണ് ഇത്. ചൂരയ്ക്ക് മതിയായ വിപണി കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍സമീപനമാണ് ദ്രോഹകരമാകുന്നതെന്ന് ഇവര്‍ പറയുന്നു. ലക്ഷദ്വീപിലെ ജനവാസമുള്ള 10 ദ്വീപുകളിലെ 70,000ത്തോളം വരുന്ന ജനസംഖ്യയില്‍ തെങ്ങുകയറ്റ തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് ഭൂരിപക്ഷവും. എന്നാല്‍ അഗത്തി ഉള്‍പ്പെടെ ഭൂരിപക്ഷം ദ്വീപുകളിലും പേരിനുപോലും ഐസ് പ്ലാന്റില്ല. ഇതുമൂലം പച്ചമത്സ്യം കയറ്റിഅയക്കാന്‍ കഴിയുന്നില്ല. ടണ്‍ കണക്കിന് മത്സ്യമാണ് കെട്ടിക്കിടക്കുന്നതെന്ന് ഇവര്‍ പറയുന്നു.
ഐസ്പ്ലാന്റ് പ്രശ്നം പരിഹരിക്കുന്നതിനും മറ്റുമായി ലക്ഷദ്വീപിനായി മദര്‍ഷിപ് നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും ഇനിയും നടപ്പായിട്ടില്ല. യെല്ലോഫിന്‍ ചൂര ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് ലക്ഷദ്വീപ് കടലില്‍ കോടികള്‍ മുടക്കി ഗവേഷണങ്ങള്‍ നടത്തുമ്പോള്‍ത്തന്നെയാണ് വിപണി കണ്ടെത്താനാകെ ചൂര മാസ് കെട്ടിക്കിടക്കുന്നത്. മെയ് 15 മുതല്‍ നാല് മാസമാണ് ഇവിടെ ട്രോളിങ് നിരോധനം. ഈ ഘട്ടത്തില്‍പോലും സൗജന്യറേഷനോ മറ്റ് പരിരക്ഷയോ നല്‍കാന്‍ തയ്യാറാകുന്നില്ല. ഡീസല്‍ സബ്സിഡി ലിറ്ററിന് കേവലം 30 പൈസ മാത്രമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഏര്‍പ്പെടുത്തിയ ഈ സബ്സിഡി വര്‍ധിപ്പിക്കണമെന്ന ആവശ്യവും നിഷേധിക്കുകയാണ്. അതേസമയം നടപ്പാക്കാതെ ബാക്കിവന്ന തുകയായി ലക്ഷദ്വീപ് ഭരണകൂടം കഴിഞ്ഞവര്‍ഷം മാത്രം കേന്ദ്രസര്‍ക്കാരിന് മടക്കിനല്‍കിയത് 29 കോടി രൂപയാണ്. എങ്കില്‍പ്പോലും തൊഴിലാളികള്‍ക്ക് നല്‍കില്ലെന്നാണ് അധികൃതരുടെ നിലപാട്. പ്രതിഷേധിക്കാന്‍ തയ്യാറായാല്‍ ജനാധിപത്യവിരുദ്ധമായി ജയിലിലടക്കുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
(ഷഫീഖ് അമരാവതി)
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം
മട്ടാഞ്ചേരി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ മത്സ്യത്തൊഴിലാളികളുടെ ജീവന് വിലകല്‍പ്പിക്കാത്ത സാഹചര്യമാണ്. ആഴക്കടല്‍ ട്രോളിങ്ങിനും ചരക്കു ഗതാഗതത്തിനുമായി 1500ല്‍പ്പരം കപ്പലുകളാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിവഴി ദിനംപ്രതി കടന്നുപോകുന്നത്. കേരളത്തിന്റെ സമുദ്രാതിര്‍ത്തിയായി നിജപ്പെടുത്തിയിട്ടുള്ള 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്തുപോലും കപ്പലുകള്‍ കടന്നുപോകുന്നു. മത്സ്യസമ്പത്തിന്റെ ശോഷണംമൂലം പരമ്പരാഗത തൊഴിലാളികള്‍ക്ക് മീന്‍പിടിക്കാന്‍ ആഴക്കടലിലേക്കു പോകേണ്ട സാഹചര്യമുണ്ട്. ഇതുമൂലം തൊഴിലാളികള്‍ വന്‍ കപ്പലുകള്‍ക്കുസമീപം എത്തിപ്പെടാനും അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. ചരക്കുകപ്പല്‍ തട്ടി മത്സ്യബന്ധനബോട്ട് തകര്‍ന്ന് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചതും ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിവച്ച് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയതും തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭത്താല്‍ ദിശതെറ്റി അന്യരാജ്യ സമുദ്രാതിര്‍ത്തിയില്‍ തൊഴിലാളികള്‍ എത്തിപ്പെടാറുണ്ട്. ഇപ്രകാരം പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ജയിലില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ അകപ്പെട്ടിട്ടുണ്ട്. നമ്മുടെ സമുദ്രത്തിലെ 200 നോട്ടിക്കല്‍ മൈല്‍ എക്സ്ക്ലൂസീവ് എക്കോണമിക് സോണ്‍ എന്ന നിലയില്‍ നമുക്ക് മത്സ്യബന്ധനാവകാശമുള്ള മേഖലയാണെങ്കിലും ഈ മേഖലയെയും തൊഴിലാളികളെയും ബാധിക്കുന്ന കടല്‍ നിയമങ്ങളുടെ അഭാവം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൊലയാളികളായ ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശചെയ്ത നടപടിയില്‍ സമ്മേളനം പ്രതിഷേധിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, നേവി എന്നീ ഏജന്‍സികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
deshabhimani 130513
No comments:
Post a Comment