തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും പോരാട്ടവീര്യവും വിളംബരംചെയ്ത് ലോകമെങ്ങും മെയ്ദിനം ആഘോഷിച്ചു. ഇടതുപക്ഷ- സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളികള്‍ സാമ്രാജ്യത്വവിരുദ്ധപോരാട്ടം ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചപ്പോള്‍,മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളികള്‍ സ്വന്തം സര്‍ക്കാരുകള്‍ക്കെതിരെ തെരുവിലിറങ്ങിയതാണ് മെയ്ദിനക്കാഴ്ച. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ക്കാരുകളുടെ സമ്പന്നാനുകൂല സാമ്പത്തികനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി.
അന്തരിച്ച വെനസ്വേലന്‍ ജനനായകന്‍ ഹ്യൂഗോ ഷാവേസിന് അഭിവാദ്യമര്‍പ്പിച്ചാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അധ്വാനവര്‍ഗം മെയ്ദിനം ആഘോഷിച്ചത്. ഷാവേസിന്റെയും ചെ ഗുവേരയുടെയും ഫിദല്‍ കാസ്ട്രോയുടെയും ചിത്രമേന്തി റാലികളില്‍ അണിനിരന്നവര്‍ അമേരിക്കന്‍ സാമ്രാജ്യത്വചേരിക്കെതിരെ മുദ്രാവാക്യം മുഴക്കി. ഷാവേസ് മരിച്ചിട്ടില്ലെന്നും തങ്ങള്‍ അദ്ദേഹത്തിന്റെ പോരാട്ടം തുടരുമെന്നും ലാറ്റിനമേരിക്ക ഒന്നടങ്കം പ്രതിജ്ഞയെടുത്തത് ഇത്തവണത്തെ മെയ്ദിനത്തിന്റെ സവിശേഷതയായി. മിനിമം വേതനത്തില്‍ 20 ശതമാനത്തോളം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ആഹ്ലാദത്തിലാണ് വെനസ്വേലന്‍ തൊഴിലാളികള്‍ മെയ്ദിനം ആഘോഷിച്ചത്. പണപ്പെരുപ്പനിരക്കിന്റെയും ഉപഭോക്തൃ വിലസൂചികയുടെയും അടിസ്ഥാനത്തിലാണ് മിനിമം വേതനം പുതുക്കിനിശ്ചയിച്ചത്. തലസ്ഥാനമായ കരാക്കസില്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയും ഭാര്യ സീലിയ ഫ്ളോറെസും തൊഴിലാളികള്‍ക്കൊപ്പം നൃത്തംചെയ്തും പാട്ടുപാടിയും റാലിക്ക് ആവേശംപകര്‍ന്നു.
ക്യൂബയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ മെയ്ദിനറാലികളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. 70 രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ക്യൂബയോടൊത്ത് മെയ്ദിനം ആഘോഷിച്ചു. തലസ്ഥാനമായ ഹവാനയിലെ വിപ്ലവചത്വരത്തില്‍ നടന്ന പടുകൂറ്റന്‍ റാലിക്ക് പ്രസിഡന്റ് റൗള്‍ കാസ്ട്രോ നേതൃത്വം നല്‍കി. ബൊളിവാറിയന്‍ വിപ്ലവത്തിന് ക്യൂബന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അരനൂറ്റാണ്ടിലേറെയായി അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക- വ്യാപാര ഉപരോധങ്ങള്‍ക്കുമുന്നില്‍ ക്യൂബ തളരില്ലെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്കൊപ്പം യുവാക്കളും വിദ്യാര്‍ഥികളും കുട്ടികളും റാലികളില്‍ പങ്കെടുത്തു. കൂടുതല്‍ സമൃദ്ധവും സുസ്ഥിരവുമായ സോഷ്യലിസത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന് അവര്‍ പ്രതിജ്ഞചെയ്തു.
ബ്രസീല്‍, നിക്കരഗ്വ, കൊളംബിയ, ബൊളീവിയ, പെറു, അര്‍ജന്റീന തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വന്‍ റാലികള്‍ നടന്നു. റഷ്യയിലും ചൈനയിലും ലക്ഷക്കണക്കിന് ജനങ്ങള്‍ മെയ്ദിനാഘോഷങ്ങളില്‍ പങ്കെടുത്തു. ബഹ്റൈനടക്കം ഗള്‍ഫ് മേഖലയില്‍ പലയിടത്തും മെയ്ദിനറാലികള്‍ നടന്നു. മനാമയ്ക്കുസമീപം ഇസസസസ പട്ടണത്തില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കം പങ്കുകൊണ്ടു. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഉക്രൈന്‍, സിംഗപ്പൂര്‍, ഗ്രീസ്, സ്പെയിന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍, ശ്രീലങ്ക, പോര്‍ച്ചുഗല്‍, ലെബനന്‍ എന്നിവിടങ്ങളിലും ചിലിയിലും തുര്‍ക്കിയിലും മെയ്ദിനറാലികള്‍ക്കുനേരെ പൊലീസ് നടപടിയുണ്ടായി. ഏറ്റുമുട്ടലില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എ കെ ജി ഭഭവനില്‍ പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പതാക ഉയര്‍ത്തി. തൊഴില്‍ നിയമങ്ങള്‍ പാലിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും ശക്തമായി സമ്മര്‍ദം ചെലുത്തുന്ന പ്രക്ഷോഭങ്ങള്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി തുടരണമെന്ന് യെച്ചൂരി പറഞ്ഞു.സാമൂഹ്യമാറ്റത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. തൊഴിലാളിവര്‍ഗം കൂടുതല്‍ സംഘടിതരായി മുന്നോട്ടുപോകണമെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും രാജ്യത്തെ വന്‍ വ്യവസായകേന്ദ്രങ്ങളിലും തൊഴിലാളികള്‍ മെയ്ദിനാഘോഷത്തില്‍ പങ്കെടുത്തു.
No comments:
Post a Comment