Friday, May 3, 2013

സിബിഐ ഡയറക്ടറുടെ അഭിപ്രായം മാനദണ്ഡങ്ങളുടെ ലംഘനം: പിണറായി


കാഞ്ഞങ്ങാട്: സിബിഐയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് സിബിഐ ഡയറക്ടര്‍ നടത്തിയ പ്രസ്താവന നിയതമായ മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിബിഐ കേവലം സ്വതന്ത്ര ഏജന്‍സിയല്ലെന്നും സര്‍ക്കാരിന്റെ ഭാഗമാണെന്നും ഡയറക്ടര്‍ പറഞ്ഞത് അങ്ങേയറ്റം പിശകാണ്. രാജ്യത്തെ ഉന്നതമായ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത നഷ്ടമായതിന്റെ തെളിവാണിത്. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതിക്കും പറയേണ്ടിവന്നു. അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രിയെയും പ്രധാനമന്ത്രിയെയും കാണിച്ച് തിരുത്തല്‍ വരുത്തിയെന്ന സിബിഐയുടെ സത്യവാങ്മൂലമാണ് കോടതിയെ ഞെട്ടിച്ചത്. രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി സിബിഐ മാറിയെന്നാണ് കടുത്ത ഭാഷയില്‍ കോടതി പറഞ്ഞത്. സിബിഐ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയും രാജിവയ്ക്കണം. കേസന്വേഷണം വേണ്ടത്ര പുരോഗമിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്താമെന്നല്ലാതെ റിപ്പോര്‍ട്ട് കാണാനോ തിരുത്താനോ ഉള്ള അധികാരം മന്ത്രിമാര്‍ക്കില്ല. ഡയറക്ടറുടെ പ്രസ്താവന സിബിഐയെ എത്രമാത്രം രാഷ്ട്രീയവല്‍ക്കരിച്ചുവെന്നതിന് തെളിവാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരംക്ഷിക്കാന്‍ ചിലര്‍ നടത്തിയ ഗൂഢ നീക്കത്തിന്റെ ഫലമാണ് സിബിഐയെ ഇത്രയും തരംതാഴ്ത്തിയത്. വ്യാജ തെളിവുകളുണ്ടാക്കി സിപിഐ എം പ്രവര്‍ത്തകരെ കൊലക്കേസില്‍പോലും പ്രതിയാക്കിയ അനുഭവം കേരളത്തില്‍ ഉണ്ട്. രാഷ്ട്രീയ ലക്ഷ്യവച്ച് പ്രവര്‍ത്തിച്ച സിബിഐയുടെ വിശ്വാസ്യത നഷ്ടമായതുകൊണ്ടാണ് സിപിഐ എം കൊച്ചി ആസ്ഥാനത്ത് സമരം നടത്തിയത്. സിപിഐ എമ്മിനെതിരെ എന്ത് നെറികേട് കാണിച്ചാലും അതൊക്കെ ശരിയാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചില മാധ്യമങ്ങളും ആളുകളും ഉണ്ട്. കോടതിയുടെ അഭിപ്രായ പ്രകടനത്തിലൂടെ അവര്‍ക്കും സത്യം മനസിലായിട്ടുണ്ടാവുമെന്ന് പിണറായി പറഞ്ഞു.

സഹകരണ പ്രസ്ഥാന സംരക്ഷണത്തിന് മന്ത്രി നേതൃത്വം നല്‍കണം: പിണറായി

പാലക്കാട്: സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആപല്‍ക്കരമായ ഈ സാഹചര്യത്തെ നേരിടാന്‍ രാഷ്ട്രീയമായ വിയോജിപ്പുകള്‍ മാറ്റിവച്ച് സഹകാരികളും ജീവനക്കാരും വകുപ്പും സര്‍ക്കാരും ഒരുപോലെ പൊരുതേണ്ട സ്ഥിതിയാണ്. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിന് സഹകരണമന്ത്രി നേതൃത്വം നല്‍കണം. റബ്കോയെ വകവരുത്താനുള്ള നീക്കത്തില്‍നിന്ന് മുഖ്യമന്ത്രി പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിന്റെയും തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധിയുടെയും നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുന്നതും സഹകരണമേഖലയെ പിന്താങ്ങുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. അനുയായികളാകട്ടെ റിലയന്‍സിനും കൂട്ടര്‍ക്കും ബാങ്ക് തുടങ്ങാനുള്ള സൗകര്യമാണുണ്ടാക്കുന്നത്. ആഗോളനയം അംഗീകരിച്ചതുമുതലാണ് ചിത്രം മാറിയത്. പൊതുമേഖലയോടുള്ള നിഷേധനിലപാടിന്റെ തുടര്‍ച്ചയാണ് സഹകരണമേഖലക്കെതിരെയുള്ള നീക്കം. മുമ്പ് റിസര്‍വ് ബാങ്ക് കേന്ദ്ര വിഷയവും സഹകരണ ബാങ്ക് സംസ്ഥാന വിഷയവുമായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം വരുന്നതോടെ അധികാരം കേന്ദ്രത്തിലേക്ക് മാറും.ഇത് എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കാത്തതിനാല്‍ നിശ്ചിത തീയതിക്കകം ഭരണഘടനാഭേദഗതി നടപ്പായതായി കണക്കാക്കുമെന്നാണ് പറയുന്നത്. കോര്‍പറേറ്റുകളുടെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ബാങ്ക് പദവി നല്‍കാനും അവരുടെ നിക്ഷിപ്ത താല്‍പ്പര്യത്തിന് നാടിന്റെ പണം ഉപയോഗിക്കാനുമാണ് നീക്കം.

കേന്ദ്ര നടപ്പാക്കുന്ന ആഗോളനയത്തിന്റെ പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരും. ഈ ആപത്ത് നാം തിരിച്ചറിയണം. അപ്പക്സ് സ്ഥാപനങ്ങള്‍ക്ക് ജപ്തി നോട്ടീസയക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് റബ്കോവിനെയാണ്.ചില മാധ്യമങ്ങള്‍ക്ക് വിവരം നല്‍കി വാര്‍ത്ത വരുത്തിക്കുന്നത് രാഷ്ട്രീയമായി റബ്കോയെ വകവരുത്താനാണ്. പ്രധാനമായും വായ്പനല്‍കുന്ന സ്ഥാപനമായ സ്റ്റേറ്റ് കോ-ഒപ്പറേറ്റീവ് ബാങ്കില്‍ കുടിശ്ശിക വരുത്തിയാല്‍ അത് ചര്‍ച്ചയിലൂടെയും മറ്റും പരിഹരിക്കുകയാണ് പതിവ് രീതി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അപ്പക്സ് സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. രക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ സഹകരണമേഖലയുടെ അന്തകനാവരുത്. ഈ നീക്കത്തില്‍നിന്ന് പിന്‍വാങ്ങണം- പിണറായി ആവശ്യപ്പെട്ടു.

deshabhimani 030513

No comments:

Post a Comment