Friday, May 3, 2013

നിയമമന്ത്രി അശ്വനികുമാറിന്റെ രാജി അനിവാര്യം: കാരാട്ട്


നിയമ മന്ത്രിക്കെതിരെ സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി വിഷയത്തില്‍ നിയമമന്ത്രി അശ്വിനി കുമാറിനെതതിരെ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ. കല്‍ക്കരിപ്പാട അഴിമതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മന്ത്രിയെ കാണിച്ചിരുന്നെന്ന് സിബിഐ മേധാവി വെളിപ്പെടുത്തി. സര്‍ക്കാരിന്റെയും നിയമമന്ത്രിയുടെയും വാദത്തിന് എതിരാണ് സിബിഐ മേധാവിയുടെ വെളിപ്പെടുത്തില്‍. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിയമമന്ത്രിയുമായി പങ്കുവച്ചിരുന്നുവെന്ന് രഞ്ജിത്ത് സിന്‍ഹ സുപ്രീംകോടതിയിലാണ് വെളിപ്പെടുത്തിയത്.

മന്ത്രിയുടെ ഓഫീസില്‍ തന്നെ വിളിച്ചുവരുത്തിയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു തന്റെ സന്ദര്‍ശനമെന്നും സിന്‍ഹ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് ആരെയും കാണിച്ചില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ സുപ്രീം കോടതിയെ അറിയിച്ചത് സിബിഐയുടെ അറിവോടെയല്ല. റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കിയെങ്കിലും കാര്യമായ തിരുത്തല്‍ വരുത്താന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അഡിഷണല്‍ സോളിസിറ്റര്‍ ജനറലും അറ്റോര്‍ണി ജനറലും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാണ് താന്‍ യോഗം വിളിച്ചതെന്നും ഇതില്‍ സിബിഐ ഡയറക്ടറുടെ സാന്നിധ്യവും ആവശ്യമായിരുന്നുവെന്നായിരുന്നു നിയമമമന്ത്രി അശ്വിനികുമാര്‍ മന്ത്രിസഭയെ അറിയിച്ചിരുന്നത്. മന്ത്രി റിപ്പോര്‍ട്ട് കാണുകയോ അതില്‍ തിരുത്തല്‍ വരുത്തുകയോ ചെയ്തിട്ടില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്.

നിയമമന്ത്രി അശ്വനികുമാറിന്റെ രാജി അനിവാര്യം: കാരാട്ട്

ബംഗളൂരു: കല്‍ക്കരി കുംഭകോണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട സുപ്രീംകോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിയമമന്ത്രി അശ്വനികുമാറിന്റെ രാജി അനിവാര്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. മന്ത്രി രാജിവയ്ക്കേണ്ടെന്ന് നിര്‍ബന്ധം പിടിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്-കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗളൂരു റിപ്പോര്‍ട്ടേഴ്സ് ഗില്‍ഡും പ്രസ്ക്ലബ്ബും സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ കാരാട്ട് പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം. സൈനിക നടപടിയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് താന്‍ കരുതുന്നില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ കാരാട്ട് പറഞ്ഞു. ഈ പ്രശ്നത്തില്‍ ഉന്നതതലത്തില്‍ കൂടുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കു പകരം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതുകൊണ്ട് കര്‍ണാടകത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണം അഴിമതിയില്‍ റെക്കോഡ് സൃഷ്ടിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് അഴിമതിയില്‍ ബിജെപിക്ക് ഒപ്പംതന്നെയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ ബദല്‍ കര്‍ണാടകത്തില്‍ ഉണ്ടാകണം. എന്നാല്‍, ഇത് ഫലപ്രദമാവുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നിയമസഭയില്‍ സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും പരമാവധി എംഎല്‍എമാരെ എത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ടി ലക്ഷ്യമിടുന്നത്-കാരാട്ട് പറഞ്ഞു.

രാജ്യത്ത് അഴിമതിയില്‍നിന്ന് മുക്തരാണെന്ന് അവകാശപ്പെടാവുന്നത് ഇടതുപക്ഷപാര്‍ടികള്‍ക്കു മാത്രമാണെന്ന് ബംഗളൂരു കെ ആര്‍ പുരത്തെ സിപിഐ എം സ്ഥാനാര്‍ഥി ഗൗരമ്മയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത്് കാരാട്ട് പറഞ്ഞു. കര്‍ണാടകത്തിലെ ബിജെപി ഭരണം രാജ്യത്തിനാകെ കളങ്കമാണ്. ഖനി-ഭൂമാഫിയയുമായി ചേര്‍ന്ന് അവര്‍ സംസ്ഥാനത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു. സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി ഗൗരമ്മ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി ജെ കെ നായര്‍, മീനാക്ഷി സുന്ദരം എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment