Sunday, May 12, 2013
കരാര്‍ വൈകുന്നത് ഡല്‍ഹി മുഖ്യമന്ത്രി ആശുപത്രിയിലായതിനാലെന്ന്
കൊച്ചി മെട്രോ നിര്‍മാണ കരാര്‍ ഒപ്പിടല്‍ വൈകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ആശുപത്രിക്കഥയുമായി കെഎംആര്‍എല്‍. ഏപ്രില്‍ നാലിനു ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗമാണ് ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട നിര്‍മാണ കരാറിന് അന്തിമരൂപം നല്‍കിയത്. മാസം ഒന്നുകഴിഞ്ഞിട്ടും ഒപ്പിടാത്തത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആശുപത്രിയിലായതിനാലാണെന്നാണ് കെഎംആര്‍എലിന്റെ പ്രചാരണം. ഒപ്പിടല്‍ വൈകുന്നതിനാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ മെട്രോപാത നിര്‍മാണം കരാറുകാരെ ഏല്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് ഡിഎംആര്‍സി. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷമാണ് ഏപ്രില്‍ നാലിലെ കെഎംആര്‍എല്‍ യോഗം ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട കരാറിന് അന്തിമാനുമതി നല്‍കിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ഡിഎംആര്‍സിയും അംഗീകരിച്ചു. ഇരു സ്ഥാപനങ്ങളുടെയും എംഡിമാര്‍ ചേര്‍ന്ന് ഒപ്പിടുക മാത്രമാണ് പിന്നെ വേണ്ടത്. കെഎംആര്‍എല്‍ യോഗശേഷം എംഡി ഏല്യാസ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
ഏപ്രില്‍ രണ്ടാം വാരം കരാര്‍ ഒപ്പിടാനാകുമെന്ന പ്രതീക്ഷയില്‍ മെട്രോപാത നിര്‍മാണത്തിനുള്ള ആദ്യ രണ്ട് ടെന്‍ഡറുകള്‍ എല്‍ ആന്റ് ടിക്ക് നല്‍കാന്‍ ഡിഎംആര്‍സി തീരുമാനിക്കുകയും ചെയ്തു. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണകരാര്‍ എല്‍ ആന്റ് ടിക്ക് നല്‍കിയാല്‍ ഒരുമാസത്തിനുള്ളില്‍ ആവശ്യമായ തയ്യാറെടുപ്പോടെ മെയ് അവസാനത്തോടെ അവര്‍ക്ക് മെട്രോപാതയുടെ നിര്‍മാണം തുടങ്ങാനാകുമെന്നും ഡിഎംആര്‍സി കണക്കുകൂട്ടി. ശേഷിക്കുന്ന മറ്റു രണ്ട് ഘട്ട പാതയുടെ നിര്‍മാണത്തിന് ഹൈദരാബാദ് ആസ്ഥാനമായ സോമ കണ്‍സ്ട്രക്ഷനെയും ഡല്‍ഹി ആസ്ഥാനമായ ഇറ ഇന്‍ഫ്രായെയും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും കെഎംആര്‍എലുമായി ഒപ്പിടേണ്ട കരാറിന്റെ കാര്യത്തില്‍ മാത്രം തീരുമാനം ഉണ്ടാകാത്തത് മെട്രോ നിര്‍മാണം ലക്ഷ്യമിട്ടതിലും വൈകാനിടയാക്കുമെന്ന് ഡിഎംആര്‍സി കരുതുന്നു. കരാര്‍ ഔപചാരികത മാത്രമാണെന്നാണ് ഏല്യാസ് ജോര്‍ജിന്റെ വിശദീകരണം. കരാര്‍ ഒപ്പിടാതെ എങ്ങനെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഉറപ്പിച്ചുനല്‍കുമെന്നാണ് ഡിഎംആര്‍സിയുടെ ചോദ്യം.
കരാറിന്റെ കാര്യത്തില്‍ ഷീലാ ദീക്ഷിതിന് പങ്കില്ലെന്ന് ഉന്നത ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയിട്ടല്ല കെഎംആര്‍എല്‍ കരാറിന് അനുമതി നല്‍കിയത്. ഇരുസ്ഥാപനത്തിന്റെയും ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കെഎംആര്‍എല്‍ ബോര്‍ഡില്‍ ഉമ്മന്‍ചാണ്ടിയും ഡിഎംആര്‍സിയില്‍ ദീക്ഷിതും അംഗമല്ല. അപ്പോള്‍ ഡിഎംആര്‍സിയുടെ ഔദ്യോഗിക കാര്യങ്ങളില്‍ ഷീലാ ദീക്ഷിതിന്റെ അനുമതി തേടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര പങ്കാളിത്തത്തോടെ കെഎംആര്‍എല്‍ പുനഃസംഘടിപ്പിച്ചശേഷം ഇതുവരെ 11 ബോര്‍ഡ് യോഗങ്ങളാണ് ചേര്‍ന്നത്. 11-ാമത് യോഗത്തിലാണ് ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട കരാറിന് അന്തിമരൂപം നല്‍കിയത്. അതിനുമുമ്പ് വ്യവസ്ഥകള്‍ പരിശോധിക്കാന്‍ എംഡിമാര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപീകരിച്ചിരുന്നു. അതിന്റെ ശുപാര്‍ശകള്‍ പലവട്ടം വെട്ടിത്തിരുത്തിയിരുന്നു. എല്ലാ തലത്തിലും പലവട്ടം പരിശോധിച്ച കരാറാണ് ഷീല ദീക്ഷിത് ആശുപത്രിയിലാണെന്ന കാരണം പറഞ്ഞ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്.
deshabhimani120513
Subscribe to:
Post Comments (Atom)
No comments:
Post a Comment