Sunday, May 12, 2013
ഹാന്‍ടെക്സിനെ വെട്ടിലാക്കിയത് വ്യവസായവകുപ്പ്
ഭൂമാഫിയക്കുവേണ്ടി വ്യവസായവകുപ്പ് നടത്തിയ ഒത്തുകളിയാണ് ഹാന്‍ടെക്സിന്റെ ആസ്ഥാനമന്ദിരവും ഭൂമിയും അടക്കം നൂറുകോടിയിലധികം രൂപ മതിപ്പുവില വരുന്ന ആസ്തികള്‍ സംസ്ഥാന സഹകരണബാങ്കിന്റെ കൈയിലേക്ക് എത്തിച്ചത്. ബാങ്കിന് ഹാന്‍ടെക്സ് നല്‍കാനുള്ള വായ്പ കുടിശ്ശിക ഒടുക്കുന്നതിനുള്ള പദ്ധതി എസ്ബിഐ മുന്നോട്ടുവച്ചിരുന്നു. സഹകരണവകുപ്പുപോലും അറിയാതെ വ്യവസായമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഈ പദ്ധതി അട്ടിമറിച്ചു. ഹാന്‍ടെക്സിന്റെ കണ്ണായ സ്ഥലം ലക്ഷ്യമിട്ട ചിലരുടെ ഒത്തുകളിയിലൂടെ എസ്ബിഐയുടെ വാഗ്ദാനം അട്ടിമറിക്കപ്പെട്ടു. ഇതോടെയാണ് തലസ്ഥാനനഗരസിരാകേന്ദ്രത്തില്‍ ഹാന്‍ടെക്സിന്റെ അധീനതയിലുള്ള 1.20 ഏക്കര്‍ ഭൂമിയും 1874 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ആസ്ഥാനമന്ദിരം അടക്കമുള്ള ബഹുനില കെട്ടിടങ്ങളും പള്ളിച്ചലിലെ 1.82 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാനബാങ്കിന് സ്വന്തമായത്.
ഹാന്‍ടെക്സിന് സംസ്ഥാന സഹകരണബാങ്ക് അനുവദിച്ച 31,03,17,711 രൂപ വായ്പയുടെ പലിശയും പിഴപ്പലിശയുമടക്കം 60 കോടിയോളം രൂപ കുടിശ്ശികയുണ്ട്. ഈ തുക ഈടാക്കാനുള്ള നടപടിയിലൂടെയാണ് ഹാന്‍ടെക്സിന്റെ കണ്ണായ സ്വത്തുവകകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ കൈക്കലെത്തിയത്. സംസ്ഥാന സെക്രട്ടറിയറ്റിനു സമീപം ഊറ്റുകുഴിയില്‍ ഹാന്‍ടെക്സിന് 1.40 ഏക്കര്‍ ഭൂമിയുണ്ട്. ഹാന്‍ടെക്സ് ആസ്ഥാനമന്ദിരത്തിന്എതിര്‍വശത്തുള്ള ഈ ഭൂമിക്ക് 50 കോടി രൂപ നല്‍കി ഏറ്റെടുക്കാന്‍ എസ്ബിഐ തയ്യാറായി. എസ്ബിഐക്ക് മേഖലാ ഓഫീസ് സമുച്ചയം നിര്‍മിക്കാനാണ് ഈ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. ഗാര്‍മെന്റ് യൂണിറ്റും രണ്ടു പ്രദര്‍ശന വില്‍പ്പനശാലകളും മറ്റും പ്രവര്‍ത്തിച്ചിരുന്ന ഈ ഭൂമി എസ്ബിഐക്ക് വിറ്റുകിട്ടുന്ന വില ഉപയോഗിച്ച് സംസ്ഥാന സഹകരണബാങ്കിന്റെ കടബാധ്യത ഒഴിവാക്കാന്‍ ഹാന്‍ടെക്സിനു കഴിയുമായിരുന്നു. ഇതോടെ ഹാന്‍ടെക്സിന്റെ പ്രവര്‍ത്തനവും സുഗമമായേനെ.
വസ്തു വിറ്റ് കടം തീര്‍ക്കാന്‍ അനുവാദത്തിനായി ഹാന്‍ടെക്സ് വ്യവസായവകുപ്പിന്റെ അനുമതിക്ക് സമീപിച്ചതാണ് വിനയായത്. വകുപ്പുമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ട് വില്‍പ്പന നിര്‍ത്തിവയ്പിച്ചു. പൊതുമേഖലാ ബാങ്കുമായുള്ള ഇടപാടില്‍ കമീഷന്‍ ലഭിക്കാന്‍ സാധ്യത ഇല്ലെന്നതായിരുന്നു ഒരു കാരണം. തലസ്ഥാനത്തെയും മലബാറിലെയും ഭൂമാഫിയയുമായി ബന്ധമുള്ള ചിലരും ഇടപാട് ഒഴിവാക്കുന്നതിന് കരുനീക്കം നടത്തി. ഒരു ലീഗ് മന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്താക്കിയ ഒരു പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു എസ്ബിഐ മുന്നോട്ടുവച്ച വാഗ്ദാനം അട്ടിമറിച്ചത്. എന്നാല്‍, ഹാന്‍ടെക്സ് നേതൃത്വം എസ്ബിഐയുടെ വാഗ്ദാനത്തിന്റെ ഒരു വിവരവും സഹകരണവകുപ്പിന് കൈമാറിയതുമില്ല.
deshabhimani 120513
Labels:
വാര്‍ത്ത,
സഹകരണ മേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment