Monday, May 13, 2013

വഹന്‍വതി മുമ്പും അഴിമതിക്ക് കുടപിടിച്ചു


കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തി സുപ്രീംകോടതിക്കുമുന്നില്‍ അപഹാസ്യനായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി മറ്റൊരു അഴിമതിക്കും കുടപിടിച്ചു. നോയിഡയില്‍ പൊതുഭൂമി ഹൗസിങ് സൊസൈറ്റിക്ക് തീറെഴുതാനാണ് സോളിസിറ്റര്‍ ജനറലായിരിക്കെ വഹന്‍വതി കൂട്ടുനിന്നത്. ഇടപാടിനെപ്പറ്റി സിബിഐ അന്വേഷണം ആരംഭിച്ചതോടെ വഹന്‍വതി നിലപാട് മാറ്റുകയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)മുന്‍ ഡയറക്ടര്‍ പി കെ ഗാംഗുലി പ്രതിയായ ഭൂമിയിടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വഹന്‍വതിയുടെ പങ്ക് വ്യക്തമാക്കുന്നത്.

നോയിഡയില്‍ ഐസിഎംആറിന്റെ രണ്ടരയേക്കര്‍ ഭൂമി സ്വകാര്യ ഹൗസിങ് സൊസൈറ്റിക്ക് കൈമാറിയെന്നാണ് കേസ്. ഗാംഗുലിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സൊസൈറ്റിക്ക് പൊതുഭൂമി നല്‍കുന്നതിനെ 2007ല്‍ വഹന്‍വതി അനുകൂലിച്ചു. ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഒരുക്കാനാണ് ഭൂമി കൈമാറ്റമെന്നും ഇതിന് അധികൃതര്‍ അനുമതി നല്‍കണമെന്നുമായിരുന്നു ആവശ്യം. ഔദ്യോഗികസ്ഥാനം ഉപയോഗിച്ച് ഇക്കാര്യം വ്യക്തമാക്കി കത്ത് നല്‍കാനും തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭൂമിയിടപാട്. കത്ത് കിട്ടി തൊട്ടടുത്ത മാസം ഗാംഗുലി ഭൂമി ഹൗസിങ് സൊസൈറ്റിയുടെ കൈവശമാക്കി. തട്ടിപ്പ് പുറത്തായതോടെ മൂന്ന് വര്‍ഷത്തിന് ശേഷം ഗാംഗുലിക്കും ഐസിഎംആറിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കേസെടുത്തു. ഇതോടെ നിലപാട് മാറ്റാന്‍ വഹന്‍വതി നിര്‍ബന്ധിതനായി. ഭൂമി കൈമാറ്റം സ്വകാര്യതാല്‍പ്പര്യത്തിനാണെന്ന് വ്യക്തമാക്കിയിരുന്നില്ല എന്നായി വാദം. ഭൂമിയിടപാട് സ്വകാര്യ താല്‍പ്പര്യത്തിനായിരുന്നുവെന്ന് വഹന്‍വതിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഐസിഎംആറിന് നല്‍കിയ കത്ത്. കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വഹന്‍വതി തിരുത്തല്‍ നിര്‍ദേശിച്ചതായി സിബിഐ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ ഇരുനൂറ്റമ്പതിലേറെ അഭിഭാഷകര്‍ വഹന്‍വതിക്കെതിരെ നടപടിയാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

സോണിയയും പ്രധാനമന്ത്രിയും തമ്മില്‍ ഭിന്നതയില്ലെന്ന്

ന്യൂഡല്‍ഹി: പവന്‍കുമാര്‍ ബന്‍സല്‍, അശ്വനികുമാര്‍ എന്നിവരുടെ രാജിക്കാര്യത്തില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ്. ഭിന്നതയുണ്ടെന്നു പറഞ്ഞ് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും സംയുക്തമായാണ് തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശ്വസ്തരായതുകൊണ്ട് പവന്‍കുമാര്‍ ബന്‍സലിനെയും അശ്വനികുമാറിനെയും സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് അവസാനനിമിഷംവരെ ശ്രമിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധി നിര്‍ബന്ധിച്ചപ്പോഴാണ് രാജിക്ക് നിര്‍ദേശം നല്‍കിയത് എന്നായിരുന്നു വാര്‍ത്ത. വെള്ളിയാഴ്ച സോണിയ ഗാന്ധി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയശേഷമായിരുന്നു രാജി.

നിരപരാധിയെന്ന് ബന്‍സല്‍

ന്യൂഡല്‍ഹി: റെയില്‍വേ കൈക്കൂലിക്കേസില്‍ നിരപരാധിയാണെന്ന് രാജിവച്ച മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. സ്വദേശമായ ചണ്ഡീഗഢില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം. സിബിഐ അന്വേഷണത്തില്‍ തനിക്കെതിരായി ഒന്നും പുറത്തുവരാനില്ല. കേസുമായി തനിക്ക് ബന്ധമില്ലെന്നും ബന്‍സല്‍ പറഞ്ഞു. രാജിക്കുശേഷം ശനിയാഴ്ച രാത്രിയാണ് ബന്‍സല്‍ ചണ്ഡീഗഢിലെത്തിയത്. തുടര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. സിബിഐ അന്വേഷണം സ്വാഗതംചെയ്യുന്നു. അന്വേഷണത്തില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. മറ്റൊന്നും പറയാനില്ലെന്നും ബന്‍സല്‍ പറഞ്ഞു. റെയില്‍വേ ബോര്‍ഡ് അംഗത്തില്‍നിന്ന് അനന്തിരവന്‍ 90 ലക്ഷം കൈക്കൂലി വാങ്ങിയതിനെതുടര്‍ന്നാണ് ബന്‍സല്‍ രാജിവച്ചത്. ഇതുകൂടാതെ കുടുംബാംഗങ്ങള്‍ക്കെതിരെയും നിരവധി സാമ്പത്തിക ക്രമക്കേടുകളും ഉയര്‍ന്നിട്ടുണ്ട്.

തെറ്റൊന്നും ചെയ്തില്ലെന്ന് അശ്വനികുമാര്‍

ന്യൂഡല്‍ഹി: താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും നിയമമന്ത്രിപദം രാജി വച്ചതിന്റെ അര്‍ഥം താന്‍ തെറ്റുചെയ്തു എന്നല്ലെന്നും അശ്വനികുമാര്‍. രാജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുപ്രീംകോടതിക്കു മുന്നിലുള്ള പ്രശ്നം സംബന്ധിച്ചുള്ള അനാവശ്യ വിവാദം അവസാനിപ്പിക്കാനാണ് രാജി. ചില രാഷ്ട്രീയ തീരുമാനങ്ങള്‍ അനിവാര്യമായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ തനിക്കെതിരെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ മനഃസാക്ഷി പരിശുദ്ധമാണ്. സത്യവും നീതിയും നിലനില്‍ക്കുമെന്നുതന്നെ കരുതുന്നു. പാര്‍ടിയോട് എന്നും വിധേയത്വം പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അശ്വനികുമാറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ രാജിവയ്ക്കേണ്ടതെന്നു ചോദിച്ചപ്പോള്‍, തന്നിലുള്ള വിശ്വാസം ആര്‍ക്കും നഷ്ടപ്പെട്ടില്ലെന്നായിരുന്നു മറുപടി. എപ്പോള്‍ രാജിവയ്ക്കണമെന്നു പറയാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്-അശ്വനികുമാര്‍ കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment