Sunday, May 12, 2013

സംഘടിത സമരങ്ങള്‍ വെല്ലുവിളി നേരിടുന്നു: സായിനാഥ്


തൃശൂര്‍: സംഘടിതമായ അവകാശ സമരങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിടുന്ന കാലമാണിതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ്. കേരള എന്‍ ജി  ഒ യൂണിയന്‍ സുവര്‍ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കി, പാവപ്പെട്ടവരുടെ പട്ടിണിമാറ്റാന്‍ ബജറ്റില്‍ തുക മാറ്റിവയ്ക്കാത്ത സര്‍ക്കാരാണ് ഭരിക്കുന്നത്.

സമ്പന്നരുടെ എണ്ണത്തില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെപോലും കടത്തിവെട്ടുന്ന ഇന്ത്യ മാനവിക വികസനത്തിന്റെ കാര്യത്തില്‍ പൊതുവെ ദരിദ്രരായ തെക്കെ അമേരിക്കന്‍ രാജ്യങ്ങളേക്കാളും പിറകിലാണ്.   38 ദിവസം നീണ്ട പാര്‍ലമെന്റ് സമ്മേളനകാലയളവില്‍ മാത്രം 70,000 കുട്ടികള്‍ പോഷകാഹാര കുറവ് മൂലം മരിച്ചിട്ടുണ്ട്. ദിനംപ്രതി 44 കര്‍ഷകര്‍ കടം വീട്ടാന്‍ പറ്റാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, 5000 കോടി രൂപ സമ്പന്നവര്‍ഗത്തിന് നികുതി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നുമുണ്ട്. ഒമ്പത് ശതമാനം വളര്‍ച്ചാ നിരക്കിലെത്തിയെന്ന് അഭിമാനം കൊള്ളുമ്പോഴും രാജ്യത്തെ പോഷകാഹാര കുറവ് ഒരു ശതമാനംപോലും പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
ഉദാരവത്കരണം ആരംഭിച്ച് രണ്ട് പതിറ്റാണ്ട് തികയുമ്പോള്‍ ഇന്ത്യയില്‍ 1.5കോടിയോളം പേര്‍ കൃഷി ഉപേക്ഷിച്ചതായാണ് കണക്ക്. ദിനംപ്രതി 2035 കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. സ്വന്തമായി കൃഷിഭൂമി ഉണ്ടായിരുന്നവര്‍ ഇന്ന് നഗരങ്ങളില്‍ വീട്ടുജോലിക്കാരായും നിര്‍മാണ തൊഴിലാളികളായും കഷ്ടപ്പെടുകയാണ്. ദിവസം 23 രൂപയില്‍കൂടുതല്‍ ചെലവഴിക്കുന്നവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്ന് പറയുന്ന ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദിവസം ചെലവഴിക്കുന്നത് 2.5 ലക്ഷം രൂപയാണ്.

പ്രഫുല്‍ പട്ടേല്‍ കേന്ദ്രവ്യോമയാന മന്ത്രിയായിരിക്കുന്ന കാലത്ത് 27 മാസംകൊണ്ട് ഔദ്യോഗികമായി 43കോടിരൂപയാണ് അദ്ദേഹത്തിന്റെ വരുമാന വര്‍ധനയെന്ന് സായിനാഥ് ചൂണ്ടിക്കാട്ടി.എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  പി എച്ച് എം ഇസ്മയില്‍ അധ്യക്ഷതവഹിച്ചു.

ആനത്തലവട്ടം ആനന്ദന്‍, ആര്‍ മുത്തുസുന്ദരം, എം ബി രാജേഷ് എം പി, പി കെ സൈനബ, എം ഷാജഹാന്‍, എം കൃഷ്ണന്‍, എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എം എല്‍ എ, ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ സംസാരിച്ചു.

janayugom

No comments:

Post a Comment