Sunday, May 12, 2013

കേരള ഓട്ടോമൊബൈല്‍സ് പ്രതിസന്ധിയില്‍


നെയ്യാറ്റിന്‍കര: മാനേജ്മെന്റിന്റെ പിടിപ്പുകേടും ധൂര്‍ത്തും കാരണം ഉല്‍പ്പാദനം കുറഞ്ഞ കേരള ഓട്ടോമൊബൈല്‍സ് പ്രതിസന്ധിയില്‍. ശമ്പളം കിട്ടാത്തതില്‍ ജീവനക്കാര്‍ പട്ടിണിയിലായി. ഇന്ത്യയില്‍ പൊതുമേഖലയിലുള്ള ഏക തൃച്ചക്ര വാഹനനിര്‍മാതാവാണ് ആറാലുംമൂട്ടിലെ കേരള ഓട്ടോമൊബൈല്‍സ്. ഈ വര്‍ഷം മാത്രം സര്‍ക്കാരില്‍നിന്ന് എട്ടുകോടി രൂപ കൈപ്പറ്റിയ മാനേജ്മെന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്ക് പിന്നില്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാസം ഇരുനൂറ്റന്‍പതിലേറെ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ അന്‍പതില്‍ താഴെ മാത്രമാണ് ഉല്‍പ്പാദനം. ലോക്കല്‍ പര്‍ച്ചേസിലൂടെ ആവശ്യമില്ലാത്ത സ്പെയര്‍പാര്‍ട്ട്സുകള്‍ വാങ്ങി കമീഷന്‍ പറ്റുകയാണ് ചെയ്യുന്നത്. ട്രേഡ് യൂണിയനുകളെ നോക്കുകുത്തിയാക്കി മാനേജ്മെന്റ് തോന്നുംപടി് കാര്യങ്ങള്‍ ചെയ്യുന്നു. സര്‍ക്കാര്‍ എട്ടുകോടി കൊടുത്തിട്ടും ജീവനക്കാരുടെ ശമ്പളം ഈ മാസം ഇതുവരെ കൊടുത്തിട്ടില്ല. മാത്രമല്ല, ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ അടച്ചില്ല. ഇത് കാരണം പിരിഞ്ഞുപോകുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു. സ്ഥാപനം നിലനിര്‍ത്താനും ജീവനക്കാരെ സംരക്ഷിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള ആട്ടോമൊബൈല്‍സ് എംപ്ളോയീസ് അസോസിയേഷന്‍ പ്രസിഡന്റ് വി ശിവന്‍കുട്ടി എംഎല്‍എയും ജനറല്‍ സെക്രട്ടറി എന്‍ എസ് ദിലീപും ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment