എല്ലാ ജില്ലയിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാത്ത കേരളത്തിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. ഇക്കാര്യത്തില്‍ സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലം വിശദാംശമില്ലെന്ന കാരണത്താല്‍ കോടതി തള്ളി. 2011ലെ ഹൈക്കോടതി നിര്‍ദേശം നടപ്പാക്കിയതിലെ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനനുസൃതമായി പ്രവര്‍ത്തനം തുടരുകയാണെന്ന് സംസ്ഥാനം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടി എവിടെയെത്തിയെന്ന് പോലും വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. നടപടി പുരോഗമിക്കുന്നുവെന്ന് പറയുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. പദ്ധതികള്‍ എവിടെയെത്തി, എത്ര പണം ചെലവഴിച്ചു, ബാക്കിയുള്ള പ്രവര്‍ത്തനം എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറായില്ല. മാലിന്യപ്രശ്നം സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നില്ല. പകരം വീണ്ടും സമയം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഒരുഘട്ടത്തില്‍ കോടതി നിര്‍ദേശിച്ചെങ്കിലും സംസ്ഥാനം കേണപേക്ഷിച്ചതിനാല്‍ മാറ്റി. കൃത്യവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം ജൂലൈ 16നു സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.
പുതിയ സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ചീഫ്സെക്രട്ടറിയെ മാത്രമല്ല സെക്രട്ടറിയറ്റിലെ മുഴുവന്‍ അധികൃതരെയും വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് നിരീക്ഷിക്കുമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ നിലയം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവും അറിയിച്ചു. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജനങ്ങള്‍ സമരത്തിലാണ്. എറണാകുളത്തെ ഒരു പ്ലാന്റ് ഹെക്കോടതി സ്റ്റേ ചെയ്തു. ആറുമാസത്തിനകം പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്നും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കേരളം ഉറപ്പുനല്‍കി.
deshabhimani 110513
No comments:
Post a Comment