Monday, May 13, 2013

എം ജി കോളേജില്‍ എബിവിപി-ആര്‍എസ്എസ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തു


സ്വാമി വിവേകാനന്ദന്റെ പേരില്‍ എംജി കോളേജിലെ എബിവിപി-ആര്‍എസ്എസ് സംഘം തട്ടിയെടുത്തത് ലക്ഷങ്ങള്‍. കഴിഞ്ഞ അധ്യയനവര്‍ഷം "വിവേകോത്സവം" എന്ന പേരിലാണ് 12.5 ലക്ഷത്തോളം രൂപ വിദ്യാര്‍ഥികളില്‍നിന്ന് എബിവിപി- ആര്‍എസ്എസ് സംഘം പിരിച്ചെടുത്തത്. എന്നാല്‍, പരിപാടി നടത്തിയില്ല. കോളേജിലെ വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധ പിരിവ് നടത്തിയാണ് പണം സ്വരൂപിച്ചത്. ഇതിന്റെ കണക്ക് മാനേജ്മെന്റ ആവശ്യപ്പെട്ടിട്ടും എബിവിപി നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ നല്‍കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല. 12.5 ലക്ഷം രൂപ ഏകദേശ കണക്കാണ്. ഇതില്‍ കൂടുതല്‍ തുക പിരിച്ചെടുത്തതായും സൂചനയുണ്ട്.

വിദ്യാര്‍ഥികളില്‍നിന്ന് നിര്‍ബന്ധിതപിരിവ് പല പരിപാടികളുടെ പേരിലും നടക്കുന്നു. കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സംരക്ഷണംതേടി മാനേജ്മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിവേകോത്സവത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയ വിവരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പിന്തുണ എബിവിപിക്ക് ലഭിക്കുന്നു. ഇതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ആക്രമണരാഷ്ട്രീയത്തിന്റെ പരിശീലനക്കളരിയായി എം ജി കോളേജിനെ മാറ്റിയത്. അഡ്മിഷന്‍ സമയത്ത് വന്‍തുകകളാണ് രക്ഷിതാക്കളില്‍നിന്ന് വാങ്ങുന്നത്. കോളേജില്‍ പ്രവേശനം ലഭിച്ച് എത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നത് ആര്‍എസ്എസ് ശാഖയില്‍ ഉരുവിടുന്ന മന്ത്രങ്ങളുമായിട്ടാണ്. മാതാപിതാക്കളുടെ മുന്നില്‍ വച്ച് പെണ്‍കുട്ടികളുടെ നെറുകയില്‍ ചുവന്ന കുറി തൊടീക്കലും രാഖി കെട്ടലും നടക്കുന്നു. മക്കളുടെ പഠനഭാവിയോര്‍ത്ത് പലരും മൗനംപാലിക്കുകയാണ്.

കൊടിയ മര്‍ദനങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും വിധേയരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. കോളേജ് ഗവേണിങ് കൗണ്‍സിലിന്റെ തീരുമാനംപോലും നടപ്പാക്കാന്‍ ആര്‍എസ്എസ്-എബിവിപി സംഘം അനുവദിച്ചില്ല. ഇതിന്റെ സാക്ഷിപത്രമാണ് കോളേജില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയ്ക്കു മുന്നിലുള്ള എബിവിപിയുടെ കൊടിമരം. 1997ലാണ് സ്വാതന്ത്ര്യസമരത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ദേശീയപതാക ഉയര്‍ത്താന്‍ കോളേജ് ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചത്. ചുമതല പ്രിന്‍സിപ്പലിന് കൈമാറി. ഗാന്ധിപ്രതിമയോടു ചേര്‍ന്ന് നിര്‍മിച്ച പത്മദളമണ്ഡപത്തിനുമുന്നില്‍ കൊടിമരത്തിന് പ്ലാറ്റ്ഫോം നിര്‍മിക്കാനും നടപടിതുടങ്ങി. ഇതറിഞ്ഞ ആര്‍എസ്എസ്-എബിവിപി സംഘം ദേശീയപതാക ഉയര്‍ത്താനുള്ള കൊടിമരം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി അവധിയെടുപ്പിച്ചു. ഒരു രാത്രികൊണ്ട് ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ തീപ്പന്തം ആലേഖനം ചെയ്ത കാവിക്കൊടിമരം ഉയര്‍ന്നു.

deshabhimani

No comments:

Post a Comment