Sunday, May 12, 2013

പോസ്കോ സമരസമിതി നേതാവ് അഭയ് സാഹു അറസ്റ്റില്‍


ഭുവനേശര്‍: ബഹുരാഷ്ട്രകമ്പനിയായ പോസ്കോ ഒഡിഷയിലെ ജഗത്സിങ്പുര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന ഉരുക്കുശാലയ്ക്കെതിരെ സമരത്തിലുള്ള പോസ്കോ പ്രതിരോധ് സന്‍ഗ്രാം സമിതി (പിപിഎസ്എസ്) നേതാവ് അഭയ് സാഹുവിനെ അറസ്റ്റ് ചെയ്തു. പദ്ധതിപ്രദേശത്തെ ബോംബ്സഫോടനമുള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്. കോയമ്പത്തൂരില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകവേ ഭുവനേശ്വറില്‍വച്ചാണ് സാഹുവിനെ അറസ്റ്റ് ചെയ്തത്. സാഹുവിനെതിരെ ചുമത്തിയ 54 കേസില്‍ അമ്പതെണ്ണത്തില്‍ ജാമ്യം എടുത്തിരുന്നു. പദ്ധതിപ്രദേശത്ത് സ്ഥലം ഏറ്റെടുക്കല്‍ തടസ്സപ്പെടുത്തിയതു സംബന്ധിച്ച പുതിയ നാലുകേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. രണ്ടുവര്‍ഷംമുമ്പും സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഉരുക്കുകമ്പനിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 2005 മുതല്‍ പിപിഎസ്എസ് സമരത്തിലാണ്. മാര്‍ച്ച് രണ്ടിന് പദ്ധതിപ്രദേശത്തിനു സമീപം ബോംബ് പൊട്ടി രണ്ടുപേര്‍ മരിച്ചിരുന്നു. ദക്ഷിണകൊറിയന്‍ കമ്പനിയായ പോസ്കോയുടെ 1200 കോടി ഡോളറിന്റെ ഉരുക്കുശാല പദ്ധതിക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഖനനാനുമതി നല്‍കിയത്.

പോസ്കോ: കേന്ദ്രത്തിന് തീരുമാനിക്കാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: ബഹുരാഷ്ട്രകമ്പനിയായ പോസ്കോയ്ക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഖനനത്തിന് അനുമതി നല്‍കിയ സംസ്ഥാനസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഒഡിഷ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. പദ്ധതിയോട് വിവിധ കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതടക്കമുള്ള കാര്യം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ദക്ഷിണകൊറിയന്‍ കമ്പനിയായ പോസ്കോയുടെ 1200 കോടി ഡോളറിന്റെ ഉരുക്കുശാല പദ്ധതിക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഖനനാനുമതി നല്‍കിയത്. കന്ദധാര്‍ ജില്ലയിലെ സുന്ദര്‍ഗഡ് മലനിരകളില്‍ 2,500 ഹെക്ടറില്‍ ഖനനാനുമതി നല്‍കിയാണ് ഒഡിഷ സര്‍ക്കാര്‍ വിജ്ഞാപനം. 2010 ജൂലൈയില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി. ജിയോമിന്‍ മിനറല്‍സ് എന്ന കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. പോസ്കോക്ക് മുമ്പേ ഖനനാനുമതി ലഭിച്ചതാണെന്നും അതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നുമായിരുന്നു ജിയോമിന്‍ മിനറല്‍സിന്റെ ആവശ്യം. ഹര്‍ജി പരിഗണിച്ച ഹെക്കോടതി ഒഡിഷയിലെ എല്ലാ ഖനനവും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പുതിയ തീരുമാനമെടുക്കാനും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഒഡിഷ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമാനുസൃതം നല്‍കിയ ലൈസന്‍സ് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഒഡിഷ സര്‍ക്കാരിന്റെ വാദം. ഏത് കമ്പനിക്ക് ഖനനാനുമതി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഖനനാനുമതി ആവശ്യപ്പെട്ട് ജിയോമിനും മറ്റ് 16 കമ്പനിയും സുപ്രീംകോടതിയെ സമീപിച്ചു. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ഉരുക്ക് കമ്പനിയായ പോസ്കോയുടെ ഉരുക്കുശാലയ്ക്കെതിരെ ഒഡിഷയില്‍ അതിശക്തമായ ജനകീയസമരമാണ് നടക്കുന്നത്.

deshabhimani

No comments:

Post a Comment