Sunday, May 12, 2013

ബംഗാള്‍ പഞ്ചായത്ത് തെര. മൂന്ന്ഘട്ടമായി നടത്തണം: ഹൈക്കോടതി


തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ച തൃണമൂല്‍ സര്‍ക്കാരിന് കനത്ത പ്രഹരം. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പു കമീഷന്‍ ആവശ്യപ്പെട്ടപ്രകാരം കേന്ദ്രസേനയെ വിന്യസിക്കണമെന്നും ജസ്റ്റിസ് വിശ്വനാഥ്സമര്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് നടത്താനുള്ള പൂര്‍ണ അധികാരവും ഉത്തരവാദിത്തവും തെരഞ്ഞെടുപ്പു കമീഷനാണ്. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ഭരണഘടനാ അധികാരമുള്ള സ്വതന്ത്രസംവിധാനമാണ്. തെരഞ്ഞെടുപ്പ് നീതിപൂര്‍വവും സമാധാനപരവുമാകാന്‍ മൂന്നു ഘട്ടമായി നടത്തണമെന്നും ഇതിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നുമാണ് കമീഷന്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മാത്രം മതിയെന്നും കേന്ദ്രസേനയുടെ ആവശ്യമില്ലെന്നുമായിരുന്നു മമത സര്‍ക്കാരിന്റെ നിലപാട്. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഈ തീരുമാനമെന്നും തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാരിനെ അറിയിച്ചു.

എന്നാല്‍, കമീഷന്‍ നിര്‍ദേശം മമത സര്‍ക്കാര്‍ തള്ളി. നിയമവിരുദ്ധവും കമീഷന്റെ അധികാരത്തെ ചോദ്യംചെയ്യുന്ന സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും കമീഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കമീഷനെ നോക്കുകുത്തിയാക്കി പഞ്ചായത്തുകള്‍ പിടിച്ചടക്കാനുള്ള മമത സര്‍ക്കാരിനുള്ള കനത്ത പ്രഹരമായി ഹൈക്കോടതി വിധി. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി സുബ്രതാ മുഖര്‍ജി പറഞ്ഞു. നീതിപൂര്‍വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കമീഷന്‍ നിലപാടിനുള്ള അംഗീകാരമാണ് ഹൈക്കോടതി വിധിയെന്ന് ഇടതുമുന്നണി പ്രസ്താവനയില്‍ പറഞ്ഞു. കോടതിവിധി മാനിച്ച് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണം. ഹൈക്കോടതി വിധിയെ കോണ്‍ഗ്രസും ബിജെപിയും സ്വാഗതം ചെയ്തു. നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി ജൂണ്‍ രണ്ടാം വാരം അവസാനിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തൃണമൂലിന് കനത്ത തിരിച്ചടിയാകുമെന്നു കണ്ടാണ് ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്താന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചത്.
(ഗോപി)

deshabhimani

No comments:

Post a Comment