റിസര്‍വ് ബാങ്ക് വാര്‍ഷിക ധനാവലോകന യോഗത്തില്‍ മുഖ്യ വായ്പാ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചു. സ്വര്‍ണവിലയും ക്രൂഡോയില്‍ വിലയും കാര്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും താഴ്ന്ന സാഹചര്യത്തിലാണ് മുഖ്യ വായ്പാനിരക്കുകളില്‍ കുറവ് വരുത്തിയത്. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.25 ശതമാനമായി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായി കുറച്ചു. റിപ്പോ നിരക്കില്‍ ഒരു ശതമാനം കൂടിയ നിരക്കില്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കുന്ന മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റി(എംഎസ്എഫ്) തുടരും. ഇതനുസരിച്ച് ബാങ്കുകള്‍ക്ക് 8.25 ശതമാനത്തിന് പണം ലഭിക്കും. 2011 മെയ് 9 മുതല്‍ നിലവില്‍ വന്നതാണ് എംഎസ്എഫ്.
ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കുകളില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) നാലു ശതമാനമായി തുടരും. ബാങ്കുകളുടെ പണലഭ്യത വര്‍ധിപ്പിക്കാന്‍ സിആര്‍ആര്‍ നിരക്ക് കുറയ്ക്കണമെന്ന് പൊതുവില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും റിസര്‍വ് ബാങ്ക് അതിന് തയ്യാറായില്ല. റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള മുഖ്യകാരണമായ പണപ്പെരുപ്പവും നിലവില്‍ കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് റിപ്പോ നിരക്കില്‍ ഇളവ് വരുത്തിയത്. കഴിഞ്ഞതവണ റിസര്‍വ് ബാങ്ക് മുഖ്യ വായ്പാനിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നെങ്കിലും ബാങ്കുകള്‍ റിട്ടെയില്‍ വായ്പകളുടെ പലിശനിരക്ക് കുറച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ബാങ്കുകള്‍ കുറഞ്ഞതോതിലെങ്കിലും നിരക്കു കുറയ്ക്കാന്‍ തയ്യാറായേക്കും. പുതിയ വായ്പകള്‍ എടുക്കുന്നവര്‍ക്കെങ്കിലും കുറഞ്ഞ പലിശനിരക്ക് ബാങ്കുകള്‍ നല്‍കാന്‍ ഇടയുണ്ട്.
deshabhimani
No comments:
Post a Comment