Friday, May 3, 2013
വിദഗ്ധസംഘത്തെ അയക്കും: പിണറായി
ആദിവാസികളുടെ ആരോഗ്യപ്രശ്നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘത്തെ സിപിഐ എം അട്ടപ്പാടിയിലേക്ക് അയക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.
അട്ടപ്പാടിയില്‍ ഇപ്പോഴും ഗുരുതര അവസ്ഥയാണ്. 35 ഓളം കുട്ടികള്‍ മരിച്ച സംഭവത്തെ ആത്മാര്‍ഥതയോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിച്ച് മരിച്ച കുട്ടികളുടെ അമ്മമാരെയും ആദിവാസികളെയും കണ്ടശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദയനീയമാണ് അട്ടപ്പാടി ഊരുകളിലെ സ്ഥിതി. ഇതിന് പരിഹാരം കാണാനും പ്രശ്നം സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാനും സിപിഐ എം പരമാവധി ശ്രമിക്കും. ഊരുകളില്‍നിന്നുള്ളവരെയും ആദിവാസികളോട് പ്രതിബദ്ധതയുള്ളവരെയും ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കും. സമിതിയുടെ നേതൃത്വത്തില്‍ അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് വേണ്ട സഹായം ചെയ്യും. പ്രക്ഷോഭമല്ല സമിതികൊണ്ടുദ്ദേശിക്കുന്നത്. അത്തരംകാര്യങ്ങള്‍ പാര്‍ടി ചെയ്യും. ജില്ലാ കമ്മിറ്റി മുന്‍കൈയെടുത്ത് അരിയും പയറും നല്‍കും. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
മരിച്ച കുട്ടികളുടെ അമ്മമാര്‍ ഗുരുതര പോഷകാഹാരക്കുറവ് അനുഭവിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. ഒരു മന്ത്രിക്ക് പ്രത്യേക ചുമതല നല്‍കണം. പ്രതിബദ്ധതയുളള ഉദ്യോഗസ്ഥരെ നിയമിച്ച് പഞ്ചായത്ത്, സാമൂഹ്യക്ഷേമം, ആരോഗ്യം, പട്ടികവര്‍ഗംവകുപ്പുകള്‍ക്ക് ഏകോപനമുണ്ടാക്കണം. മരിച്ച കുട്ടികളുടെ അമ്മമാര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. ആദിവാസി ഭൂമിയുടെ കാര്യത്തില്‍ ക്രിയാത്മകമായ നടപടിയുണ്ടാവണം. അനീമിയ ബാധിക്കാനുള്ള കാരണം പരിശോധിക്കാനും പ്രതിവിധിതേടാനും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. ശുദ്ധജലം നല്‍കാന്‍ നടപടി വേണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ തകിടം മറിച്ചതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല. ഗൈനക്കോളജിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. ആദിവാസി ഉരുകളില്‍നിന്ന് രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനങ്ങളില്ലെങ്കില്‍ സ്വകാര്യവാഹനത്തില്‍പോകാന്‍ ധനസഹായം നല്‍കിയിരുന്നു. രോഗിയുടെ കൂടെ നില്‍ക്കുന്നയാള്‍ക്ക് 60 രൂപ നല്‍കിയിരുന്നു.അതെല്ലാം ഇല്ലാതാക്കി. പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ പഞ്ചായത്തുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. അങ്കണവാടികള്‍ മുഖേന പാല്‍, മുട്ട എന്നിവ ഒരു വര്‍ഷമായി നല്‍കുന്നില്ല. കുട്ടികളുടെ പോഷകാഹാരമായ "അമൃതം" പകുതിയാക്കി.ഗര്‍ഭിണികള്‍ക്കുള്ള 4000 രൂപ കൃത്യമായി നല്‍കുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കുള്ള സഫലപദ്ധതി നടപ്പാക്കുന്നില്ല.പോഷകാഹാരവിതരണത്തില്‍ കോണ്‍ട്രാക്ട് രാജാണ് നടപ്പാക്കുന്നത്. രോഗം വരുത്തുന്ന ആഹാരസാധനങ്ങളാണ് നല്‍കുന്നത്- പിണറായി പറഞ്ഞു.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment