Monday, May 13, 2013
യൂത്ത് കോണ്‍. ഭാരവാഹിത്വത്തില്‍ ഇത്തവണയും വനിതകള്‍ പുറത്ത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തില്‍നിന്ന് ഇത്തവണയും വനിതകളെ ഒഴിവാക്കും. സംസ്ഥാന പ്രസിഡന്റ്സ്ഥാനം മാത്രം ലക്ഷ്യമിട്ട് എ, ഐ ഗ്രൂപ്പുകള്‍ കച്ചമുറുക്കിക്കഴിഞ്ഞതോടെ വനിതകളെ മത്സരിപ്പിക്കാന്‍ ഇരുഗ്രൂപ്പുകളും വിമുഖത കാണിക്കുന്നു. 10 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഒരു പട്ടികജാതി സംവരണ സീറ്റ് ഉള്‍പ്പെടെ വനിതകള്‍ക്കായി മൂന്ന് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങള്‍ ഇതെല്ലാം അട്ടിമറിച്ചാണ് പ്രസിഡന്റ്സ്ഥാനത്തേക്കുമാത്രം മത്സരം ഒതുക്കാന്‍ നീക്കം നടത്തുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട പത്തംഗ കമ്മിറ്റിക്കുപുറമെ 200ല്‍ അധികം വോട്ട് ലഭിക്കുന്നവരെല്ലാം ജോയിന്റ് സെക്രട്ടറിമാരാകും. എന്നാല്‍ വനിതകള്‍ക്കും പട്ടികജാതി സംവരണ സ്ഥാനാര്‍ഥികള്‍ക്കും ഈ പദവി ലഭിക്കാന്‍ 100 വോട്ട്മാത്രം മതി. ഇതിനും അവസരം നല്‍കാതെ വനിതകളെ മാറ്റിനിര്‍ത്തുന്ന ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിലപാട് യൂത്ത് കോണ്‍ഗ്രസില്‍ വനിതകളോട് കാണിക്കുന്ന കടുത്ത അവഗണനയായി ചൂണ്ടികാണിക്കപ്പെടുന്നു.
അതേസമയം പ്രസിഡന്റ്സ്ഥാനത്തില്‍മാത്രം കേന്ദ്രീകരിച്ചുള്ള മത്സരത്തില്‍ വലിയ കാര്യമില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എ, ഐ ഗ്രൂപ്പുകള്‍ മൂന്‍തൂക്കം അവകാശപ്പെടുന്നുണ്ടെങ്കിലും എ ഗ്രൂപ്പിന് 4000ല്‍ അധികം വോട്ടിന്റെ മേല്‍ക്കൈയുണ്ട്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ്സ്ഥാനത്തേക്കുമാത്രം മത്സരിക്കാനുള്ള ഗ്രൂപ്പ് നേതൃത്വങ്ങളുടെ നീക്കം വനിതകളെ ഒഴിവാക്കാന്‍വേണ്ടിയാണെന്ന് വ്യക്തം. അസംബ്ലി, പാര്‍ലമെന്റ് തലങ്ങളിലും ഒരു സ്ഥലത്തും പ്രസിഡന്റ്സ്ഥാനത്തേക്ക് വനിതകളെ മത്സരിപ്പിക്കാന്‍ ഒരു ഗ്രൂപ്പും തയ്യാറായിട്ടില്ല. സംവരണ സീറ്റുകളില്‍മാത്രം വനിതകളെ മത്സരിപ്പിച്ച് അവസരം കൊടുത്തുവെന്ന് വരുത്തിത്തീര്‍ക്കനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ നീക്കം.
രാഹുല്‍ഗാന്ധി ആവിഷ്കരിച്ച പുതിയ തെരഞ്ഞെടുപ്പ് രീതി വനിതകളുടെ അവസരം കുറയ്ക്കുകയാണ് ചെയ്തതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള സംഘടനാ തെരഞ്ഞെടുപ്പ് വരുന്നതിന് തൊട്ടുമുമ്പ് അഡ്വ. എം ലിജു പ്രസിഡന്റായിരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ആറ് വനിതകള്‍ ഉണ്ടായിരുന്നു. 2010 ഡിസംബര്‍ അവസാനം പുതിയ രീതിയിലുള്ള സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്ന കമ്മിറ്റിയില്‍ ഒരു വനിതപോലും ഉണ്ടായിരുന്നില്ല. എ ഗ്രൂപ്പ് ആലുവയില്‍നിന്നുള്ള ജെബി മേത്തറെ മത്സരിപ്പിച്ചെങ്കിലും വോട്ട് കൊടുക്കാതെ പരാജയപ്പെടുത്തി. ഐ ഗ്രൂപ്പ് ഒരു വനിതയെപ്പോലും മത്സരിപ്പിക്കാനും തയ്യാറായിരുന്നില്ല. എ ഗ്രൂപ്പിന് വ്യക്തമായ മുന്‍തൂക്കമുള്ള സാഹചര്യത്തില്‍ കഴിഞ്ഞതവണ മത്സരിപ്പിച്ച ജെബി മേത്തറെ വനിത സംവരണ സീറ്റില്‍ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ട്. എസ്സി വനിത സംവരണ സീറ്റില്‍ മന്ത്രി പി കെ ജയലക്ഷ്മിയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും എ ഗ്രൂപ്പില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണയും വനിതകളെ മത്സരിപ്പിക്കേണ്ടന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനമെന്നാണ് സൂചന. എ ഗ്രൂപ്പിനേക്കാള്‍ 4000 വോട്ടിന് പിന്നില്‍നില്‍ക്കുമ്പോള്‍ എന്തിനാണ് പ്രസിഡന്റ് സ്ഥാനത്തേക്കുമാത്രം മത്സരിച്ച് മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നതെന്ന ചോദ്യം ഗ്രൂപ്പിനുള്ളില്‍ത്തന്നെ ഉയരുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ്വളയങ്ങള്‍ പൊട്ടിച്ച് എത്രപേര്‍ സ്വതന്ത്രരായി മത്സരിക്കാന്‍ മുന്നോട്ടുവരുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
(ജിജോ ജോര്‍ജ്)
deshabhimani 130513
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment