Monday, May 13, 2013
4 വര്‍ഷ ബിരുദകോഴ്സ്: ഡല്‍ഹി സര്‍വകലാശാലാ നടപടി വിവാദത്തിലേക്ക്
ഡല്‍ഹി സര്‍വകലാശാല ബിരുദതലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നാലുവര്‍ഷ ബിരുദകോഴ്സ് വിദ്യാഭ്യാസമേഖലയില്‍ ആശങ്കയുണര്‍ത്തുന്നു. നാലുവര്‍ഷ ബിരുദ കോഴ്സ് നടപ്പാക്കാന്‍ കഴിഞ്ഞയാഴ്ച സര്‍വകലാശാലാ നിര്‍വാഹക കൗണ്‍സില്‍ അംഗീകാരം നല്‍കി. സമാന പരിഷ്കാരം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ബംഗളൂരു സര്‍വകലാശാലയും. പദ്ധതി രാജ്യവ്യാപകമാക്കാനുള്ള നീക്കമാണ് അണിയറയില്‍.
ഡിസംബറിലാണ് ഡല്‍ഹി സര്‍വകലാശാല നാലുവര്‍ഷ ബിരുദകോഴ്സ് പ്രഖ്യാപിച്ചത്. കേവലം ആറുമാസത്തിനകം ഘടനയും പാഠ്യപദ്ധതിയും നിശ്ചയിച്ചു. അക്കാദമിക് മേഖലയുമായി ആലോചിക്കാതെയായിരുന്നിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്തുടരുന്നത് 10+2+3 രീതിയാണ്. ഇതിനുപകരം അമേരിക്കന്‍ സര്‍വകാലശാലകളുടെ 10+2+4 രീതിയിലേക്കാണ് മാറ്റം. മാനവവിഭവശേഷി മന്ത്രിയായിരിക്കെ കബില്‍ സിബലിന്റെ നേതൃത്വത്തില്‍ ഇന്ത്യ-അമേരിക്ക വിദ്യാഭ്യാസ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നാലുവര്‍ഷ കോഴ്സ് നടപ്പാക്കാനുള്ള ശ്രമം.
ഡല്‍ഹി സര്‍വകലാശാലയില്‍ രണ്ടുതരം ബിരുദ കോഴ്സാണുള്ളത്. ഹോണേഴ്സ് കോഴ്സുകളും ജനറല്‍ ബിരുദങ്ങളും. ദരിദ്ര വിദ്യാര്‍ഥികളാണ് പ്രോഗ്രാം കോഴ്സുകള്‍ തെരഞ്ഞെടുക്കുക. വിവിധ കോളേജുകളില്‍ പഠിക്കുന്ന രണ്ടര ലക്ഷം കുട്ടികളില്‍ പകുതിയിലേറെയും ചെയ്യുന്നത് പ്രോഗ്രാം കോഴ്സുകള്‍. നാലുവര്‍ഷ കോഴ്സ് നിലവില്‍ വരുന്നതോടെ പ്രോഗ്രാം കോഴ്സുകളും ഇതിനെ ആശ്രയിക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും പടിക്ക് പുറത്താകും. കലാലയങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് സാധുത നല്‍കുന്നതാണ് പരിഷ്കാരം. നാലുവര്‍ഷ പദ്ധതി അനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ യോഗ്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നതാണ് കാരണം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമയും മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്രാജ്വേഷനും നാല് വര്‍ഷം പഠിക്കുന്നവര്‍ക്ക് ഗ്രാജ്വേഷന്‍ വിത്ത് ഹോണേഴ്സുമാണ് ലഭിക്കുക. രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഡിപ്ലോമാ ബിരുദവുമായി ഭൂരിഭാഗം വിദ്യാര്‍ഥികളും കോളേജ് വിടും. ഉള്ളടക്കത്തില്‍ വരുത്തിയ മാറ്റം മികവ് തകര്‍ക്കും. പുതിയ പദ്ധതിപ്രകാരം പുതുതലമുറ കോഴ്സുകളാണ് ഉള്‍പ്പെടുത്തുന്നത്. പദ്ധതിക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
(പി വി അഭിജിത്)
deshabhimani 130513
ഡിയുവില്‍ 4 വര്‍ഷ ഡിഗ്രി: ധൃതി പാടില്ലെന്ന് സിപിഐ എം
Subscribe to:
Post Comments (Atom)
No comments:
Post a Comment