Wednesday, July 3, 2013

തിരുവഞ്ചൂരിനും ഉറ്റബന്ധം

സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും അടുത്ത ബന്ധം പുലര്‍ത്തിയതായി വ്യക്തമായി. സരിത തിരുവഞ്ചൂരിനെ ഫോണില്‍ പലതവണ വിളിച്ചു. ജനുവരി അവസാനവാരം തുടര്‍ച്ചയായി സരിത തിരുവഞ്ചൂരിനെ ഫോണില്‍ ബന്ധപ്പെട്ടു. 23ന് നാലു മിനിറ്റാണ് സരിതയും തിരുവഞ്ചൂരും സംസാരിച്ചത്. തൊട്ടടുത്ത ദിവസങ്ങളിലും സരിതയുടെ 8606161700 എന്ന മൊബൈല്‍ നമ്പറില്‍ നിന്ന് ആഭ്യന്തരമന്ത്രിയുടെ 9447018116 എന്ന നമ്പറിലേക്ക് വിളിച്ചു. എന്നാല്‍, സരിത തന്നെ വിളിച്ച കാര്യം തിരുവഞ്ചൂര്‍ ഒളിച്ചുവച്ചു. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ആഭ്യന്തരമന്ത്രിയും ഇതോടെ പ്രതിക്കൂട്ടിലായി.

തട്ടിപ്പിലുള്‍പ്പെട്ട നടി ശാലു മേനോന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തത്് സ്ഥിരീകരിക്കാന്‍ നിര്‍ബന്ധിതനായ തിരുവഞ്ചൂര്‍ സരിതയുമായുള്ള ഫോണ്‍ ബന്ധം മറച്ചുപിടിച്ചത് ദുരൂഹമാണ്. "റിപ്പോര്‍ട്ടര്‍" ചാനലാണ് സരിത- തിരുവഞ്ചൂര്‍ ഫോണ്‍ബന്ധം പുറത്തുവിട്ടത്. സരിത അടുത്ത കാലത്ത് ആറ് മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. ഇതില്‍ മുഖ്യമന്ത്രി എപ്പോഴും ഉപയോഗിക്കുന്ന ജോപ്പന്റെയും ഗണ്‍മാന്‍ സലിംരാജിന്റെയും ഫോണുകളിലേക്ക് വിളിച്ചത് മറ്റൊരു നമ്പറില്‍ നിന്നാണ്. തിരുവഞ്ചൂരുമായി സംസാരിച്ചതാകട്ടെ വേറെ നമ്പറില്‍ നിന്നും.

ആഭ്യന്തരമന്ത്രി-സരിതബന്ധം പുറത്തായത് കേസില്‍ വന്‍വഴിത്തിരിവ് സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹവും കുരുക്കിലകപ്പെട്ടത്. അന്വേഷണം വഴിതിരിച്ചുവിടാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള തീവ്രശ്രമം നടക്കുകയാണ്. ശാലു മേനോന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ തിരുവഞ്ചൂര്‍ പങ്കെടുത്തതിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പൊലീസ് കൈക്കലാക്കിയിരുന്നു. തിങ്കളാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കൊടുവില്‍ ശാലുവിന്റെ വീട്പാലുകാച്ചല്‍ ചടങ്ങിന് പോയതായി മന്ത്രി ഗത്യന്തരമില്ലാതെ സമ്മതിച്ചത്. ശാലുവിനെ അറിയില്ല എന്നാണ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും രണ്ടു മിനിറ്റ് എന്നാണ് തിരുവഞ്ചൂര്‍ അവകാശപ്പെട്ടത്.

മുഖ്യമന്ത്രിയുമായി സരിതയ്ക്കും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനുമുള്ള ബന്ധം നേരത്തെ തെളിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും സരിത ഉപയോഗപ്പെടുത്തിയതും തട്ടിപ്പിനിരയായ ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് 40 ലക്ഷം രൂപ സരിതയ്ക്ക് നല്‍കിയതും വെളിച്ചത്തുവന്നിട്ടും സരിതയുമായി തനിക്കുള്ള ബന്ധം തിരുവഞ്ചൂര്‍ മറച്ചുവയ്ക്കുകയായിരുന്നു. ജയില്‍ വാസത്തിനിടയില്‍ ജാമ്യം നേടി പുറത്തിറങ്ങിയ സരിത പുതിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാണ് സെക്രട്ടറിയറ്റും മന്ത്രിമന്ദിരങ്ങളും താവളമാക്കിയത്. ഇത് ഇന്റലിജന്‍സ് വിഭാഗം കണ്ടില്ലെന്ന് നടിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കുലര്‍ അയച്ചതും ഇതുസംബന്ധിച്ച് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കിയതും തിരുവഞ്ചൂരിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ഫോണ്‍ ബന്ധം.

"വിളിച്ചുകാണും"

തിരു: സരിത തന്നെ വിളിച്ചിട്ടുണ്ടാകാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മതിച്ചു. തന്റേത് ഓപ്പണ്‍ ഫോണാണ്. ആയിരക്കണക്കിനാളുകള്‍ ഇന്ത്യക്കകത്തും പുറത്തും നിന്ന് വിളിക്കാറുണ്ട്. ആരൊക്കെയാണ് വിളിക്കുന്നതെന്നും ആരൊക്കെയാണ് വിളിക്കാത്തതെന്നും എങ്ങിനെ പരിശോധിക്കും. തന്റെ ഫോണ്‍കോള്‍ ലിസ്റ്റില്‍ സരിതയുടെ നമ്പറുണ്ടെങ്കില്‍ അതും പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധിക്കട്ടെയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് വിളിക്കുന്നതെന്ന് എങ്ങിനെ അറിയാന്‍ കഴിയുമെന്ന് ചോദിച്ച മന്ത്രി സരിതയുമായി എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തിയില്ല. ഫോണ്‍ വിളിക്കുന്നത് എങ്ങിനെ നിയന്ത്രിക്കും. എങ്ങിനെ നിയന്ത്രണമെന്ന് മാധ്യമങ്ങള്‍ പറഞ്ഞാല്‍ അത് ഏര്‍പ്പെടുത്താമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവഞ്ചൂര്‍ പോയത് ശാലു വിളിച്ചിട്ടുതന്നെ

ചങ്ങനാശേരി: മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശാലുമേനോന്റെ വീട്ടിലെത്തിയതെന്ന് വ്യക്തമായി. എംസി റോഡിലൂടെ കാറില്‍ പോകുന്നയാള്‍ക്ക് ഒരിക്കലും ശാലുവിന്റെ വീട് കാണാന്‍ കഴിയില്ല. കാരണം, എംസി റോഡില്‍ എന്‍എസ്എസ് കോളേജിന് എതിര്‍വശത്തുനിന്ന് തിരിഞ്ഞ് മറ്റൊരു വഴിയിലൂടെ മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ ശാലുവിന്റെ വീട്ടില്‍ എത്താനാകൂ. എംസി റോഡിലൂടെ പോകുമ്പോള്‍ ശാലുവിന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകാട്ടി വിളിച്ചെന്നാണ് തിരുവഞ്ചൂരിന്റെ വാദം. ശാലുവിന്റെ വീട്ടിലേക്ക് എംസി റോഡില്‍ പെരുന്ന എന്‍എസ്എസ് കോളേജ് ജങ്ഷനില്‍ എത്തി അവിടെനിന്ന് ഇടറോഡായ ഹിദായത്ത് റോഡില്‍ പ്രവേശിച്ച് മുക്കാല്‍ കിലോമീറ്റര്‍ സഞ്ചരിക്കണം. ഹിദായത്ത് ജങ്ഷന് തൊട്ടു മുമ്പിലായി ഇടത്തേക്ക് തിരിഞ്ഞ് പിന്നെയും 50 മീറ്റര്‍ ഉള്ളിലേക്ക് യാത്രചെയ്യണം ശാലുവിന്റെ വീട്ടിലെത്താന്‍.

മുഖ്യമന്ത്രിയുടെ മൊഴി എടുക്കണം: കോടിയേരി

കൊച്ചി: മുഖ്യമന്ത്രിയുടെ മൊഴി എടുക്കേണ്ടെന്ന് അന്വേഷണസംഘത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത് കേസന്വേഷണം അട്ടിമറിക്കാനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കണം. കൊച്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫില്‍പ്പെട്ട ടെന്നി ജോപ്പനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സലീംരാജിനെയും ജിക്കുമോനെയും ഒന്നും ചെയ്യാന്‍ പൊലീസിനായിട്ടില്ല. തിരുവഞ്ചൂര്‍ ശാലു മേനോന്റെ വീട്ടില്‍ പോയതായി സമ്മതിച്ചിട്ടുണ്ട്. സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായിട്ടും ശാലുമേനോനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ട്. മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം സോളാര്‍ തട്ടിപ്പുകേസില്‍നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചിത്രം പൊലീസ് നശിപ്പിച്ചത് കംപ്യൂട്ടര്‍ വിദഗ്ധന്റെ സഹായത്താല്‍

ചങ്ങനാശ്ശേരി: പാലുകാച്ചല്‍ ചടങ്ങിന് നടി ശാലു മേനോന്റെ വീട്ടിലെത്തിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് കൈകൊടുക്കുന്ന ചിത്രം നശിപ്പിക്കാന്‍ പൊലീസ് കംപ്യൂട്ടര്‍ വിദഗ്ദ്ധന്റെ സഹായം തേടി. രണ്ടു ദിവസം തുടര്‍ച്ചയായി അമ്പലപ്പുഴ സിഐയും ചങ്ങനാശ്ശേരി സിഐയും നടത്തിയ ശ്രമത്തിനാടുവില്‍ എല്ലാ ചിത്രങ്ങളുടെയും ഓരോ പ്രിന്റ് കൈക്കലാക്കുകയും കംപ്യൂട്ടറില്‍ നിന്ന് അവ മാറ്റുകയും ചെയ്തു. ഇനിയാര് ഫോട്ടോ ചോദിച്ചാലും തന്നെ കാണാന്‍ പറഞ്ഞാല്‍ മതിയെന്നാണ് പുഴവാത് സ്വദേശിയായ ഫോട്ടോഗ്രാഫര്‍ സണ്ണിക്ക് ചങ്ങനാശ്ശേരി സിഐ നല്‍കിയ നിര്‍ദേശം.

ബിജു രാധാകൃഷ്ണന്‍ പിടിയിലായ ഉടനെ അമ്പലപ്പുഴ സിഐ പി വി ബേബി വീട്ടിലെത്തിയതായി സണ്ണി "ദേശാഭിമാനി"യോട് പറഞ്ഞു. അദ്ദേഹം പാലുകാച്ചല്‍ ചടങ്ങിനെത്തിയ സന്ദര്‍ശകരെയും അവരുടെ ചിത്രങ്ങളെയും കുറിച്ചു ചോദിച്ചു. പിറ്റേന്ന് ചങ്ങനാശ്ശേരി സിഐ നിഷാദ്മോന്‍ കംപ്യൂട്ടര്‍ വിദഗ്ധനുമായി എത്തി. എല്ലാ ഫോട്ടോകളും കൈക്കലാക്കി. കംപ്യൂട്ടറിലും പരിശോധന നടത്തി. ചിത്രങ്ങള്‍ നശിപ്പിച്ചു. ഏതെങ്കിലും ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം സ്റ്റേഷനില്‍ എത്തിക്കാനും ഭീഷണി സ്വരത്തില്‍ പറഞ്ഞു. ""ആരെങ്കിലും ചോദിച്ചു വന്നാല്‍ അവന്മാരോട് എന്നെ വന്ന് കാണാന്‍ പറ"" എന്നു പറഞ്ഞാണ് സിഐ മടങ്ങിയത്. സഹായിയായി പ്രസാദ് എന്ന പൊലീസുകാരനും ഒപ്പമുണ്ടായിരുന്നു.

നാലു മണിക്കായിരുന്നു പാലുകാച്ചല്‍ ചടങ്ങ്. ആ സമയം ഉണ്ടാകണമെന്നായിരുന്നു ഫോട്ടോഗ്രാഫറോട് ശാലുമേനോന്‍ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് രാവിലെ പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പോയി. ഉച്ചക്ക് ശാലു വീണ്ടും വിളിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഉച്ചക്കുതന്നെ എത്തുമെന്നും ഉടന്‍ വരാനും നിര്‍ദേശിച്ചു. വേഗം സ്ഥലത്തെത്തി. നൂറുകണക്കിന് ഫോട്ടോകള്‍ എടുത്തു. പ്രതിഫലമായി 41,000 രൂപയും ശാലു നല്‍കിയെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
(ടി ഹരി)

deshabhimani

No comments:

Post a Comment