Wednesday, July 3, 2013

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ആര്‍ കെയ്ക്കും "പ്രതി"ഛായ

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ആര്‍ കെ ബാലകൃഷ്ണനും സംശയനിഴലില്‍. പതിറ്റാണ്ടുകളായി ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയായ കണ്ണൂര്‍ സ്വദേശിയുടെ പേര് ഇപ്പോഴാണ് സജീവമായി പ്രത്യക്ഷപ്പെടുന്നതെങ്കിലും കോണ്‍ഗ്രസില്‍ ഇക്കാര്യം നേരത്തെ ചര്‍ച്ചയായിരുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ കെ അറിയാതെ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ഒന്നും സംഭവിക്കില്ല. മട്ടന്നൂരിനടുത്ത് എടയന്നൂര്‍ സ്വദേശിയായ ആര്‍ കെ കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്ന കെ പി നൂറുദ്ദീന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി. ഉമ്മന്‍ചാണ്ടി എംഎല്‍എയും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാമായപ്പോള്‍ ആര്‍ കെയും ഒപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയും ഐഎഎസുകാരുടെയും സ്ഥലംമാറ്റവും ഇദ്ദേഹമാണ് നിയന്ത്രിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് ആര്‍ കെയുടെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയും മന്ത്രിപ്പടയും വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും കണ്ണൂരില്‍ എത്തിയിരുന്നു. ഈ ചടങ്ങില്‍ സരിതാ നായര്‍ പങ്കെടുത്തതായും പറയപ്പെടുന്നു. ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും പകര്‍ത്തിയവരെ സ്വാധീനിച്ച് ഇതിന്റെ തെളിവ് നശിപ്പിച്ചതായാണ് വിവരം.

കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കാനുള്ള ധൃതപിടിച്ചുള്ള നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ സഹായമുള്ളതായി സൂചനയുണ്ടായിരുന്നു. സിന്‍ഡിക്കറ്റ് അംഗമാണ് ഇതിന് ചരടുവലിച്ചത്. സൗരോര്‍ജ പദ്ധതി നടപ്പാക്കുമെന്ന സര്‍വകലാശാലാ ബജറ്റിലെ നിര്‍ദേശം മറയാക്കി രണ്ടു കോടി സര്‍ക്കാരില്‍നിന്ന് അനുവദിപ്പിക്കാനാണ് ശ്രമിച്ചത്. പ്രൊജക്ടുപോലും തയ്യാറാക്കാത്ത പദ്ധതിക്കായുള്ള ഇടപെടല്‍ സംശയാസ്പദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമ്മര്‍ദം ചെലുത്തി പദ്ധതിക്ക് രണ്ടു കോടി വാങ്ങിയെടുക്കുമെന്ന് സര്‍വകലാശാലയിലെ ഉന്നതരും പ്രഖ്യാപിച്ചിരുന്നു. ഈ ഇടപാടും ആര്‍ കെയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഇടപാടുകാരെ വീഴ്ത്താന്‍ സരിത പെണ്‍കുട്ടികളെയും ഉപയോഗിച്ചു

പുതുപ്പള്ളി: സോളാര്‍ തട്ടിപ്പിന് ഇടപാടുകാരെ വീഴ്ത്താന്‍ സരിത നിരവധി പെണ്‍കുട്ടികളെയും ഉപയോഗിച്ചതായി സൂചന. ഇടുക്കി ജില്ലയിലാണ് പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടുതലും നടത്തിയത്. 75ലക്ഷം രൂപ നഷ്ടപ്പെട്ട മൂന്നാറിലെ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ പരാതി നല്‍കാത്തത് മാനക്കേട് ഭയന്നാണെന്ന് പുതുപ്പള്ളി സ്വദേശി ആയ മൂന്നാറിലെ തേയിലത്തോട്ടം ഉടമ ദേശാഭിമാനിയോട് പറഞ്ഞു. കാറ്റാടിയന്ത്രം സ്ഥാപിച്ച് വൈദ്യുതി നല്‍കാം എന്ന് അറിയിച്ച് എത്തുന്ന സരിതയ്ക്ക് ഒപ്പം സുന്ദരികളായ രണ്ട് പെണ്‍കുട്ടികളും ഡ്രൈവറും ഉണ്ടാവും. റിസോര്‍ട്ട്- തേയിലത്തോട്ടം ഉടമകളെയാണ് ലക്ഷ്യമിടുന്നത്. ഇവര്‍ കുട്ടികളുമായി അടുത്തിടപെഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സരിത രഹസ്യമായി പകര്‍ത്തും. കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പില്‍ മുഴുവന്‍ പണവും വാങ്ങും. പിന്നീട് ഫോണ്‍ വിളിക്കുമ്പോഴാണ് തന്റെ കൈവശമുള്ള ദൃശ്യങ്ങളുടെ കാര്യം സരിത സൂചിപ്പിക്കുക. "ഭാര്യയോട് പറയണോ" എന്ന ചോദ്യവും ഉണ്ടാകും. ഇതോടെ വെട്ടിലാകുന്നവര്‍ മാനക്കേട് ഭയന്ന്, നഷ്ടപ്പെട്ട പണത്തെക്കുറിച്ച് ഇപ്പോഴും വെളിയില്‍ പറയാതിരിക്കുകയാണ്.

പുതുപ്പള്ളി സ്വദേശിയുടെ സുഹൃത്തിനോട് കാറ്റാടിയന്ത്രത്തിന്റെ മൂന്ന് യൂണിറ്റ് സ്ഥാപിക്കാം എന്നാണ് സരിത ഉറപ്പ് നല്‍കിയത്. ഒരു യൂണിറ്റിന് 25 ലക്ഷം രൂപ വീതം നല്‍കണം എന്നായിരുന്നു വ്യവസ്ഥ. ഇതില്‍ 15 ലക്ഷം രൂപ സബ്സിഡി ആയി ഒരു യൂണിറ്റിന് ലഭിക്കുമെന്നും പറഞ്ഞു. പക്ഷേ തുക മുഴുവന്‍ ആദ്യം നല്‍കണമെന്നും വ്യവസ്ഥ വച്ചു. സബ്സിഡി തുകയുടെ ചെക്ക് സരിത നല്‍കുകയും ചെയ്തു. ഒരു യൂണിറ്റ് സ്ഥാപിച്ചെങ്കിലും ഇത് റിസോര്‍ട്ടില്‍നിന്നുള്ള വൈദ്യുതി രഹസ്യമായി എടുത്താണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. സരിത പണം വാങ്ങി പോയി ഒരാഴ്ച കഴിഞ്ഞ് വൈദ്യുതി കണക്ഷന്‍ നീക്കി. അതോടെ കാറ്റാടിയന്ത്രം നിലച്ച് പ്രവര്‍ത്തനരഹിതമായി. സരിതയെ വിളിച്ചപ്പോള്‍ ആദ്യം ഒഴിവുകള്‍ പറഞ്ഞു. പിന്നീട് പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് വിശ്വാസം നേടിയതിനാല്‍ മൂന്നു യൂണിറ്റിന്റെ 75ലക്ഷം രൂപയും സരിത വാങ്ങി. 50ലക്ഷം രൂപയുടെ തട്ടിപ്പിന് നാലുപേരും 25ലക്ഷം രൂപയുടെ തട്ടിപ്പിന് ഒരാളും ഇരയായി എന്നാണ് സൂചന. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളിലാണ് ഈ തട്ടിപ്പുകളെല്ലാം നടന്നത്. ഇതില്‍ 25ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെയും സരിതയുടെയും വലയില്‍ വീഴാതിരുന്ന പുളിയന്‍മല സ്വദേശി ആയ എസ്റ്റേറ്റ് ഉടമ നടരാജനാണ് ഹൈക്കോടതിയില്‍ പരാതിയുമായി പോയത്.
(വി എം പ്രദീപ്)

deshabhimani

No comments:

Post a Comment