അയോധ്യയിൽ ഭൂമിപൂജ ആഘോഷമാക്കാൻ കോൺഗ്രസും; ക്ഷേത്രനിർമ്മാണം രാജീവ് ഗാന്ധി ആഗ്രഹിച്ചതാണെന്ന് ദിഗ്‌വിജയ് സിങ്
ന്യൂഡൽഹി > അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജ മുൻനിർത്തി കോൺഗ്രസ് ആഘോഷം സംഘടിപ്പിക്കും. മധ്യപ്രദേശിൽ ആഗസ്‌ത് നാലിന് ‘ഹനുമാൻ ചാലിസ’ സംഘടിപ്പിക്കാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ് ആഹ്വാനം ചെയ്‌തു. ഭോപാലിലെ വസതിയിൽ കമൽനാഥ് ഹനുമാൻ ചാലിസയ്‌ക്ക് നേതൃത്വം നൽകും.
അയോധ്യയിൽ ക്ഷേത്രനിർമാണം രാജീവ് ഗാന്ധി ആഗ്രഹിച്ചതാണെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദിഗ്‌വിജയ് സിങ് ട്വിറ്ററിൽ കുറിച്ചു. രാമഭഗവാൻ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താലാണ് രാജ്യമാകെ മുന്നോട്ടുനീങ്ങുന്നത്. അയോധ്യയിൽ ഗംഭീരമായ രാമക്ഷേത്രമാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അന്തരിച്ച രാജീവ് ഗാന്ധിയും ഇത് യാഥാർഥ്യമാകാൻ താൽപ്പര്യപ്പെട്ടിരുന്നു–- ദിഗ്‌വിജയ് സിങ് പറഞ്ഞു.
'രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ'; രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്
ന്യൂഡല്‍ഹി> അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച് കമല്‍നാഥ് രംഗത്തെത്തിയിരിക്കുന്നത്.
'ഈ രാജ്യത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ നോക്കുകയായിരുന്നു ഇതിന്റെ നിര്‍മാണം. എല്ലാ ഇന്ത്യക്കാരുടേയും സമ്മതത്തോടെയാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുക. ഇത് ഇന്ത്യയില്‍ മാത്രമെ സാധ്യമാകു. രാമചന്ദ്രന്‍ ജയിക്കട്ടെ, ഹനുമാന്‍ ജയിക്കട്ടെ'; കമല്‍നാഥ് സന്ദേശത്തില്‍ പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് കമല്‍നാഥ് രാമക്ഷേത്ര നിര്‍മാണത്തിന് പൂര്‍ണ പിന്തുണ നല്‍കിയത്. ആഗസ്റ്റ് അഞ്ചിനാണ് അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രം പണിയുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങ് നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ചടങ്ങില്‍ 50
വിഐപികള്‍ക്കൊപ്പം പങ്കെടുക്കുമെന്നാണ് വിവരം
മാധവ് ഗൊഡ്‌ബൊളെ പറയുന്നു ‘രാജീവ് ഗാന്ധി രണ്ടാം കർസേവകൻ’
ന്യൂഡൽഹി> ‘രാജീവ് ഗാന്ധിയാണ് രണ്ടാം കർസേവകൻ. ഒന്നാമൻ 1949ൽ പള്ളിയിൽ രാമവിഗ്രഹം ഒളിച്ചുകടത്താൻ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്‌ട്രേട്ട് കെ കെ നായർ. പള്ളി പൊളിച്ചപ്പോൾ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങാണ് മൂന്നാമൻ. നാലാം സ്ഥാനത്ത് ആരെന്ന് പറയുക എളുപ്പമല്ല. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു അടക്കം നിരവധി പേർക്ക് അര്‍ഹതയുണ്ട്’–- 1992ൽ സംഘപരിവാർ തീവ്രവാദികൾ ബാബ്‌റി മസ്‌ജിദ് പൊളിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായരിന്നു മാധവ് ഗൊഡ്‌ബൊളെയുടെ വാക്കുകളാണിത്. കടുത്ത നിയമലംഘനമാണ് നടന്നതെന്ന് ബോധ്യമുള്ള മനുഷ്യൻ. 1993 മാർച്ചിൽ, 18 മാസം സർവീസ് ശേഷിക്കെ അദ്ദേഹം ജോലി രാജിവച്ചു.
തർക്കം പരിഹരിക്കാൻ 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിക്ക് നിരവധി അവസരമുണ്ടായിരുന്നുവെന്ന് ‘രാംമന്ദിർ–- ബാബറി മസ്‌ജിദ് ഡിലെമ: ആൻ ആസിഡ് ടെസ്റ്റ് ഫോർ ഇന്ത്യാസ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്‌തകത്തിൽ മാധവ് ഗൊഡ്‌ബൊളെ വെളിപ്പെടുത്തിയിരുന്നു.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജയ്‌ക്ക് വിളിക്കാത്തതില്‍ പരിഭവിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് പത്തുമാസം മുമ്പ് പ്രകാശനം ചെയ്ത പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമേറുന്നത്. ബാബ്റി ഭൂമിയില്‍ ക്ഷേത്രം യാഥാർഥ്യമാക്കാന്‍ രാജീവ്ഗാന്ധിയെടുത്ത താൽപ്പര്യം ബിജെപി വിസ്മരിച്ചെന്ന പരിഭവമാണ് മുതിര്‍ന്ന നേതാക്കളായ ദിഗ് വിജയ് സിങ്ങിന്റെയും കമല്‍നാഥിന്റെയും വാക്കുകളിൽ നിഴലിക്കുന്നത്.
പരിഹാര നിർദേശം തള്ളിക്കളഞ്ഞു
രാജീവ് ഗാന്ധിയുടെ നിഗൂഢമായ പ്രവര്‍ത്തനത്തെ മാധവ് ഗൊഡ്‌ബൊളെ തെളിവ് സഹിതം വിവരിക്കുന്നു: 1984– - 1989 കാലഘട്ടത്തില്‍ പ്രശ്നം രാഷ്ട്രീയവിവാദമായി മാറിയിരുന്നില്ല. നിരവധി പരിഹാരനിർദേശം ഉയർന്നു. പള്ളി സർക്കാർ ഏറ്റെടുത്ത് പ്രത്യേക നിയമത്തിലൂടെ പൗരാണിക സ്‌മാരകമായി നിലനിർത്തുക, പള്ളിയോട് ചേർന്നുള്ള സ്ഥലത്ത് ക്ഷേത്രം പണിയുക എന്ന നിര്‍ദേശംവച്ചത് ബാബ്‌റി മസ്‌ജിദ് ആക്‌ഷൻ കമ്മിറ്റി അംഗം സയ്യിദ് ഷഹാബുദ്ദീന്‍. സമാനനിർദേശം അന്ന് കേന്ദ്രമന്ത്രിയായിരുന്നൂ കരൺ സിങ്ങും വച്ചു. പ്രശ്‌നപരിഹാരത്തിന് രാജീവ് ഗാന്ധി മെനക്കെട്ടില്ല. 1989ൽ പള്ളി തുറന്ന് അമ്പലം പണിക്കുള്ള ശിലാന്യാസത്തിന് രാജീവ് അനുമതി നൽകി. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണം രാജീവ് ആരംഭിച്ചത് അയോധ്യയിൽനിന്നാണ്. ഹിന്ദു പ്രീണനമായിരുന്നു ലക്ഷ്യമെന്നും ഗൊഡ്‌ബൊളെ അടിവരയിടുന്നു.
എം പ്രശാന്ത‌്
No comments:
Post a Comment