Sunday, October 11, 2020

പി ടി തോമസ്‌ കൂട്ടുനിന്നത്‌ നിർധന കുടുംബത്തെ ചതിക്കാൻ; കരാർ രേഖ പുറത്ത്‌

 ഇടപ്പള്ളിയിലെ പാവപ്പെട്ട കുടുംബത്തോട്‌ റിയൽ എസ്‌റ്റേറ്റുകാരൻചെയ്‌ത കൊടുംവഞ്ചനയ്‌ക്ക്‌‌‌ പി ടി തോമസ്‌എംഎൽഎ കൂട്ടുനിൽക്കുകയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന രേഖകൾ പുറത്ത്‌. കുടിയൊഴിയുന്ന സ്ഥലത്തിന്‌ പകരം നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും നൽകാമെന്ന്‌ 1998ൽ റിയൽ എസ്‌റ്റേറ്റുകാരൻ വി എസ്‌ രാമകൃഷ്‌ണൻ ചാരോത്ത്‌ ദിനേശന്‌ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. അത്‌ മറച്ചുവച്ചാണ്‌ സ്ഥലമൊഴിപ്പിക്കാൻ പി ടി തോമസ്‌ ഇടനിലക്കാരന്റെ വേഷമിട്ടത്‌.

1998 ജൂലൈ മൂന്നിന്‌ ചാരോത്ത്‌ ദിനേശനും വി എസ്‌ രാമകൃഷ്‌ണനും ഒപ്പിട്ടാണ്‌ കരാറുണ്ടാക്കിയത്‌. 50 രൂപയുടെ മുദ്രപ്പത്രത്തിലായിരുന്നു കരാർ. ഇടപ്പള്ളി തെക്ക്‌ വില്ലേജിൽ സർവേ നമ്പർ 147/ 5 ബിയിൽപ്പെട്ട നാല്‌ സെന്റ്‌ സ്ഥലവും കെട്ടിടവും ദിനേശനും കുടുംബവും ഒഴിയാൻ തയ്യാറായതിനെ തുടർന്നായിരുന്നു കരാർ. കണ്ണന്തോടത്തു കുടുംബത്തിൽനിന്ന്‌ അതുൾപ്പെടുന്ന രണ്ടേക്കറോളം സ്ഥലം രാമകൃഷ്‌ണൻ തീറുവാങ്ങിയെന്ന്‌ കരാറിൽ പറയുന്നു.

കരാറിൽ അഞ്ച്‌ വ്യവസ്ഥകളാണുള്ളത്‌. ആദ്യ വ്യവസ്ഥ : ഒന്നാംപാർട്ടി (വി എസ്‌ രാമകൃഷ്‌ണൻ) കണ്ണന്തോടത്തു തറവാട്ടിൽനിന്ന്‌ തീറുവാങ്ങുന്ന സ്ഥലത്തിൽപ്പെട്ട സർവേ നമ്പർ 147/ 3എയിൽ റോഡരികിൽ നാല്‌ സെന്റ്‌ സ്ഥലം രണ്ടാംപാർട്ടി (ദിനേശൻ)യുടെ പേരിൽ വില കൂടാതെ ആധാരം രജിസ്‌റ്ററാക്കി കൊടുത്തുകൊള്ളാമെന്ന്‌ ഒന്നാംപാർട്ടി സമ്മതിച്ചിരിക്കുന്നു. രണ്ടാമത്തെ വ്യവസ്ഥയിൽ പകരം നൽകുന്ന സ്ഥലത്ത്‌ ദിനേശന്റെ കെട്ടിടത്തിന്‌ സമാനമായ കെട്ടിടവും രാമകൃഷ്‌ണൻ നിർമിച്ച്‌ നൽകണം.  അപ്പോൾമാത്രം കൈവശമുള്ള സ്ഥലവും കെട്ടിടവും ഒഴിഞ്ഞാൽ മതിയെന്നും വ്യവസ്ഥയിലുണ്ട്‌. രണ്ട്‌ സാക്ഷികൾ മുമ്പാകെ ഒപ്പിട്ട കരാറിലെ ബാധ്യതകളിൽനിന്ന്‌ രാമകൃഷ്‌ണനെ രക്ഷിക്കാനായിരുന്നു പി ടി തോമസിന്റെ തന്ത്രപരമായ ഇടപെടൽ.

രണ്ടുകോടിയോളം വിലയുള്ള ഭൂമിക്ക്‌ 1.35 കോടി രൂപവരെ നൽകാൻ നേരത്തെ രാമകൃഷ്‌ണൻ തയ്യാറായിരുന്നു. പിന്നീടത്‌ ഒരുകോടി മൂന്നു ലക്ഷമാക്കി. എന്നിട്ടും വീട്ടുകാർ ഒഴിയാൻ തയ്യാറായിരുന്നു. അതിനിടെയാണ്‌‌ ഇടനിലക്കാരനായി പി ടി തോമസ്‌ വന്നതും മൊത്തം തുക 80 ലക്ഷമായി കുറച്ചതും.

മറുപടി എവിടെ? വാദങ്ങളെല്ലാം ഉത്തരമില്ലാതെ വിറയ്ക്കുന്നു

കൊച്ചി > കള്ളപ്പണമുപയോഗിച്ചുള്ള ഇടപ്പള്ളിയിലെ ഭൂമിയിടപാടിൽ ‘മധ്യസ്ഥത’നായ പി ടി തോമസ്‌ എംഎൽഎ ഉത്തരം പറയേണ്ടത്‌ നിരവധി ചോദ്യങ്ങൾക്കാണ്‌. ഇടപാടിന്റെ പിന്നിലെ കഥകൾക്കായി അദ്ദേഹം നടത്തിയ വാദങ്ങൾ ഓരോന്നും അദ്ദേഹത്തിന്റെ കൈകൾ പോലെ ഉത്തരമില്ലാതെ വിറയ്‌‌ക്കുന്നു‌.

റിയൽ എസ്‌റ്റേറ്റുകാരനായ രാമകൃഷ്‌ണനുവേണ്ടി  മധ്യസ്ഥപ്പണി ചെയ്‌ത തോമസ്‌ കള്ളപ്പണം ഇടപാടിന്‌ കൂട്ടു നിൽക്കുകമാത്രമായിരുന്നില്ല; വ്യാജരേഖ ചമയ്‌ക്കുകയുമായിരുന്നു. ബാങ്കുവഴി നടത്തുന്നുവെന്ന്‌ രേഖയുണ്ടാക്കിയ ഇടപാടിനാണ്‌ രണ്ട്‌ ബാഗിലായി 40 ലക്ഷം കൊണ്ടുവന്നത്‌. ഇക്കാര്യം അറിയാമെന്ന്‌ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്‌.

തന്റെ ഡ്രൈവറായിരുന്നയാളുടെ കുടുംബത്തെ സഹായിക്കാനാണ്‌ ഇടപെട്ടതെന്നും അദ്ദേഹം ഇടപ്പള്ളി സ്‌റ്റേഷൻ ആക്രമണ കേസിലുള്ള ചാരോത്ത്‌ ദിനേശൻ എന്ന പഴയ കമ്യൂണിസ്‌റ്റിന്റെ മകനാന്നെും പറഞ്ഞ പി ടി തോമസ് എന്തുകൊണ്ട്‌‌ അവർക്ക്‌ അവകാശപ്പെട്ട ന്യായമായ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തില്ലെന്ന്‌ ചോദ്യമുയരുന്നു.

● റിയൽ എസ്‌റ്റേറ്റുകാരൻ 1998ൽ ദിനേശനുമായുണ്ടാക്കിയ കരാറിനെക്കുറിച്ച്‌ പി ടി തോമസ്‌ അറിഞ്ഞില്ലേ?

●  കുടിയൊഴിയുന്ന കുടുംബത്തിന്‌ സൗജന്യമായി സ്ഥലവും കെട്ടിടവും നൽകാമെന്ന കരാർ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നോ?

 ●നേരത്തെ 1.35 കോടി നൽകാമെന്ന്‌ സമ്മതിച്ച ഇടപാട്‌ 80 ലക്ഷമാക്കി കുറച്ച്‌ എംഎൽഎ സഹായിച്ചത്‌ ആരെ?

 ● എൺപത്‌ ലക്ഷത്തിന്റെ കരാർ ഒപ്പിടാൻ 40 ലക്ഷം മാത്രം കൊണ്ടുവന്നത്‌ മറ്റൊരു തട്ടിപ്പല്ലെ?

 ●  മധ്യസ്ഥത പൂർത്തിയാക്കാതെ തിരക്കിട്ട്‌ സ്ഥലം വിട്ടത്‌ എന്തിന്‌?

 ബാഗുകളിൽ കള്ളപ്പണമാണെന്നറിഞ്ഞിട്ടും നിയമവിരുദ്ധ ഇടപാട്‌ തടയാഞ്ഞതെന്ത്‌?

● ആദായനികുതി ഉദ്യോഗസ്ഥരെ കണ്ടിട്ടും വിവരം അന്വേഷിക്കാതെ ഓടിരക്ഷപ്പെട്ടത് ‌എന്തിന്‌?

 റിയൽ എസ്‌റ്റേറ്റുകാരനുമായുള്ള ദീർഘകാല അടുപ്പം  എന്തുകൊണ്ട്‌ മറച്ചുവച്ചു?

● കെട്ടിടം ഇടിച്ചുനിരത്താനുള്ള മണ്ണുമാന്തി യന്ത്രം കരാർ ഒപ്പിടും മുമ്പുതന്നെ കൊണ്ടുവന്നത്‌ എന്തിന്‌?

● കരാർ ഒപ്പിടുവിച്ച്‌ പണം കൈമാറി  പാവപ്പെട്ട കുടുംബത്തെ ആദായനികുതിക്കേസിൽ കുടുക്കുകയായിരുന്നോ ലക്ഷ്യം?

● കരാറുകാരൻ കൊണ്ടുവന്ന 40 ലക്ഷത്തിനു പുറമെ വീട്ടിൽ നിന്നും പിടികൂടിയ 40 ലക്ഷവും ഓഫീസിൽ നിന്നും പിടിച്ച 10 ലക്ഷവും ആർക്കു നൽകാനുള്ളതായിരുന്നു?

ഗൗരവതരം: മുഖ്യമന്ത്രി

തിരുവനന്തപുരം > പി ടി തോമസ്‌ എംഎൽയുമായി ബന്ധപ്പെട്ട കള്ളപ്പണ വാർത്തയിൽ കണ്ട കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പരാതി സർക്കാരിന്‌ വന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മറ്റ്‌ കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട നടപടികളിലേക്ക്‌ സ്വാഭാവികമായും കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി മൗനം ദുരൂഹം: ഡിവൈഎഫ്ഐ

തിരവുവനന്തപുരം > കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപിയുടെ മൗനം ദുരൂഹമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. വിഷയത്തിൽ പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായിക്കഴിഞ്ഞു. സമ്പദ്‌വ്യയവസ്ഥയെ ബാധിക്കുന്ന ഇടപാടിന്റെ  ഉറവിടം അന്വേഷിക്കേണ്ടത്‌ എൻഫോഴ്‌സ്‌മെന്റാണ്‌. പിഎംഎൽഎ ആക്ടിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും കണ്ടെത്തണം. കേന്ദ്ര ഏജൻസികളോ ബിജെപി നേതാക്കളോ വിഷയത്തിൽ അഭിപ്രായംപോലും പറഞ്ഞിട്ടില്ല. ഇത്‌ കോൺഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ  പ്രകടമായ തെളിവാണ്.

എന്തിനും ഏതിനും ദിവസവും പത്രസമ്മേളനം വിളിക്കുന്ന കെ സുരേന്ദ്രൻ ഈ വിഷയം അറിഞ്ഞമട്ടില്ല. ബിജെപിയും കോൺഗ്രസും കേരളത്തിൽ സഖ്യകക്ഷികളെപ്പോലെ ആയിക്കഴിഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള  ഉപകരണമായി കേന്ദ്ര അന്വേഷണ ഏജൻസികളെ മാറ്റിക്കഴിഞ്ഞു. ഈ നിശ്ശബ്ദത അതിന്റെ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

പറയുന്നതിൽ ന്യായമില്ല: മാർ മിലിത്തോസ്

മല്ലപ്പള്ളി > കള്ളപ്പണ ഇടപാടിൽ കോൺഗ്രസ് എംഎൽഎ പി ടി തോമസിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്‌സ്‌ സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തോസ്‌ മെത്രാപോലീത്താ.നാൽപ്പത്‌ ലക്ഷം രൂപ കൈമാറുന്നത്‌ കാണുമ്പോൾ അത്‌ നിയമ വിരുദ്ധമാണെന്ന് കക്ഷികളെയും, ആദായ നികുതി വകുപ്പധികൃതരെയും അറിയിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിയമനിർമാണ സഭാംഗമായ പി ടി തോമസിനുണ്ട്‌. ഭീമമായ നിയമവിരുദ്ധ ഇടപാടിന് ഒപ്പം നിന്നിട്ട് പറയുന്ന ന്യായത്തിനും നീതീകരണമില്ല. സാധാരണ പൗരന്റെ ജാഗ്രതപോലും ഒരു നിയമസഭാംഗം പുലർത്തിയില്ലെന്നത് ഗൗരവത്തോടെ കാണണമെന്നും മാർ മിലിത്തോസ്‌ പറഞ്ഞു.

വീണ്ടും ‘ഭയ്യാ ഭയ്യാ...’; പരസ്‌‌പരം കുറ്റം പറയാമോ

തിരുവനന്തപുരം > കള്ളപ്പണ ഇടപാടിലെ പി ടി തോമസ്‌ എംഎൽഎയുടെ സാന്നിധ്യം  ബിജെപി അറിഞ്ഞിട്ടേയില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെ സത്യപ്രതിജ്‌ഞാലംഘനവും മറ്റ്‌ വിവാദങ്ങളും കോൺഗ്രസും കേട്ടമട്ടുമില്ല. സ്വർണക്കടത്തുകേസിൽ വി മുരളീധരനും ഐഫോൺ വിവാദത്തിൽ രമേശ്‌ ചെന്നിത്തലയും അകപ്പെട്ടപ്പോൾ പ്രകടമായ കോൺഗ്രസ്‌–-ബിജെപി  ധാരണയാണ്‌ ഇപ്പോൾ കൂടുതൽ വ്യക്തമാകുന്നത്‌.

പി ടി തോമസ്‌ എംഎൽയുടെ വിഷയം ചർച്ചചെയ്‌ത വെള്ളിയാഴ്‌ചത്തെ ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പങ്കെടുത്തില്ല. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന 80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാടിൽ‌ ഒരുവരി പ്രസ്താവനപോലുമില്ലാതെയാണ്‌ ബിജെപിയുടെ മൗനം‌. മേഖലായോഗങ്ങളുമായി ബന്ധപ്പെട്ട്‌ പലവട്ടം നേതാക്കൾ മാധ്യമങ്ങളെ കണ്ടെങ്കിലും പി ടി തോമസ്‌ വിഷയത്തിൽ പ്രതികരിച്ചില്ല. കള്ളപ്പണത്തിനെതിരെ പോരാടുന്നുവെന്ന്‌ വീമ്പിളക്കുന്ന ബിജെപി നേതൃത്വത്തിൽനിന്ന്‌‌ ഇക്കാര്യം അന്വേഷിക്കണമെന്ന പ്രസ്തവനപോലുമില്ല. 

മുരളീധരൻ വിഷയത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കും പരാതിയില്ല. സിപിഐ എം അനുഭാവിക്കുനേരെ ആരോപണമുയർന്നാൽ ഉടൻ വാർത്താസമ്മേളനം വിളിച്ച്‌ മത്സരിച്ച്‌ ആരോപണമുന്നയിക്കുന്നതാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും രീതി. വൈകിട്ട്‌ കെപിസിസി പ്രസിഡന്റ്‌ പ്രസ്താവനയുമിറക്കും. എന്നാൽ, സമീപകാലത്തൊന്നും ഇക്കൂട്ടർ പരസ്പരം ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതികൾ ആർഎസ്‌സുകാരായിട്ടും സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിന്റെ കൊലപാതകത്തെ അപലപിക്കാൻപോലും കെപിസിസി തയ്യാറായില്ല.

വാർത്താസമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ ‘ഇതാ ഞാൻ അപലപിക്കുന്നു’ എന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സനൂപിന്റെ കൊലപാതകത്തിൽ ബിജെപി പ്രതിനിധിയെപ്പോലും നിഷ്‌പ്രഭനാക്കിയായിരുന്നു ചാനൽചർച്ചയിൽ ഒരു കെപിസിസി സെക്രട്ടറിയുടെ ന്യായീകരണം.

deshabhimani

No comments:

Post a Comment