Thursday, October 8, 2020

ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷാസംവിധാനം ശക്തമാക്കും: മന്ത്രി

 ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്‌ണന്‍. 67.66 ലക്ഷം രൂപ വിനിയോഗിച്ച് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സഹകരണത്തോടെ നവീകരിച്ച തിരുവനന്തപുരം സെന്‍ട്രല്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മൂന്ന് പ്രധാന  മെഡിക്കല്‍ സ്‌റ്റോറുകളും ഫാര്‍മസികളും നവീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ പൈലറ്റ് പ്രോജക്‌ട് എന്ന നിലയിലാണ് സെന്‍ട്രല്‍ മെഡിക്കല്‍ സ്‌റ്റോര്‍  നവീകരണം നടപ്പാക്കിയത്. ഇഎസ്‌ഐയെ ആശ്രയിക്കുന്ന തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മികച്ച സേവനം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് നവീകരണപദ്ധതി കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷക്ക് നല്‍കുന്ന ഉയര്‍ന്ന പരിഗണനയുടെ ഭാഗമായാണ് ഇഎസ്‌ഐ പദ്ധതി 2017 ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയത്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും മികച്ച നിലയില്‍ ഇഎസ്‌ഐ സേവനം ലഭ്യമാക്കുന്ന സംസ്ഥാനമാണ്  കേരളം.  12 ആശുപത്രികളും 145 ഡിസ്പന്‍സറികളും ഉള്‍പ്പെടുന്ന വിപുലമായ ചികിത്സാസംവിധാനമാണ് ഇഎസ്‌ഐയെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തിലെത്തിയശേഷം ലക്ഷക്കണക്കിന് തൊഴിലാളികള്‍ പുതുതായി ഇഎസ്‌ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു.  പുതിയ ഇഎസ്‌ഐ ഡിസ്പന്‍സറികള്‍ ആരംഭിച്ചു.  ആശുപത്രികളുടെയും ഡിസ്പന്‍സറികളുടെയും  സൗകര്യങ്ങള്‍  വര്‍ധിപ്പിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്ററു ജീവനക്കാരെയും നിയമിച്ചു. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സക്ക് ആശുപത്രികള്‍ എംപാനല്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന ദിവസം മുതല്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഉറപ്പുവരുത്തി. കീമോതെറാപ്പി, ഡയാലിസിസ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിവരികയാണ്.  ഇതോടൊപ്പം മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചു.

ഗുണഭോക്താക്കള്‍ക്ക്എല്ലാ മരുന്നുകളും ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും മരുന്നുകളുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പറേഷന്‍ റേറ്റ് കോണ്‍ട്രാക്ടില്‍ ഇല്ലാത്ത മരുന്നുകള്‍ വാങ്ങി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നേരിട്ട് മരുന്നു വാങ്ങാന്‍ നടപടിയെടുത്തു.  ഏറെക്കാലം ഇഎസ്‌ഐ അഭിമുഖീകരിച്ച പ്രതിസന്ധിയാണ് ഇതു വഴി പരിഹരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് അവയുടെ ഗുണനിലവാരം നഷ്ടപ്പെടാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത്. ആവശ്യമായ സംവിധാനങ്ങളോടെ മരുന്നുകള്‍ സൂക്ഷിക്കുകയും രോഗികള്‍ക്ക് നല്‍കുകയും വേണം. ഇതിനായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന  നടപടികളുടെ ഭാഗമായി ഘട്ടംഘട്ടമായി സംസ്ഥാനത്തെ  എല്ലാ ഇഎസ്‌ഐ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആവശ്യമായ എല്ലാ മരുന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നതില്‍ കേരളം രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. തൊഴില്‍സുരക്ഷയും അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് ദേശീയതലത്തില്‍ തൊഴിലാളികള്‍ നേരിടുന്നത്. ഈ സാഹചര്യത്തിലും തൊഴിലാളിപക്ഷ-ജനക്ഷേമ ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളം രാജ്യത്തിനാകെ മാതൃക തീര്‍ക്കുകയാണ്.

തൊഴിലാളികളുടെയും കുടുംബത്തിന്റെയും സാമൂഹികസുരക്ഷയും  സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്നു. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്നു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍. ഘട്ടം ഘട്ടമായി പെന്‍ഷന്‍ വര്‍ധിപ്പിച്ചു. ഇപ്പോള്‍  1400 രൂപയാണ് പ്രതിമാസപെന്‍ഷന്‍. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് നമ്മുടേത്. തൊഴിലാളിക്ഷേമനിധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും  ക്ഷേമനിധികള്‍ മുഖേനയുള്ള ആനുകൂല്യങ്ങള്‍  വര്‍ധിപ്പിക്കുകയും ചെയ്തു.

ഇഎസ്‌ഐ പദ്ധതി വിപുലീകരിച്ചും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും  തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ ദേശീയതലത്തില്‍ നടക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ്, ദന്തല്‍ പ്രവേശനത്തില്‍ ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ മക്കള്‍ക്ക് നിലവിലുള്ള സംവരണം എടുത്തുകളഞ്ഞ ഇഎസ്‌ഐ കോര്‍പറേഷന്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് കേന്ദ്രഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. തൊഴിലാളിവിരുദ്ധ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.

തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംവരണം തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട വേതനം ഇഎസ്‌ഐ കോര്‍പറേഷന്‍ പ്രത്യേക സാമ്പത്തിക പദ്ധതിയായി അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര തൊഴില്‍വകുപ്പു മന്ത്രിയോട് പ്രത്യേക കത്ത് മുഖാന്തിരം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഇഎസ്‌ഐ വകുപ്പധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

No comments:

Post a Comment