Thursday, October 8, 2020

പുനർഗേഹം 1314 കുടുംബത്തിന്‌ ഭൂമിയായി; 500 വീട്‌ നിർമാണത്തിൽ

 തീരദേശ താമസക്കാർക്ക്‌ സുരക്ഷിത വീടൊരുക്കുന്ന പുനർഗേഹം പദ്ധതിയിൽ 1,314 പേർക്ക്‌ ഭൂമിയായി. അഞ്ഞുറിൽപ്പരം വീട്‌ നിർമാണഘട്ടത്തിലുമാണ്‌. കോവിഡ്‌ പ്രതിസന്ധിയിലും പദ്ധതി പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. വേലിയേറ്റ രേഖയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളും അല്ലാത്തവരുമായ എല്ലാ കുടുംബങ്ങൾക്കും സുരക്ഷിത ഭവനം ഉറപ്പാക്കുന്നതാണ്‌ പദ്ധതി. 19,289 കുടുംബത്തെയാണ്‌ മാറ്റിപാർപ്പിക്കുന്നത്‌. 1,314 കുടുംബങ്ങൾക്ക്‌ വീട് നിർമാണത്തിന്‌  ഭൂമി വാങ്ങുന്നതിന്‌ ജില്ലാ അവലോകന സമിതിയുടെ അംഗീകാരമായി. 484 കുടുംബങ്ങളുടെ ഭൂമി രജിസ്‌ട്രേഷൻ പൂർത്തിയാക്കി. 830 പേർക്ക്‌ രജിസ്‌ട്രേഷൻ നടപടി അന്തിമ ഘട്ടത്തിലാണ്‌.  129 വീടിന്റെ നിർമാണം തുടങ്ങി. 373 എണ്ണം അടുത്ത ദിവസങ്ങളിൽ തുടങ്ങും.

തുടർച്ചയായി കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്ത്‌ താമസിക്കുന്നവരും  സ്വമേധയാ മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചവരുമായ 8,487 കുടുംബമാണ്‌  ആദ്യഘട്ടത്തിലെ ഗുണഭോക്‌താക്കൾ. മാറി താമസിക്കാൻ തയ്യാറായ 8,911 കുടുംബത്തിന്റെ പട്ടിക  കലക്ടർ അധ്യക്ഷനായ ജില്ലാ സമിതികൾ തയ്യാറാക്കി. ഇവർക്ക്‌ വേഗം ഭൂമിയും വീടും ലഭ്യമാക്കുമെന്ന്‌  മന്ത്രി ജെ മേഴ്‌സികുട്ടിഅമ്മ പറഞ്ഞു.

രണ്ടും മൂന്നും ഘട്ടങ്ങളിൽ 5,099 കുടുംബത്തെ പുരധിവസിപ്പിക്കും. ഭുമിയുടെ വില നോക്കാതെ 10 ലക്ഷം രൂപ  വീടിന്‌ ഗുണഭോക്താവിന്‌ ലഭിക്കും. 1398 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 1052 കോടി ഫിഷറീസ്‌ വകുപ്പിന്റെ ബജറ്റ്‌ വിഹിതത്തിൽ നിന്നുമാണ്‌ പദ്ധതിക്ക്‌ വകയിരുത്തിയത്‌.

ജി രാജേഷ്‌ കുമാർ

No comments:

Post a Comment