Tuesday, September 28, 2010

45,000 കോടിയുടെ യുദ്ധവിമാന ഇടപാട്

വാഷിങ്ടണ്‍: അമേരിക്കയുമായുള്ള 45,000 കോടി രൂപയുടെ യുദ്ധവിമാന ഇടപാടിന്റെ അന്തിമകരാറിന് രൂപംനല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും സംഘവും വാഷിങ്ടണിലെത്തി. 126 യുദ്ധവിമാനം അമേരിക്കയില്‍നിന്ന് വാങ്ങാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആയുധങ്ങള്‍ വാങ്ങാനും ചര്‍ച്ചകളുണ്ട്. അമേരിക്കയുമായി പ്രതിരോധസാമഗ്രികളുടെ ഇടപാടും സൈനികബന്ധവും ശക്തമാക്കാനാണ് ആന്റണിയുടെ സന്ദര്‍ശനമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. പരമ്പരാഗത ആയുധസംഭരണ നയത്തില്‍നിന്ന് വ്യതിചലിച്ച് ഇപ്പോള്‍ അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

യുദ്ധവിമാനങ്ങളുടെ ഇടപാട് നേടിയെടുക്കാന്‍ അമേരിക്കന്‍ കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റപ്പ് ഗ്രൂമാന്‍, റെയ്തിയോ, ബോയിങ്, ജനറല്‍ ഡൈനാമിക്സ് എന്നിവര്‍ പരിശ്രമിച്ചുവരികയാണ്. ഇവരുടെ പ്രതിനിധികള്‍ കുറെനാളായി ന്യൂഡല്‍ഹിയില്‍ തമ്പടിച്ച് പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സന്ദര്‍ശനമധ്യേ തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് കരാര്‍ ആര്‍ക്ക് കിട്ടുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആന്റണി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ പാകിസ്ഥാന്‍ ദുരുപയോഗംചെയ്യുമെന്ന ആശങ്ക ഇന്ത്യക്കുണ്ടെന്നുംആന്റണി പറഞ്ഞു. പാകിസ്ഥാന് എഫ്16 വിമാനം വില്‍ക്കാന്‍ കരാര്‍ ഉറപ്പിച്ചശേഷം ഇത് നേരിടാനെന്ന പേരില്‍ ഇന്ത്യക്ക് എഫ്18 വിമാനം നല്‍കാനാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയുടെ ഈ ഇരട്ടതന്ത്രത്തിന് നിന്നുകൊടുക്കുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകും.

മുന്‍കാലങ്ങളില്‍ റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ കൂടുതലായും ആയുധങ്ങള്‍ വാങ്ങിയിരുന്നത്. അമേരിക്കയുമായി തന്ത്രപ്രധാനബന്ധം ശക്തമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുകയും 1 2 3 കരാര്‍ ഒപ്പിടുകയും ചെയ്തതോടെ അമേരിക്കന്‍ സൈനിക വ്യവസായ ശൃംഖലയുടെ ഭാഗമായ ആയുധക്കമ്പനികള്‍ രംഗത്തുവന്നു. ഇന്ത്യയുമായി സൈനികബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നവീന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സാമഗ്രികളുടെ കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയെ അലട്ടുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം നിയന്ത്രണങ്ങള്‍ നീങ്ങണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഗേറ്റ്സ് പറയുകയുണ്ടായി. ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്ന രീതിയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും ഗേറ്റ്സ് പറഞ്ഞു.

ഗേറ്റ്സിന്റെ ക്ഷണപ്രകാരമാണ് ആന്റണിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനം. ഗേറ്റ്സുമായും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍(റിട്ട.) ജെയിംസ് ജോസ്, സംയുക്തസേന തലവന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ എന്നിവരുമായും ആന്റണി ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നവംബറില്‍ നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി കരാറുകള്‍ക്ക് രൂപംനല്‍കാന്‍ ചര്‍ച്ചകളില്‍ ധാരണയായേക്കും. പാക്-അഫ്ഗാന്‍ വിഷയങ്ങളും ചര്‍ച്ചചെയ്യും.

പ്രതിരോധ സെക്രട്ടറി പ്രദീപ്കുമാര്‍, പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് സുന്ദരം കൃഷ്ണ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കരസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡര്‍ ലഫ്. ജനറല്‍ വിക്രം സിങ്, ആന്‍ഡമാന്‍ നിക്കോബര്‍ സംയുക്തസേന കമാന്‍ഡര്‍ അഡ്മിറല്‍ ഡി കെ ജോഷി, വ്യോമസേന ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എ കെ ഗോഗോയി എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ദേശാഭിമാനി 28092010

1 comment:

  1. അമേരിക്കയുമായുള്ള 45,000 കോടി രൂപയുടെ യുദ്ധവിമാന ഇടപാടിന്റെ അന്തിമകരാറിന് രൂപംനല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും സംഘവും വാഷിങ്ടണിലെത്തി. 126 യുദ്ധവിമാനം അമേരിക്കയില്‍നിന്ന് വാങ്ങാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആയുധങ്ങള്‍ വാങ്ങാനും ചര്‍ച്ചകളുണ്ട്. അമേരിക്കയുമായി പ്രതിരോധസാമഗ്രികളുടെ ഇടപാടും സൈനികബന്ധവും ശക്തമാക്കാനാണ് ആന്റണിയുടെ സന്ദര്‍ശനമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. പരമ്പരാഗത ആയുധസംഭരണ നയത്തില്‍നിന്ന് വ്യതിചലിച്ച് ഇപ്പോള്‍ അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

    ReplyDelete