Tuesday, September 14, 2010

പ്രതിലോമ ശക്തികളെ വര്‍ധിത വീര്യത്തോടെ ചെറുക്കുക

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ യുഡിഎഫും തീവ്ര വലതുപക്ഷ കക്ഷികളും കുത്തക മാധ്യമങ്ങളും അടങ്ങിയ സഖ്യം ശക്തമായ ആക്രമണങ്ങളുമായി രംഗത്തുണ്ട്. അവര്‍ക്ക് തുണയായി ചില മതമേധാവികളും രംഗത്തുണ്ട്. ഇവരെയെല്ലാം അസ്വസ്ഥരാക്കുകയും അരിശംകൊള്ളിക്കുകയും ചെയ്യുന്ന ഘടകം എന്താണ്?

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനക്ഷേമ നടപടികളുമായി ബഹുദൂരം മുന്നേറുന്നു. അതിന്റെ ഗുണങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ളവരില്‍ എത്തിച്ചേരുന്നു. സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി ഒട്ടനവധി കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവ ഉദാരവത്കരണ നയങ്ങളുടെ കെടുതികളില്‍നിന്ന് ജനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് പരമാവധി ആശ്വാസം പകരുന്നു. രാജ്യമാകെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ നാല്‍പതുശതമാനത്തിലേറെ വിലകുറച്ച് നല്‍കി ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ജനസംഖ്യയില്‍ പകുതിയോളം വരുന്ന ജനവിഭാഗങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ കുടുംബത്തിന്റെ ആവശ്യത്തിനുള്ള അരി ലഭ്യമാക്കുന്നു.

ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കുന്ന സര്‍ക്കാര്‍ എല്ലാ മേഖലകളിലും സാമൂഹിക നീതി നടപ്പാക്കുന്നു. ഇ എം എസ് ഭവനപദ്ധതിയിലൂടെ അഞ്ചുലക്ഷത്തോളം വീടുകള്‍ ലഭ്യമാക്കിവരുന്നു. അതോടെ സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം വളരെ തുഛമായി മാറും. ഏതു മേഖല പരിശോധിച്ചാലും വികസനത്തിന്റേയും മുന്നേറ്റത്തിന്റെയും അനുഭവങ്ങളാണുള്ളത്.

സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ വികസന നേട്ടങ്ങളിലൂടെ സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന മുന്നണിയും അവാച്യമായ ജനപിന്തുണയാണ് ആര്‍ജിച്ചിട്ടുള്ളത്.

2006ല്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അങ്ങേയറ്റം പരിതാപകരമായിരുന്നു കേരളത്തിന്റെ സാമ്പത്തികസ്ഥിതി. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ സമ്പദ്ഘടന താറുമാറായിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കു നല്‍കിവന്നിരുന്ന ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശികയിലായിരുന്നു. കെഎസ്ടിപി ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കുടിശ്ശിക കോടിക്കണക്കിന് രൂപയായിരുന്നു. ട്രഷറി പൂട്ടല്‍ യുഡിഎഫ് ഭരണത്തില്‍ ഏതാണ്ട് നിത്യസംഭവമായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച മികച്ച ധനകാര്യ മാനേജ്മെന്റിന്റെയും സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമായി ഈ രംഗത്ത് ഗണ്യമായ മാറ്റങ്ങളാണുണ്ടായത്. വി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ റവന്യുകമ്മി 3.3 ശതമാനമായിരുന്നു. അത് 2009-10ല്‍ 1.9 ശതമാനമായി കുറഞ്ഞു. വാണിജ്യ നികുതി വരുമാനത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. പ്രതിവര്‍ഷം 20 ശതമാനത്തിന്റെ നികുതി വരുമാന വര്‍ദ്ധനവ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. വാണിജ്യ നികുതി വരുമാനം 2005-06ല്‍ 6983 കോടി രൂപയായിരുന്നത് 2009-10 ആയപ്പോഴേക്ക് 13,194 കോടി രൂപയായി ഉയര്‍ന്നു. മൂല്യവര്‍ദ്ധിത നികുതിവരുമാനം 2005-06ല്‍ 3321.9 കോടി രൂപയായിരുന്നത് 2009-10ല്‍ 6945.41 കോടി രൂപയായി വര്‍ദ്ധിപ്പിക്കാനായി.

നികുതിപിരിവ് കുറ്റമറ്റതും ശാസ്ത്രീയവുമാക്കിയതോടെ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെത്തന്നെ അത് മാറ്റിമറിച്ചു. എല്ലാ മേഖലകളിലും അതിന്റെ ഗുണപരമായ സ്വാധീനം പ്രകടമായി. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനായതും ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാനായതും വിദഗ്ധമായ സാമ്പത്തിക മാനേജ്മെന്റിലൂടെയാണ്. ഒപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിഎയും മറ്റ് ആനുകൂല്യങ്ങളും കുടിശ്ശിക തീര്‍ത്തുകൊടുക്കാനായതും. പിഎസ്സിവഴി 1,25,000 ത്തില്‍ ഏറെ പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കാനും കഴിഞ്ഞു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് കര്‍ശനമായ നിയമനനിരോധനമായിരുന്നു നിലനിന്നത്.

യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ ക്രമസമാധാനനില താറുമാറായിരുന്നു. നഗരങ്ങളില്‍ ഗുണ്ടകളുടെ വിളയാട്ടമായിരുന്നു. അവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടിയെടുക്കാന്‍ ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ തയ്യാറായില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ ഗുണ്ടകളെ അമര്‍ച്ചചെയ്യുന്നതിനായി നിയമം കൊണ്ടുവന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗമുണ്ടാക്കുകയും അടിപിടിയും അക്രമവും മറ്റു ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തിവന്ന നാന്നൂറോളം ഗുണ്ടകള്‍ ജയിലറകള്‍ക്കുള്ളിലാണ്. ബ്ളെയ്ഡ്-മണല്‍-മദ്യമാഫിയകളെ അമര്‍ച്ചചെയ്യാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏതറ്റംവരെ പോകാനും ഒരുക്കമാണല്ലോ യുഡിഎഫ് നേതൃത്വം. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ഗ്ഗീയ-തീവ്രവാദ സംഘടനകളെ അകമഴിഞ്ഞ് സഹായിച്ചത്. അതിന്റെ ഫലമായി അവരുടെ ഭരണകാലത്ത് 121 വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടായി. 18 പേര്‍ കൊല്ലപ്പെട്ടു. 250ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റു. മാറാട്ട് ആദ്യം നടന്ന കലാപങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍പോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആക്രമണം ഉണ്ടാകുമെന്ന് കേരള-തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പ് അന്നത്തെ സര്‍ക്കാര്‍ അവഗണിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നകാര്യം സ്ഥലം എംഎല്‍എ വി കെ സി മമ്മതുകോയ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഒരുഭാഗത്ത് ആര്‍എസ്എസിനേയും മറുഭാഗത്ത് മുസ്ളീംലീഗും എന്‍ഡിഎഫും ഉള്‍പ്പെടെയുള്ള ശക്തികളേയും പ്രീണിപ്പിക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ക്കെതിരെ ഫലപ്രദമായ നടപടികളുണ്ടായില്ല. എന്‍ഡിഎഫുകാര്‍ പ്രതികളായ തീവ്രവാദ കേസുകള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരിന്റെകാലത്ത് വര്‍ഗീയ സംഘര്‍ഷങ്ങളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നത് അഭിമാനകരമാണ്. മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള ഛിദ്രശക്തിക്ളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചയുടന്‍തന്നെ അതിനെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. ബിനാനിപുരത്തെ സിമി ക്യാമ്പ്, വാഗമണ്‍ ക്യാമ്പ് എന്നിവയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കാശ്മീരില്‍ നാല് മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുതല്‍ അവധാനത പുലര്‍ത്തി. തീവ്രവാദികളുടെ ആസൂത്രണങ്ങളും തന്ത്രങ്ങളും മനസ്സിലാക്കി അത് പരാജയപ്പെടുത്താനുള്ള ഇടപെടല്‍ നടത്തി. തൊടുപുഴയില്‍ നടന്ന അധ്യാപകന്റെ കൈവെട്ടല്‍ സംഭവത്തിലെ കുറ്റവാളികളെ പിടികടുന്നതിനും നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും ഉള്ള നടപടി വളരെവേഗം പൂര്‍ത്തിയായി.

സംസ്ഥാനത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കാനും ജനങ്ങള്‍ക്ക് സ്വൈരജീവിതം ഉറപ്പുവരുത്താനും ഈ സര്‍ക്കാരിന് സാധിച്ചു. അതുകൊണ്ടാണല്ലോ കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ പ്രശംസിക്കാന്‍ തയ്യാറായത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1500ല്‍ ഏറെ കര്‍ഷകരാണ് കടക്കെണിമൂലം ആത്മഹത്യചെയ്തത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അനുഭാവത്തോടെ കൈകകാര്യംചെയ്തതുമൂലം കര്‍ഷക ആത്മഹത്യ ഇല്ലാതായി. മുന്‍പ് ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കി. കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കി. 25000 രൂപയ്ക്കുതാഴെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. 42,111 കര്‍ഷകര്‍ക്ക് അതിന്റെ നേട്ടമുണ്ടായി.

നെല്‍കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തി. കിലോയ്ക്ക് 12 രൂപ നിരക്കിലാണ് ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ഇത് വെറും 7 രൂപയായിരുന്നു. നെല്‍കൃഷിക്കുവേണ്ടി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കി. പ്രീമിയം തുക 250 രൂപയില്‍നിന്ന് 100 രൂപയായി കുറച്ചു. അതേസമയം നഷ്ടപരിഹാരത്തുക 5000 രൂപയില്‍നിന്ന് 12,500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. നാളികേര കര്‍ഷകരെ സഹായിക്കാനും സര്‍ക്കാര്‍ ഭാവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ചു. തൊണ്ടുകളഞ്ഞ 450 ഗ്രാമില്‍ കുറയാത്ത പച്ചത്തേങ്ങ 4.40 രൂപ നിരക്കില്‍ സംഭരിച്ചു. വെള്ളം കളഞ്ഞ ഒരു കിലോയില്‍ കുറയാത്ത നാളികേരം 11 രൂപ നിരക്കില്‍ സംഭരിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കണം എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നയം. അവരുടെ ഭരണകാലത്ത് 25 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയുണ്ടായി. ശക്തമായ ജനകീയ ചെറുത്തുനില്‍പിനൊടുവിലാണ് സ്വകാര്യവത്കരണശ്രമത്തില്‍നിന്ന് അവര്‍ പിന്മാറിയത്.

യുഡിഎഫ് ഭരണത്തില്‍ വെറും 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ബാക്കിയെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖലയുടെ സഞ്ചിത നഷ്ടം 2005-06ല്‍ 69.49 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റതോടെ ഈ ദു:സ്ഥിതിക്കു വളരെ വേഗം മാറ്റംവന്നു. ഇപ്പോള്‍ 32 സ്ഥാപനങ്ങള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലയുടെ സഞ്ചിതലാഭം 239.75 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നീങ്മില്ലും ബാലരാമപുരം സ്പിന്നിങ്മില്ലും പുനരുദ്ധരിച്ചു. കോഴിക്കോട്ടെ സോപ്സ് ആന്‍ഡ് ഓയില്‍സ് 'കേരള സോപ്സ്' എന്നപേരില്‍ പുതിയ കമ്പനിയാക്കി പ്രവര്‍ത്തിപ്പിച്ചു. ആലപ്പുഴയിലെ കെഎസ്ഡിപിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. പൊതുമേഖലയില്‍ എട്ട് സ്ഥാപനങ്ങള്‍ പുതിയതായി ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.

കെഎസ്ആര്‍ടിസിയുടെ 700 കോടി രൂപയുടെ നികുതി കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളി. പലിശയും പിഴപ്പലിശയും ഇനത്തില്‍ 150 കോടി രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കി. കെഎസ്ആര്‍ടിസിയുടെ സ്ഥലത്ത് ബിഒടി അടിസ്ഥാനത്തില്‍ ഷോപ്പിംഗ് കോംപ്ളക്സുകള്‍ പണിയാന്‍ നടപടി സ്വീകരിച്ചു. പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ അത് അധികവരുമാനമാകും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. വ്യവസായ പാര്‍ക്കുകളില്‍ 17,140 ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അതിലൂടെ 1,13,293 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

ടെക്നോപാര്‍ക്കും ഐ ടി പാര്‍ക്കും വിപുലീകരിച്ചു. ജില്ലകളില്‍ ഐ ടി പാര്‍ക്കുകള്‍ സ്ഥാപിച്ചു. ടൂറിസം രംഗത്തുണ്ടായ വമ്പിച്ച കുതിപ്പുകള്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ചു. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിനു ലഭിച്ചത് ഈ മികവിന്റെ സാക്ഷ്യപത്രമാണ്.

വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് വൈദ്യുതി അനുപേക്ഷണീയമാണ്. ഈ പരിപ്രേക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നത്. പത്തുവര്‍ഷത്തിനുള്ളില്‍ 3000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതി ആരംഭിച്ചു. 500 മെഗാവാട്ട് വൈദ്യുതി അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു. ഒന്നരക്കോടി സിഎഫ്എല്‍ ലാമ്പുകള്‍ നല്‍കിയതിലൂടെ വന്‍ ഊര്‍ജലാഭം ഉണ്ടാക്കാന്‍ സര്‍ക്കാരിനു സാധിച്ചു.

വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതി നേടാനായി. 2002ല്‍ എസ്എസ്എല്‍സിക്ക് മോഡറേഷന്‍ ഇല്ലാതെ ജയിച്ചവര്‍ 42.89 ശതമാനമായിരുന്നു. 2010ല്‍ അത് 90.72 ശതമാനമായി ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ സവിശേഷപ്രശ്നങ്ങള്‍ കണ്ടെത്തി അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണം നേടിക്കൊണ്ടാണ് ഈ നേട്ടം ആര്‍ജിക്കാനായത്. പൊതുവിദ്യാഭ്യാസത്തിനായി ബജറ്റുവിഹിതം 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഒന്നാംക്ളാസ് മുതല്‍ എട്ടാംക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യമായി പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കി. പ്രതിവര്‍ഷം 35 ലക്ഷം കുട്ടികള്‍ക്കു വീതം ഇതിന്റെ പ്രയോജനം ലഭിച്ചു. ട അത് അധികവരുമാനമാകും.

ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്ളസ്ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി സ്കോളര്‍ഷിപ്പ് നിധി ഏര്‍പ്പെടുത്തി.

പൊതുജനാരോഗ്യ മേഖലയില്‍ വിപ്ളവാത്മകമായ മാറ്റങ്ങളാണ് കഴിഞ്ഞ നാലുവര്‍ഷക്കാലയളവിനുള്ളിലുണ്ടായത്. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെയുള്ള സ്ഥാപനങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. മരുന്നുവിതരണം സുഗമവും കാര്യക്ഷമവും ആക്കുന്നതിന് പുതിയ കോര്‍പ്പറേഷന്‍ രൂപീകരിച്ചു. ആശുപത്രികളില്‍ യഥേഷ്ടം മരുന്നുകള്‍ ലഭ്യമാക്കുന്നു. യുഡിഎഫ് ഭരണകാലത്ത് ഗവണ്‍മെന്റാശുപത്രികളുടെ അവസ്ഥ എത്രമാത്രം പരിതാപകരമായിരുന്നു എന്ന് ഓര്‍ക്കുക.

അങ്കണവാടി ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചു.

വിലക്കയറ്റത്തിന്റെ കെടുതികള്‍ക്ക് ജനങ്ങളെ എറിഞ്ഞുകൊടുത്തിട്ട് കയ്യുംകെട്ടിയിരിക്കുന്ന സമീപനമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്‍വഴിയും കണ്‍സ്യൂമര്‍ഫെഡ്വഴിയും സഹകരണ സ്ഥാപനങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്ക് കുറഞ്ഞവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കി. 40 മുതല്‍ 70 ശതമാനംവരെ വില കുറച്ചാണ് നല്‍കുന്നത്. വിലകുറച്ച് നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 200 കോടി രൂപയാണ്. 40 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്ക് അരി നല്‍കുന്നു. അതിനായി ഈ സാമ്പത്തികവര്‍ഷം 500 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന്‍ രൂപീകരിച്ചു. 10,000 മത്സ്യത്തൊഴിലാളികളുടെ ഭവനവായ്പ എഴുതിത്തള്ളി. ഇതിനായി 12 കോടി രൂപ ചെലവഴിച്ചു. മത്സ്യഫെഡ് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയ 12 കോടി രൂപയുടെ വായ്പയും എഴുതിത്തള്ളി. ഇതിലൂടെ 50,000 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചു. 27,700 വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് 5,000 രൂപ വീതം പലിശരഹിത വായ്പ നല്‍കി. പരമ്പരാഗത വ്യവസായമേഖലകളായ കയര്‍, കൈത്തറി, കശുവണ്ടി, ബീഡി, തോട്ടം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ആ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പരമാവധി ആശ്വാസം നല്‍കാനും സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യം കാട്ടി. ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി നല്‍കുന്നതില്‍ വന്‍ പുരോഗതിയുണ്ടായി. ആദിവാസി വനാവകാശനിയമപ്രകാരം 7882 കുടുംബങ്ങള്‍ക്കായി 7900 ഏക്കര്‍ ഭൂമി നല്‍കി. 7826 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കായി 24.85 ഹെക്ടര്‍ ഭൂമി നല്‍കി.

ഏതു മേഖലയെടുത്താലും മുമ്പൊരിക്കലുമില്ലാത്ത നേട്ടങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലയളവിലുണ്ടായത്. സ്ഥലപരിമിതികൊണ്ട് ചുരുക്കം ചില കാര്യങ്ങള്‍ പരാമര്‍ശിക്കാനേ തയ്യാറായിട്ടുള്ളു.

കേന്ദ്രസര്‍ക്കാര്‍ ആവേശത്തോടെ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ആഘാതത്തില്‍നിന്ന് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പരമാവധി ആശ്വാസം നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ പരിധിക്കും പരിമിതികള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ അക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് ആരും സമ്മതിക്കും. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടാണ് കേരളം പല കാര്യങ്ങളിലും ഗണ്യമായി നേട്ടങ്ങള്‍ ഉണ്ടാക്കിയ കാര്യം കേന്ദ്രസര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നത്; കേന്ദ്രമന്ത്രിമാരില്‍ പലര്‍ക്കും അഭിനന്ദിക്കേണ്ടിവന്നത്. പല ദേശീയ അവാര്‍ഡുകളും അംഗീകാരങ്ങളും സംസ്ഥാനത്തെ തേടിയെത്തിയത് ആത്മാര്‍ത്ഥമായ പരിശ്രമവും രാഷ്ട്രീയ ഇച്ഛാശക്തിയുംകൊണ്ടാണ്.

കേരളത്തിലെ ബഹുജനങ്ങളുടെ ഇടയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിക്കുകയാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് നന്നായി അറിയാം. മുന്നണിയുടെ ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണെന്ന് അവര്‍ക്കറിയാം. യുഡിഎഫിന്റെ പല മനക്കോട്ടകളും തകരുകയാണെന്നും അവര്‍ തിരിച്ചറിഞ്ഞു. കേന്ദ്രസര്‍ക്കാരും മന്ത്രിമാരും കേരള സര്‍ക്കാരിനെ പ്രശംസിക്കുന്നത് തങ്ങള്‍ക്ക് രാഷ്ട്രീയമായി ദോഷംചെയ്യുമെന്ന് വയലാര്‍രവി കേന്ദ്ര നേതാക്കളെ അറിയിച്ചത് ഈ വേവലാതിയില്‍ നിന്നാണ്.

എല്‍ഡിഎഫിന്റെ ജനപിന്തുണയെ അട്ടിമറിക്കാന്‍ യുഡിഎഫ് നേതൃത്വം കൊണ്ടുപിടിച്ച നീക്കമാണ് നടത്തുന്നത്. ഒരുഭാഗത്ത് സംഘപരിവാര്‍ ശക്തികളും മറുഭാഗത്ത് എല്‍ഡിഎഫ്പോലെയുള്ള തീവ്രവാദ സംഘടനകളെയും ഇടതുപക്ഷ തീവ്രവാദികളെയും ചില മത മേലധ്യക്ഷന്മാരെയും അവര്‍ കൂട്ടുപിടിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നല്ല. മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും അവര്‍ക്കുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങളെ കൊച്ചാക്കിക്കാണിക്കാനും നുണ പ്രചാരണങ്ങള്‍ അഴിച്ചുവിടാനും മേല്‍പറഞ്ഞ സഖ്യം പടിച്ചപണി പതിനെട്ടും പയറ്റുകയാണ്. ലോട്ടറിവകുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫും മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണംതന്നെ ഒടുവിലത്തെ ഉദാഹരണം.

വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും എതിരെ തികഞ്ഞ അവധാനത പുലര്‍ത്തേണ്ടതും ജനങ്ങളെ സത്യം ബോധ്യപ്പെടുത്തേണ്ടതും ഓരോ ഇടതുപക്ഷ പ്രവര്‍ത്തകന്റെയും കടമയാണ്.

വൈക്കം വിശ്വന്‍ ചിന്ത വാരിക 17092010

1 comment:

  1. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും എതിരെ യുഡിഎഫും തീവ്ര വലതുപക്ഷ കക്ഷികളും കുത്തക മാധ്യമങ്ങളും അടങ്ങിയ സഖ്യം ശക്തമായ ആക്രമണങ്ങളുമായി രംഗത്തുണ്ട്. അവര്‍ക്ക് തുണയായി ചില മതമേധാവികളും രംഗത്തുണ്ട്. ഇവരെയെല്ലാം അസ്വസ്ഥരാക്കുകയും അരിശംകൊള്ളിക്കുകയും ചെയ്യുന്ന ഘടകം എന്താണ്?

    ReplyDelete