Wednesday, September 29, 2010

എയര്‍ ഇന്ത്യയുടെ അവഗണന വീണ്ടും

സംസ്ഥാനത്തുനിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് ഈ മാസമാദ്യം വന്‍ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. മുന്നൂറോളം സര്‍വീസുകളാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ മുന്നറിയിപ്പൊന്നുമില്ലാതെ റദ്ദാക്കിയത്.

ജനസംഖ്യയില്‍ ഗണനീയമായ ഒരു വിഭാഗം ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവിധ കേന്ദ്രങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷത്തുള്ള പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന ഉറപ്പാണ്, കേന്ദ്രമന്ത്രി എല്ലാവര്‍ക്കും നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ ഈ വാഗ്ദാനം ജലരേഖയായിരിക്കുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ഷെഡ്യൂള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ഷെഡ്യൂള്‍ അനുസരിച്ച്, എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗള്‍ഫ് മേഖലയിലേയ്ക്കുള്ള 203 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. മന്ത്രിയുടെ ഉറപ്പ് അനുസരിച്ച് പുനസ്ഥാപിച്ച സര്‍വീസുകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.

ഗള്‍ഫ് മേഖലയിലെ യാത്രക്കാരോട് എയര്‍ ഇന്ത്യ ചിറ്റമ്മനയമാണ് കാണിക്കുന്നത് എന്നത് ആ മേഖലയില്‍ യാത്രചെയ്യുന്നവരുടെ സ്ഥിരം പരാതിയാണ്. മുന്നറിപ്പില്ലാതെ വിമാനം റദ്ദാക്കല്‍, അനിശ്ചിതമായി വൈകിക്കല്‍, മോശം സേവനങ്ങള്‍ എന്നിങ്ങനെ ഗള്‍ഫ് മേഖലയിലെ വിമാനയാത്രക്കാരുടെ പരാതികള്‍ ഏറെയാണ്. ഇതുപരിഹരിക്കാന്‍ നടപടിയുണ്ടാവണമെന്ന ആവശ്യങ്ങള്‍ ശക്തമാവുന്നതിനിടെയാണ്, സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ വരുമാനത്തില്‍ നല്ലൊരു പങ്കും ലഭിക്കുന്നത് ഗള്‍ഫ് മേഖലയിലെ സര്‍വീസുകളില്‍നിന്നാണ്. ലോകത്തുതന്നെ ഏറ്റവും ലാഭകരമായതും തിരക്കേറിയതുമായ വ്യോമ റൂട്ടുകളിലൊന്നാണ് ഇന്ത്യയില്‍നിന്ന് ഗള്‍ഫ് മേഖലയിലേയ്ക്കുള്ളത്. ഉപജീവനത്തിനായി ലക്ഷക്കണക്കിനു മലയാളികളാണ് ഗള്‍ഫ് മേഖലയിലേയ്ക്കു കുടിയേറിയിട്ടുള്ളതെന്നിരിക്കെ, കേരളം ഇതില്‍ വഹിക്കുന്ന പങ്ക് അവഗണിക്കാനാവില്ല.

ഗള്‍ഫ് മേഖലയുടെ ഈ സാമ്പത്തിക പ്രാധാന്യം കണക്കിലെടുത്താണ്, ഇന്ത്യയില്‍നിന്നുള്ള രാജ്യാന്തര വ്യോമയാന രംഗം  സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തപ്പോഴും ഗള്‍ഫിനെ ഒഴിച്ചുനിര്‍ത്തിയത്. ഗള്‍ഫ് മേഖലയില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ വരുന്നതോടെ ഒടിയുന്നത് എയര്‍ ഇന്ത്യയുടെ നട്ടെല്ലാണ്. നയപരമായ ഈ തീരുമാനത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാത്തവരാണ്, എയര്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഗള്‍ഫ് മേഖലയോടുള്ള അതിന്റെ നിരന്തരമായ അലംഭാവത്തിലൂടെ വെളിപ്പെടുന്നത്. എയര്‍ ഇന്ത്യയുടെ ഗള്‍ഫ് സര്‍വീസുകള്‍ കുറയ്ക്കുന്നത് അവിടേയ്ക്ക് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സാഹചര്യമൊരുക്കുന്നതിനുള്ള തുടക്കമായി കാണണം. ഒരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് കമ്പനി ബജറ്റ് സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത് എന്നത് ആ നിലയ്ക്കുള്ള സംശയം ബലപ്പെടുത്തുന്നുണ്ട്. എയര്‍ ഇന്ത്യയെ തന്നെ വിറ്റുതുലയ്ക്കാന്‍ ബദ്ധപ്പെടുന്നവരില്‍നിന്ന് അങ്ങനെയൊരു തീരുമാനം വന്നാലും അത്ഭുതപ്പെടേണ്ടതില്ല.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കും വിധത്തിലുള്ള ഏതു തീരുമാനവും എതിര്‍ക്കപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കു കുറഞ്ഞ നിരക്കില്‍ സുഗമ യാത്രയ്ക്ക് അവസരമൊരുക്കുന്നതിന് ബജറ്റ് എയര്‍ലൈന്‍ തുടങ്ങുന്നതിനെപ്പറ്റി കേരള സര്‍ക്കാര്‍ ആലോചന നടത്തിയതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ആത്മാര്‍ഥമായ ശ്രമങ്ങളുണ്ടാവുമ്പോഴാണ്, കേന്ദ്ര സര്‍ക്കാരും അതിന്റെ നിയന്ത്രണത്തിലുളള എയര്‍ ഇന്ത്യ അധികൃതരും പ്രവാസിയാത്രക്കാരെ നിരന്തരമായ ബുദ്ധിമുട്ടിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.

ജനയുഗം മുഖപ്രസംഗം 29092010

1 comment:

  1. സംസ്ഥാനത്തുനിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകളില്‍ വന്‍ വെട്ടിക്കുറവ് വരുത്തിയത് ഈ മാസമാദ്യം വന്‍ പ്രതിഷേധത്തിന് ഇടവച്ചിരുന്നു. മുന്നൂറോളം സര്‍വീസുകളാണ് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ എയര്‍ ഇന്ത്യ അധികൃതര്‍ മുന്നറിയിപ്പൊന്നുമില്ലാതെ റദ്ദാക്കിയത്.

    ജനസംഖ്യയില്‍ ഗണനീയമായ ഒരു വിഭാഗം ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വിവിധ കേന്ദ്രങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷത്തുള്ള പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന ഉറപ്പാണ്, കേന്ദ്രമന്ത്രി എല്ലാവര്‍ക്കും നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ ഈ വാഗ്ദാനം ജലരേഖയായിരിക്കുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ പുതിയ ഷെഡ്യൂള്‍ വ്യക്തമാക്കുന്നത്.

    ReplyDelete