Monday, September 20, 2010

കേരളത്തോട് അയിത്തം; മറ്റുള്ളവര്‍ക്ക് വാരിക്കോരി

കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് പണവും അനുമതിയും നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രം മറ്റ് നഗര മെട്രോകള്‍ക്ക് വാരിക്കോരി നല്‍കിയത് കോടികള്‍. ഹൈദരാബാദില്‍ സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മെട്രോയ്ക്കുപോലും ഗ്രാന്റിനത്തില്‍ കോടികള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ മെട്രോയ്ക്ക് ആകെ ചെലവുവരുന്ന തുകയോളം അനുവദിച്ചാണ് മറ്റ് നഗര മെട്രോകളില്‍ പങ്കാളിയായത്.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ സമര്‍പ്പിച്ച പദ്ധതിയനുസരിച്ച് 3048 കോടി രൂപയ്ക്ക് കൊച്ചി മെട്രോ പൂര്‍ത്തിയാകുമായിരുന്നു; യഥാസമയം കേന്ദ്രാനുമതിയും പണവും കിട്ടിയിരുന്നെങ്കില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 600 കോടിയോളംവീതം നല്‍കി ബാക്കി പണം മറ്റു സ്രോതസ്സില്‍നിന്നു കണ്ടെത്താനായിരുന്നു പദ്ധതി. തുടക്കംമുതല്‍ കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തത്തെ എതിര്‍ത്തു. പിന്നാലെ ആവിഷ്കരിച്ച മുംബൈ, ഹൈദരാബാദ് മാതൃകയില്‍ സ്വകാര്യമേഖലയിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ മതിയെന്നായിരുന്നു വാദം. എന്നാല്‍ ഹൈദരാബാദ് പദ്ധതിക്കെതിരെ ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരന്‍ വിമര്‍ശനമുന്നയിച്ചത് കേന്ദ്രത്തിന് ക്ഷീണമായി. ഏറ്റവുമൊടുവില്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ അലുവാലിയയുടെ എതിര്‍പ്പ് വകവയ്ക്കാതെ കൊച്ചിക്ക് ഏറ്റവും അനുയോജ്യമായത് കേന്ദ്ര-സംസ്ഥാന പദ്ധതിയാണെന്നും ശ്രീധരന്‍ വ്യക്തമാക്കി. എന്നിട്ടും കൊച്ചി മെട്രോയുടെ അനുമതി അനിശ്ചിതമായി നീളുന്നു.

പദ്ധതി വൈകുന്തോറും ചെലവ് ഇരട്ടിക്കുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതും കേന്ദ്രത്തിന്റെ കണ്ണു തുറപ്പിച്ചില്ല. കേന്ദ്രസഹമന്ത്രി കെ വി തോമസ് പദ്ധതിച്ചെലവ് 5000 കോടിയാകുമെന്നു പ്രഖ്യാപിച്ച് പരിഹാരമൊന്നും നിര്‍ദേശിക്കാതെ നിസ്സഹായത തെളിയിച്ചു. നിര്‍മാണം വൈകുന്ന ഓരോ ദിവസവും 30 ലക്ഷം രൂപയുടെ അധികച്ചെലവുണ്ടാകുമെന്നാണ് ഡിഎംആര്‍സിയുടെ കണക്ക്. ഒരു കിലോമീറ്റര്‍ റെയിലും സൌകര്യങ്ങളും തീര്‍ക്കാന്‍ ഇപ്പോള്‍ കണക്കാക്കുന്ന ചെലവ് 130 കോടിയാണ്. 2011ല്‍ ആലുവ-പേട്ട റൂട്ടില്‍ മണിക്കൂറില്‍ 13,681 യാത്രക്കാരുണ്ടാകുമെന്നും 2025ല്‍ ഇത് 23,621 ആകുമെന്നും ഡിഎംആര്‍സി പഠനത്തില്‍ പറഞ്ഞു. റോഡ് സംവിധാനം വികസിപ്പിച്ചു മാത്രം ഈ വളര്‍ച്ചയെ നേരിടാനാകില്ലെന്നും ചൂണ്ടിക്കാട്ടി.

കൊച്ചിയുടെ മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ വികസനത്തില്‍ വലിയ പങ്കു വഹിക്കേണ്ട പദ്ധതിക്ക് അറുന്നൂറോ ആയിരമോ കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. തിരിച്ചുകിട്ടുന്ന നിക്ഷേപമായിട്ടുപോലും കണക്കുപറയുന്ന കേന്ദ്രം ഹൈദരാബാദില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന മെട്രോയ്ക്ക് സമ്മര്‍ദമൊന്നും ഇല്ലാതെത്തന്നെ നല്‍കിയത് 2500 കോടിയോളമാണ്. അതും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റായി. സ്വകാര്യകമ്പനിയായ എല്‍ ആന്‍ഡ് ടി ആണ് പങ്കാളി. 2009ല്‍ കേന്ദ്രാനുമതി കിട്ടിയ ചെന്നൈ മെട്രോയ്ക്ക് 14,000 കോടിയാണ് ചെലവ്. 4000 കോടിയോളമാണ് കേന്ദ്രവിഹിതം. 8158 കോടി ചെലവുവരുന്ന ബംഗളൂരു നമ്മ മെട്രോയില്‍ 1500 കോടിയോളം കേന്ദ്രവിഹിതമാണ്. ഇവിടെ ഭൂമിയേറ്റെടുക്കല്‍വരെ പൂര്‍ത്തിയാക്കി കേന്ദ്രത്തിന്റെ കനിവിനായുള്ള കാത്തിരിപ്പാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലും വൈകാതെ പ്രവര്‍ത്തനമാരംഭിക്കും. സ്വകാര്യമേഖലയിലും വന്‍കിട നിക്ഷേപങ്ങളെത്തുന്നു. കാലഹരണപ്പെട്ട ഗതാഗതസൌകര്യങ്ങളും സംവിധാനങ്ങളുമായി കൊച്ചി ഇവയെ വരവേല്‍ക്കുമ്പോള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഭൂമിയും അനുബന്ധ പദ്ധതിയുമായി, പക്ഷേ...

പ്രമുഖ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പം വികസനത്തിലേക്കു കുതിക്കാന്‍ തുടങ്ങിയപ്പോഴാണ് കൊച്ചി ആദ്യം മെട്രോറെയിലിനെക്കുറിച്ചു ചിന്തിച്ചത്. എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച നടന്നു. ഒടുവില്‍ ചര്‍ച്ച മെട്രോയ്ക്ക് അനുകൂലമായപ്പോള്‍ 2004ല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ പഠനത്തിന് നിയോഗിച്ചു. നഗരത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫ് മെട്രോയുടെ ആവശ്യകത ഉറപ്പിച്ചു. കനത്ത ജനസാന്ദ്രതയും ഭൂമിലഭ്യത ഏറ്റവും കുറവുമുള്ള നഗരത്തില്‍ മെട്രോ റെയില്‍ നിര്‍മിക്കാനുള്ള പ്രാരംഭ നടപടിക്ക് ഇതോടെ തുടക്കമായി. ആലുവമുതല്‍ പേട്ടവരെ 25.253 കിലോമീറ്റര്‍ നീളത്തില്‍ 26 സ്റ്റേഷനുകളോടെ മെട്രോ നിര്‍മിക്കാനുള്ള ഭൂമി സര്‍വേ പൂര്‍ത്തിയായി. റെയിലിന്റെ ദിശയും സ്റ്റേഷനുകളുടെ സ്ഥാനവുംവരെ അടയാളപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെത്തന്നെ പദ്ധതി വേണമെന്ന ധാരണയോടെ നിര്‍മാണത്തിന് മലയാളിയായ ഇ ശ്രീധരന്‍ ചെയര്‍മാനായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തി. പ്രാരംഭ പ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. സൌത്ത് റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ ഓഫീസ് തുറന്നു. മുന്നൊരുക്കമെന്ന നിലയില്‍ നഗരത്തില്‍ പൂര്‍ത്തിയാക്കേണ്ട അനുബന്ധപദ്ധതിയുടെ പ്ളാന്‍ തയ്യാറാക്കി. നോര്‍ത്ത് പാലം പൊളിച്ചു പണിയല്‍, സലീം രാജന്‍ റോഡ് പാലം, പ്രധാന റോഡുകളുടെ വീതികൂട്ടല്‍ എന്നിവയ്ക്ക് 158 കോടിയുടെ പദ്ധതി തയ്യാറാക്കി. ഇതിന് 30 കോടി രൂപ ഒന്നാം ഘട്ടമായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചു. ഇവിടെവരെയാണ് മെട്രോപദ്ധതി ചലിച്ചത്.

deshabhimani 20092010

2 comments:

  1. കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിന് പണവും അനുമതിയും നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രം മറ്റ് നഗര മെട്രോകള്‍ക്ക് വാരിക്കോരി നല്‍കിയത് കോടികള്‍. ഹൈദരാബാദില്‍ സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മെട്രോയ്ക്കുപോലും ഗ്രാന്റിനത്തില്‍ കോടികള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ മെട്രോയ്ക്ക് ആകെ ചെലവുവരുന്ന തുകയോളം അനുവദിച്ചാണ് മറ്റ് നഗര മെട്രോകളില്‍ പങ്കാളിയായത്.

    ReplyDelete
  2. ആന്നാചി...മെട്രൊക്കു ഭൂമിയേറ്റെടുക്കല്‍ എന്തായ്?? കെരളതില്‍ ഇതൊന്നും നദ്ക്കില്ല ./

    ReplyDelete