Friday, September 24, 2010

ഡല്‍ഹിയിലെ സുരക്ഷാ പിഴവുകള്‍

64,000 പേര്‍ അടങ്ങുന്ന ഡല്‍ഹി പൊലീസ് സേന, കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 175 കമ്പനി, ഇവയ്ക്കു പുറമേ ഉത്തര്‍പ്രദേശില്‍നിന്നും ഹരിയാനയില്‍നിന്നുമുളള പൊലീസ് സംഘങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ള സുരക്ഷാ സന്നാഹത്തിന്റെ അംഗബലം ഇങ്ങനെയാണ്. മുട്ടിനു മുട്ടിനുള്ള ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി കാമറകളും പരിശോധനകളും ഗെയിംസിനു മാത്രമായുള്ള പ്രത്യേക പാതകളുമെല്ലാം സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ സുരക്ഷാ കോലാഹലങ്ങള്‍ക്കിടയിലാണ്, നഗരഹൃദയത്തിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദില്‍ ബൈക്കിലെത്തിയ സംഘം രണ്ടു വിദേശികള്‍ക്കു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടത്. വെടിവയ്പിനു പിന്നാലെ തൊട്ടടുത്ത് സ്‌ഫോടനം നടത്താനും ഇവര്‍ക്കു കഴിഞ്ഞു.  71 രാജ്യങ്ങളില്‍നിന്നായി നാലായിരത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് നാം ഒരുക്കിവച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ എത്രമാത്രം പോരായ്മകള്‍ നിറഞ്ഞതാണെന്നു വിളിച്ചുപറയുന്നതാണ് ജുമാമസ്ജിദിലെ സംഭവം. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ തല താഴ്ന്നുപോവത്തക്ക വിധം ഒട്ടേറെ പഴികള്‍ കേട്ട ഗെയിംസ് സംഘാടനത്തെ കൂടുതല്‍ നാണക്കേടിലാഴ്ത്തുന്നതായി സുരക്ഷാ പിഴവുകള്‍.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സുരക്ഷയില്‍ ഒട്ടേറെ രാഷ്ട്രങ്ങള്‍ നേരത്തെ തന്നെ ആശങ്കകള്‍ അറിയിച്ചിരുന്നു. അടിക്കടി ഭീകരപ്രവര്‍ത്തനത്തിന് ഇരയാവുന്ന രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ശക്തമായ സന്നാഹങ്ങള്‍ ഒരുക്കിയേ തീരൂ എന്നാണ് പല രാഷ്ട്രങ്ങളും ആവശ്യപ്പെട്ടത്. ഗെയിംസിനെത്തുന്ന ഒരോ കായികതാരത്തിന്റെയും കാണിയുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായിരിക്കും സംഘാടക സമിതിയുടെ ഒന്നാമത്തെ പരിഗണനയെന്നാണ് ചെയര്‍മാന്‍ സുരേഷ് കല്‍മാഡി പറഞ്ഞുകൊണ്ടിരുന്നത്. കല്‍മാഡിയുടെ ഒട്ടേറെ ഉറപ്പുകള്‍ പോലെ ഇതും പാഴായിപ്പോവുന്നതാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഡല്‍ഹി കണ്ടത്. ജുമാ മസ്ജിദില്‍ ആക്രമണം നടത്തിയത് ഗുണ്ടാ സംഘങ്ങളോ കുസൃതികൂടിയ ചെറുപ്പക്കാരോ ആയിരിക്കാമെന്നാണ് ഡല്‍ഹി പൊലീസ് തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ വെടിവയ്പിനു പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ് ആണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മസ്ജിദിലുണ്ടായത് ഭീകരാക്രമണമാവാനുള്ള സാധ്യത തള്ളുന്നില്ലെന്ന് അന്വേഷകരും പറയുന്നു.

ഡല്‍ഹിയിലെ ആരാധനാലയങ്ങള്‍ക്കു നേരെ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി പൊലീസ് ഇതു കണക്കിലെടുത്തിട്ടേയില്ല. അക്രമണത്തിനു പിന്നാലെ അവരില്‍നിന്നുണ്ടായ തണുത്ത പ്രതികരണം ഗെയിംസിന്റെ സുരക്ഷാസംവിധാനത്തിലെ ദയനീയതയെയാണ് വരച്ചുകാട്ടുന്നത്. ആക്രമണമുണ്ടായി ഏറെ വൈകിയാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കേന്ദ്ര കണ്‍ട്രോള്‍ റൂം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അക്രമികള്‍ രക്ഷപ്പെടുന്ന സാഹചര്യമെങ്കിലും ഒഴിവാക്കാമായിരുന്നു. എന്നാല്‍ പ്രദേശം വളയുന്നതിനോ അക്രമികളെ പിന്തുടരുന്നതിനോ ശരിയായ ആസൂത്രണം ഉണ്ടായില്ല. ജുമാ മസ്ജിദില്‍ അടക്കം പലയിടത്തും പൊലീസ് കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത് ആക്രമണത്തിനു പിന്നാലെയാണ്. ഈ കാമറകള്‍ പൊലീസ് നീരീക്ഷിക്കുന്നുപോലുമുണ്ടായിരുന്നില്ലെന്നാണ് ഇതില്‍നിന്ന് വെളിപ്പെട്ടത്.

സുരക്ഷാ സംവിധാനത്തിലെ പേരിനെങ്കിലുമുള്ള മേന്മ കൊണ്ടല്ല, മറിച്ച് അക്രമികള്‍ വേണ്ടത്ര സജ്ജരായിരുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഈ ഞായറാഴ്ച ഡല്‍ഹിയുടെ കറുത്ത ഞായറാഴ്ചയാവാതിരുന്നത്. ഇത്തരത്തില്‍ നൂല്‍പ്പാലത്തിലൂടെയുള്ള കടന്നുകൂടലില്‍ വിശ്വാസമര്‍പ്പിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെ വലിയൊരു കായിക മാമാങ്കത്തിന് മുന്നോട്ടുപോവാനാവില്ല.

janayugom editorial 22092010

1 comment:

  1. 64,000 പേര്‍ അടങ്ങുന്ന ഡല്‍ഹി പൊലീസ് സേന, കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ 175 കമ്പനി, ഇവയ്ക്കു പുറമേ ഉത്തര്‍പ്രദേശില്‍നിന്നും ഹരിയാനയില്‍നിന്നുമുളള പൊലീസ് സംഘങ്ങള്‍. കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി ഡല്‍ഹിയില്‍ ഒരുക്കിയിട്ടുള്ള സുരക്ഷാ സന്നാഹത്തിന്റെ അംഗബലം ഇങ്ങനെയാണ്. മുട്ടിനു മുട്ടിനുള്ള ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി കാമറകളും പരിശോധനകളും ഗെയിംസിനു മാത്രമായുള്ള പ്രത്യേക പാതകളുമെല്ലാം സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ സുരക്ഷാ കോലാഹലങ്ങള്‍ക്കിടയിലാണ്, നഗരഹൃദയത്തിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദില്‍ ബൈക്കിലെത്തിയ സംഘം രണ്ടു വിദേശികള്‍ക്കു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ടത്. വെടിവയ്പിനു പിന്നാലെ തൊട്ടടുത്ത് സ്‌ഫോടനം നടത്താനും ഇവര്‍ക്കു കഴിഞ്ഞു. 71 രാജ്യങ്ങളില്‍നിന്നായി നാലായിരത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് നാം ഒരുക്കിവച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ എത്രമാത്രം പോരായ്മകള്‍ നിറഞ്ഞതാണെന്നു വിളിച്ചുപറയുന്നതാണ് ജുമാമസ്ജിദിലെ സംഭവം. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ തല താഴ്ന്നുപോവത്തക്ക വിധം ഒട്ടേറെ പഴികള്‍ കേട്ട ഗെയിംസ് സംഘാടനത്തെ കൂടുതല്‍ നാണക്കേടിലാഴ്ത്തുന്നതായി സുരക്ഷാ പിഴവുകള്‍.

    ReplyDelete