Tuesday, September 14, 2010

സതീശന്‍ പറഞ്ഞത് കള്ളം; സുബ്ബ ഇപ്പോഴും കോണ്‍ഗ്രസ് നേതാവ്

ന്യൂദല്‍ഹി: രാജ്യത്ത് ലോട്ടറി മാഫിയയെ നിയന്ത്രിക്കുന്ന മണികുമാര്‍ സുബ്ബ ഇപ്പോഴും കോണ്‍ഗ്രസിന്റെ സമുന്നതെ നേതാവ്. നിലവില്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട് ഒളിവിലാണെന്ന് മാത്രം. സുബ്ബ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തിങ്കളാഴ്ച ലോട്ടറി സംവാദത്തിനിടെ വി.ഡി.സതീശന്‍ എം.എല്‍.എ തിരുവനന്തപുരത്ത് അവകാശപ്പെട്ടിരുന്നു.

അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സുബ്ബ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാജ്യത്തെ ലോട്ടറി മാഫിയക്ക് നേതൃത്വം നല്‍കുന്നതും അവര്‍ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ലോട്ടറി നിയമം അനുകൂലമാക്കുന്നതും സുബ്ബയാണ്.

അസമിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സുബ്ബ്യ്ക്കെതിരെ രംഗത്തുണ്ടെങ്കിലും ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണപിന്തുണ ഉള്ളതിനാല്‍ ലോട്ടറിരാജാവ് സുരക്ഷിതനാണ്. നികുതിവെട്ടിപ്പ്, വ്യാജലോട്ടറി നടത്തിപ്പ്, ആള്‍മാറാട്ടം, ബലാത്സംഗം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് സുബ്ബയെങ്കിലും ഹൈക്കമാന്‍ഡ് കണ്ണടയ്ക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രധാന ഫണ്ട് സ്രോതസ്സായതിനാലാണ് സുബ്ബയ്ക്കെതിരെ നടപടി വരാത്തെതെന്ന് അസമിലെ അദ്ദേഹത്തിന്റെ എതിരാളികള്‍ പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്വിക്കുശേഷമാണ് സുബ്ബ ബലാത്സംഗക്കേസില്‍ പെട്ടത്. ഇതോടെ അസമില്‍ നിന്ന് മുങ്ങിയ സുബ്ബ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണെന്നാണ് സൂചനകള്‍.

സുബ്ബ 25000 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സി.എ.ജി കണ്ടെത്തിയിട്ടും നടപടിയില്ല. സുബ്ബ നേപ്പാള്‍ സ്വദേശിയാണെന്നും ആള്‍മാറാട്ടത്തിലൂടെ ഇന്ത്യന്‍ പൌരത്വം നേടുകയായിരുന്നെന്നും കേസുണ്ട്. നേപ്പാളില്‍ കൊലപാതകക്കേസില്‍ പെട്ട് ഇന്ത്യയിലേക്ക് കടന്ന മണിരാജ് ലിംബോ പിന്നീട് സുബ്ബയായി മാറിയെന്നായിരുന്നു കേസ്. തെളിവില്ലെന്ന് പറഞ്ഞ് സി.ബി.ഐ കേസ് തള്ളി.

ദേശാഭിമാനി 14092010

ലോട്ടറി സംവാദം: പ്രതിപക്ഷത്തിന്റെ വാദം പൊളിച്ച് ധനമന്ത്രി തോമസ് ഐസക്

നിയമലംഘനം നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാത്തത് ലോട്ടറി മാഫിയയുമുള്ള അവരുടെ ബന്ധത്തിന് തെളിവാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറി വിഷയത്തില്‍ പ്രസ്സ്‌ക്ലബില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനുള്ള പരിമിതമായ അധികാരമുപയോഗിച്ച് പരമാവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലോട്ടറി രാജാക്കന്മാരായ മണികുമാര്‍ സുബ്ബ, സുബാഷ് ചന്ദ്ര, സാന്റിയാഗോ മാര്‍ട്ടിന്‍ എന്നിവരുമായി അവിശുദ്ധ കൂട്ടുകെട്ടുള്ളത് കേന്ദ്രസര്‍ക്കാരിനാണ്. മണികുമാര്‍ സുബ്ബ ആസ്സാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷറര്‍ ആയിരുന്നു. കേന്ദ്രം കൊണ്ടുവന്ന ലോട്ടറി ചട്ടങ്ങള്‍ മാഫിയകളെ സഹായിക്കുന്നതാണ്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി കത്തുകള്‍ കേന്ദ്രത്തിന് അയച്ചെങ്കിലും നടപടിയുണ്ടായില്ല. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ എല്ലാ വിധത്തിലുമുള്ള നടപടികളെടുക്കുവാന്‍ അധികാരമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഇതുവരെ നടപടിയുണ്ടാകാത്തത് എന്തെന്ന് വി ഡി സതീശന്‍ വ്യക്തമാക്കണമെന്ന് തോമസ് ഐസക് പറഞ്ഞു.

മേഘ ഡിസ്ട്രിബ്യൂട്ടേഷനും ബാലാജിക്കും കേരളത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കിയത് യു ഡി എഫ് സര്‍ക്കാരാണ്. ഇക്കാര്യം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും കോടതി അത് പുനസ്ഥാപിക്കുകയുമായിരുന്നു. പ്രൊമോട്ടര്‍മാരുടെ ആധികാരികതയെ സംബന്ധിച്ച് സംശയമുള്ളപ്പോഴെല്ലാം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറികള്‍ക്കെതിരെ എടുത്ത 544 കേസുകള്‍ പിന്‍വലിച്ച് സാഷ്ടാംഗം മാപ്പു പറഞ്ഞതെന്തിനെന്നും വ്യക്തമാക്കണം. ആന്റണി സര്‍ക്കാര്‍ മാറി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ലോട്ടറി കേസുകള്‍ കോടതിയില്‍ വാദിച്ച അഭിഭാഷകരും ലോട്ടറി ഡയറക്ടറും മാറി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മേഘാ ഡിസ്ട്രിബ്യൂട്ടേഷന്റെ ഓഫീസുകളില്‍ മൂന്ന് തവണ റെയ്ഡ് നടത്തി. 42 കേസുകള്‍ എടുത്തു. എന്നാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് ചുമത്തിയ നികുതി എന്ത് കൊണ്ട് പിരിച്ചെടുത്തില്ലെന്നും വ്യക്തമാക്കണം. ഓരോ സംസ്ഥാനവും അവരുടെ സ്വന്തം ലോട്ടറി നടത്തട്ടെയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. ഈ മാസം അവസാനത്തോടെ ലോട്ടറി വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പത്രം അന്യം സംസ്ഥാന ലോട്ടറികളില്‍ നിന്ന് പരസ്യം വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനപ്പുറമുള്ള ബന്ധം പാടില്ലെന്നാണ് പാര്‍ട്ടി നാലപാട്. വ്യക്തമായ വിവരങ്ങള്‍ യു ഡി എഫ് ചൂണ്ടിക്കാട്ടിയാല്‍ സമഗ്ര അന്വേഷണം നടത്താന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു.

നിയമലംഘനം നടത്തിയ അന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങിയത് ലോട്ടറി മാഫിയയുമായുള്ള ഒത്തുകളിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മുന്‍കൂര്‍ നികുതി വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. നിലവിലെ ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് തന്നെ സംസ്ഥാന സര്‍ക്കാരിന് നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനാകും. നിയമ ലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ സഹിതം കേന്ദ്രത്തെ അറിയിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനം അയച്ചു എന്ന് പറയുന്ന കത്തുകളില്‍ വിശദമായ വിവരങ്ങളില്ല. നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാവുന്ന നടപടികള്‍ സ്വീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാതിരിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി വിഷയത്തില്‍ വി ഡി സതീശനുമായുള്ള സംവാദത്തില്‍ ധനമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍ പങ്കെടുക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് ധനമന്ത്രി ഇന്നലെ രാവിലെ അറിയിക്കുകയായിരുന്നു.

ജനയുഗം 14092010

3 comments:

  1. രാജ്യത്ത് ലോട്ടറി മാഫിയയെ നിയന്ത്രിക്കുന്ന മണികുമാര്‍ സുബ്ബ ഇപ്പോഴും കോണ്‍ഗ്രസിന്റെ സമുന്നതെ നേതാവ്. നിലവില്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട് ഒളിവിലാണെന്ന് മാത്രം. സുബ്ബ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തിങ്കളാഴ്ച ലോട്ടറി സംവാദത്തിനിടെ വി.ഡി.സതീശന്‍ എം.എല്‍.എ തിരുവനന്തപുരത്ത് അവകാശപ്പെട്ടിരുന്നു.

    അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നുവട്ടം കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച സുബ്ബ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാജ്യത്തെ ലോട്ടറി മാഫിയക്ക് നേതൃത്വം നല്‍കുന്നതും അവര്‍ക്കുവേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ലോട്ടറി നിയമം അനുകൂലമാക്കുന്നതും സുബ്ബയാണ്.

    ReplyDelete
  2. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്വിക്കുശേഷമാണ് സുബ്ബ ബലാത്സംഗക്കേസില്‍ പെട്ടത്. ഇതോടെ അസമില്‍ നിന്ന് മുങ്ങിയ സുബ്ബ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണയിലാണെന്നാണ് സൂചനകള്‍... then how can you calim that he is still in congress.. you dont know where he is! still claims that he is the leader of congress :)

    anyway if subba is a lottery mafia person, doesn't mean that party should support santiago martin and megha distributors!

    ReplyDelete
  3. doesn't mean that party should support santiago martin and megha distributors!

    Which party? congress..ask them..why chidambaram, nalini chidam etc came down to kerala high court to support Martin :)

    ReplyDelete