Saturday, September 18, 2010

സംസ്ഥാന സഹ. ബാങ്കിന്റെ 80 കോടി വെള്ളത്തില്‍

സ്വകാര്യ എജന്‍സിയെ സഹായിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് വഴിവിട്ടു നല്‍കിയ അന്‍പതുകോടി രൂപ പലിശയടക്കം വെള്ളത്തിലായി. യുഡിഎഫ് ഭരണകാലത്ത് നല്‍കിയ ഈ 'വിദ്യാഭ്യാസ വായ്പ'യില്‍ ബാങ്കിന് കിട്ടാനുള്ളത് പലിശയടക്കം 80 കോടി രൂപ. ചില ഉന്നത യുഡിഎഫ് നേതാക്കളുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. നേഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരം നല്‍കുന്നുവെന്ന് കാണിച്ച് കൊച്ചിയിലെ സ്കൈബ്ളൂ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്ന ഏജന്‍സി ബാങ്കിന് നല്‍കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് തട്ടിപ്പ്. ഈ ഏജന്‍സി വഴി അപേക്ഷിച്ച എല്ലാവര്‍ക്കും ഈടൊന്നുമില്ലാതെ ബാങ്ക് വായ്പ അനുവദിക്കുകയായിരുന്നു. തട്ടിപ്പിനിരയായ ചില വിദ്യാര്‍ഥികളുടെ പരാതിയെത്തുന്ന് സ്ഥാപനത്തിന്റെ എംഡി സെബാസ്റ്യന്‍ പി ജോണിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

കര്‍ണാടകത്തിലെ തെരഞ്ഞെടുത്ത പത്ത് നേഴ്സിങ് കോളേജുകളില്‍ അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ച് നേഴ്സിങ് ഉന്നതപഠനത്തിന് സംവിധാനം ഏര്‍പ്പെടുത്തിയെന്നവകാശപ്പെട്ടായിരുന്നു പദ്ധതി. സ്കൈബ്ളൂ വിദ്യാരക്ഷ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയതായും പഠനം കഴിഞ്ഞാലുടന്‍ വര്‍ഷം 30 ലക്ഷം രൂപവരെ ശമ്പളമുള്ള വിദേശജോലി കിട്ടുമെന്നും ഏജന്‍സി ബാങ്കിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. അപേക്ഷകര്‍ക്ക് നാലു ലക്ഷം രൂപ വീതം വായ്പ കൊടുക്കണമെന്ന സെബാസ്റ്യന്റെ നിര്‍ദേശം യുഡിഎഫ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി ഒരു പരിശോധനയും കൂടാതെ അംഗീകരിച്ചു. 2004 ഒക്ടോബര്‍ 14നാണ് സെബാസ്റ്യന്‍ ബാങ്കിന് കത്ത് കൊടുക്കുന്നത്. അധികം വൈകാതെ ഭരണസമിതി പദ്ധതി നടപ്പാക്കാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് സംസ്ഥാന സഹകരണ ബാങ്കുമായി ചേര്‍ന്ന് നേഴ്സിങ് പഠനവായ്പാ പദ്ധതി ആവിഷ്കരിച്ചതായും സ്കൈബ്ളൂ വഴി അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ വായ്പ കിട്ടൂ എന്നും സെബാസ്റ്യന്‍ പത്രങ്ങളില്‍ പരസ്യംചെയ്തു. അപേക്ഷിക്കുന്നവര്‍ക്കെല്ലാം വായ്പ അനുവദിക്കാന്‍ അന്നത്തെ ബാങ്ക് പ്രസിഡന്റ് കെ ആര്‍ അരവിന്ദാക്ഷന്‍ ബാങ്കിന്റെ ശാഖകള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് 20 ശാഖകളും വായ്പ കൊടുത്തു.

2001ല്‍ യുഡിഎഫ് ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു ബാങ്ക് ആകെ നല്‍കിയ വിദ്യാഭ്യാസ വായ്പ. 2004- 2005 വര്‍ഷാവസാനം മൊത്തം വിദ്യാഭ്യാസ വായ്പ 50 കോടിയോളമായി കുതിച്ചുയര്‍ന്നു. മതിയായ പരിശോധനകളൊന്നുമില്ലാതെ കൊടുത്ത വായ്പയിനത്തില്‍ ബാങ്കിന് ഒന്നും തിരിച്ചുകിട്ടിയില്ല. ആയിരക്കണക്കിന് അപേക്ഷകളാണ് സ്കൈബ്ളൂവിന് ലഭിച്ചത്. ഒരു അപേക്ഷകനില്‍നിന്ന് 20,200 രൂപയും സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ വാങ്ങി. പലര്‍ക്കും പ്രവേശനം കിട്ടിയില്ല. പ്രവേശനം കിട്ടിയവരാകട്ടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലാണ് എത്തിപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ചില വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതും സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതും.

കെ എം മോഹന്‍ദാസ് deshabhimani 18092010

No comments:

Post a Comment