Monday, September 27, 2010

ബദല്‍ സോഷ്യലിസം മാത്രം

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സമ്പന്നരാഷ്ട്രമായ അമേരിക്കയില്‍ ഏഴിലൊന്ന് ജനങ്ങള്‍ ദരിദ്രരാണെന്ന വാര്‍ത്ത ലോകജനതയെ പുതിയ ചിന്താസരണിയിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നതാണ്. 1991ല്‍ സോവിയറ്റ്യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് വ്യവസഥയ്ക്ക് തിരിച്ചടിയുണ്ടായപ്പോള്‍ കമ്യൂണിസം തകര്‍ന്നെന്ന് വിളിച്ചുകൂവി ഒരുകൂട്ടമാളുകള്‍ തുള്ളിച്ചാടി ആഹ്ളാദിച്ചു. മാര്‍ക്സിസം മരിച്ചുകഴിഞ്ഞെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിച്ചത്. സമൂഹത്തിന്റെ അന്തിമദിശ മുതലാളിത്തം മാത്രമാണെന്നും മുതലാളിത്തത്തിന് പ്രതിസന്ധി നേരിടേണ്ടിവന്നാലും അതെല്ലാം അതിജീവിക്കാന്‍ ശേഷിയും കരുത്തുമുണ്ടെന്നും കരുതി. മുതലാളിത്ത വ്യവസ്ഥയുടെ മുന്‍പന്തിയിലുള്ള അമേരിക്കന്‍ ഐക്യനാടുകള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഏകധ്രുവലോകത്തിന്റെ നേതൃനിരയിലേക്കുയര്‍ന്നു. അതോടെ സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ആധിപത്യം നേടാന്‍ കഴിഞ്ഞു. ഈ ആധിപത്യം ഉറപ്പിക്കുന്നതിനാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം അടിച്ചേല്‍പ്പിച്ചത്.

അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ച് കീഴ്പ്പെടുത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. എന്നാല്‍, ഈ രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ചെറുത്തുനില്‍പ്പും ശക്തമായിരുന്നു. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഈ രാജ്യങ്ങളുടെമേല്‍ പൂര്‍ണമായ ആധിപത്യം അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ല. അതോടൊപ്പം ഇറാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളെ ചെകുത്താന്റെ സാമ്രാജ്യം എന്ന് വിളിച്ച് ആക്രമിക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു. ഇത്രയധികം അനുകൂലമായ അന്തരീക്ഷം മറ്റൊരു രാഷ്ട്രത്തിനും ലഭിച്ചതായി അറിവില്ല. എന്നിട്ടും അമേരിക്കയ്ക്ക് സാമ്പത്തികത്തകര്‍ച്ച നേരിടേണ്ടിവന്നു എന്നത് മുതലാളിത്ത വ്യവസ്ഥയുടെ അസ്ഥിരതയാണ് വെളിപ്പെടുത്തുന്നത്.

2006 പിറന്നതോടെ അമേരിക്കന്‍ സാമ്രാജ്യത്വം അഗാധമായ സാമ്പത്തികപ്രതിസന്ധിയെ നേരിടാന്‍ നിര്‍ബന്ധിതമായി. 1929ലെ പൊതുസാമ്പത്തികക്കുഴപ്പത്തേക്കാളും രൂക്ഷമായ പ്രതിസന്ധിയാണ് അമേരിക്കന്‍ ഐക്യനാടുകളെ ബാധിച്ചത്. ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് മേഖലയും ഉള്‍പ്പെടെയുള്ള സാമ്പത്തികമേഖലയെ സാമ്പത്തികക്കുഴപ്പം ബാധിച്ചു. സ്വകാര്യബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയ സാമ്പത്തികസ്ഥാപനങ്ങളെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വന്‍തോതില്‍ സഹായം നല്‍കി. എന്നിട്ടും അവയെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളുടെ വരുമാനത്തില്‍ ഗൌരവമായ ചോര്‍ച്ച സംഭവിച്ചു. നൂറുകണക്കിന് ബാങ്കുകള്‍ തകര്‍ന്നു. വികസനത്തോടൊപ്പം തൊഴില്‍സാധ്യതയും വര്‍ധിക്കുകയെന്ന പ്രതിഭാസം അവസാനിക്കുകയും തൊഴില്‍രഹിത വളര്‍ച്ച എന്ന നിലയുണ്ടാകുകയും ചെയ്തു. പുതിയ തൊഴില്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള തൊഴില്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി.

ഇത്തരം ഒരു സാഹചര്യത്തിലാണ് അമേരിക്കയില്‍ ജനസംഖ്യയില്‍ ഏഴിലൊന്ന് ദരിദ്രരാണെന്ന വിവരം പുറംലോകം അറിയുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ദരിദ്രരുടെ എണ്ണം 2009ല്‍ 4.4 കോടിയായി ഉയര്‍ന്നു എന്ന പാട്രിക് മാര്‍ട്ടിന്റെ ലേഖനത്തിലെ പരാമര്‍ശം മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളില്‍ ഞെട്ടലുളവാക്കുന്നതാണ്. അന്തിമദശ മുതലാളിത്തം മാത്രമാണെന്നു വാദിച്ച വിദഗ്ധര്‍ അങ്കലാപ്പില്‍ അകപ്പെട്ടുപോയെങ്കില്‍ അത്ഭുതപ്പെടാനില്ല.

മാര്‍ക്സിസം ഇക്കാര്യം വളരെ മുന്‍കൂട്ടി തിരിച്ചറിഞ്ഞതാണ്. മുതലാളിത്തത്തിന്റെ അന്തിമമായ തകര്‍ച്ച അനിവാര്യമാണെന്ന വിലയിരുത്തല്‍ അസംഭവ്യമല്ലെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും മാര്‍ക്സിസംലെനിനിസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്ന പാര്‍ടിയാണ് സിപിഐ എം. അതുകൊണ്ടുതന്നെയാണ് മാനവരാശിയെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് മുതലാളിത്ത വ്യവസ്ഥയ്ക്കില്ലെന്നും മുതലാളിത്തത്തിനുള്ള ഏകബദല്‍ സോഷ്യലിസം മാത്രമാണെന്നും സിപിഐ എം നിശ്ചയദാര്‍ഢ്യത്തോടെ പ്രഖ്യാപിച്ചത്. അതാകട്ടെ ഇന്ത്യയുടെ ഭരണഘടനയില്‍ എഴുതിവച്ചതും കോണ്‍ഗ്രസ് ഭരണാധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ, ശതകോടീശ്വരന്മാരെ കൂടുതല്‍ കൂടുതല്‍ ധനികരാക്കുകയും ശതകോടീശ്വരന്മാരുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയും എഴുപത് ശതമാനത്തിലധികം ജനങ്ങളെ തൊഴിലില്ലാത്തവരും പട്ടിണിക്കാരും പരമദരിദ്രരുമാക്കിത്തീര്‍ക്കുന്ന സോഷ്യലിസമല്ലെന്ന തിരിച്ചറിവും ജനങ്ങള്‍ക്കുണ്ടാകേണ്ടതുണ്ട്.

ശാസ്ത്രീയ സോഷ്യലിസം സ്വീകരിച്ച ജനകീയ ചൈന ലോകത്തിലെ രണ്ടാമത്തെ സമ്പന്ന രാഷ്ട്രമായി വളരുകയാണ്. ക്യൂബ, വിയത്നാം, വടക്കന്‍കൊറിയ തുടങ്ങിയ രാജ്യങ്ങളുടെയും വളര്‍ച്ച ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മാറ്റവും ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. പരിമിതിക്കകത്തുനിന്നുകൊണ്ട് ബദല്‍ സാമ്പത്തികനയം നടപ്പാക്കുന്ന പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ പുരോഗതിയും ഇതര സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രനയത്തില്‍നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്നതാണ്. മാര്‍ക്സിസത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതാണ് മുതലാളിത്ത ലോകത്തെ ബാധിച്ച പ്രതിസന്ധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളും. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കു മാത്രമേ കഴിയൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വഴിയൊരുക്കുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ എന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 27092010

1 comment:

  1. ഇത്തരം ഒരു സാഹചര്യത്തിലാണ് അമേരിക്കയില്‍ ജനസംഖ്യയില്‍ ഏഴിലൊന്ന് ദരിദ്രരാണെന്ന വിവരം പുറംലോകം അറിയുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന ദരിദ്രരുടെ എണ്ണം 2009ല്‍ 4.4 കോടിയായി ഉയര്‍ന്നു എന്ന പാട്രിക് മാര്‍ട്ടിന്റെ ലേഖനത്തിലെ പരാമര്‍ശം മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളില്‍ ഞെട്ടലുളവാക്കുന്നതാണ്. അന്തിമദശ മുതലാളിത്തം മാത്രമാണെന്നു വാദിച്ച വിദഗ്ധര്‍ അങ്കലാപ്പില്‍ അകപ്പെട്ടുപോയെങ്കില്‍ അത്ഭുതപ്പെടാനില്ല.

    ReplyDelete