Sunday, September 26, 2010

മുന്നേറ്റത്തിന്റെ പുത്തനുണര്‍വുകള്‍

മുന്നേറ്റത്തിന്റെ പുത്തനുണര്‍വുമായി പെരുങ്കടവിള

നെയ്യാറ്റിന്‍കര: വാഴത്തോപ്പുകളായി മാറിയ നെല്‍പ്പാടങ്ങളില്‍ വീണ്ടും കതിര്‍മണികള്‍ വിളയിപ്പിക്കാന്‍ മുന്‍കൈയെടുത്ത പെരുങ്കടവിള പഞ്ചായത്തിന് നാടിന്റെ വികസനമുന്നേറ്റത്തില്‍ എതിരാളികളുടെപോലും ആദരവ് പിടിച്ചുപറ്റാനായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ എല്‍ഡിഎഫ് നയിക്കുന്ന പഞ്ചായത്ത് കൈക്കൊണ്ട നടപടികള്‍ക്ക് ഒരു പുത്തനുണര്‍വ് എല്ലാ രംഗത്തും കൈവരുത്താന്‍ കഴിഞ്ഞതായി പ്രസിഡന്റ് ബി ശ്രീലത പറഞ്ഞു.

പദ്ധതിവിഹിതത്തില്‍ എല്ലാ വര്‍ഷവും 90 ശതമാനത്തിലേറെ ചെലവിടാനായതും കാര്യക്ഷമതയുടെ സാക്ഷ്യപത്രമാണ്. ഒരു വീട്ടില്‍ 25 കോഴി എന്ന ലക്ഷ്യമിട്ട് നടപ്പാക്കിയ കോഴിമുട്ട ഉല്‍പ്പാദനം ലക്ഷ്യംകണ്ടത് വീട്ടമ്മമാര്‍ക്ക് വരുമാനമാര്‍ഗമായി. അതുപോലെ സമഗ്ര കന്നുകുട്ടി പരിപാലനപദ്ധതി പ്രകാരം ശരാശരി ഒരുവര്‍ഷം ആറുലക്ഷം രൂപ ചെലവിട്ടതും ലക്ഷ്യംകണ്ടു. സര്‍ക്കാര്‍ സ്കൂളുകളുടെ ഭൌതികസാഹചര്യം മെച്ചപ്പെടുത്തിയത് വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തി. നൂറ്റാണ്ട് പഴക്കമുള്ള മാരായമുട്ടം ഗവ. എച്ച്എസ്എസില്‍ നടപ്പാക്കിയ പദ്ധതികള്‍ മാത്രം മതിയാകും അതിന്റെ വൈപുല്യം വിളിച്ചോതാന്‍. വിവിധ പദ്ധതികളിലായി ഒരുകോടിയോളം രൂപയാണ് സര്‍ക്കാര്‍ സ്കൂളിലേക്കായി ചെലവിട്ടത്. പാണ്ഡവന്‍പാറയില്‍ അനധികൃതഖനനം പൂര്‍ണമായും നിര്‍ത്തലാക്കിയത് പരിസ്ഥിതിസ്നേഹികളെയും നാട്ടുകാരെയും സന്തോഷത്തിലാക്കി. സമ്പൂര്‍ണ ഇ എം എസ് ഭവനപദ്ധതിയിലൂടെ സാധാരണ മനുഷ്യന്റെ ഭൌതികജീവിതത്തിലെ സുരക്ഷിതമായ സ്വന്തമായ ഭവനമെന്ന സ്വപ്നം നിറവേറി. ഈ പഞ്ചായത്തില്‍ സ്വന്തമായി ഭവനമില്ലാത്ത ഒരു പട്ടികജാതി കുടുംബവുമില്ല എന്ന ഖ്യാതിയും നേടി. ആയിരത്തിലേറെ വീടുകളാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്.

ജനഹൃദയങ്ങളില്‍ സ്ഥാനംനേടി വെമ്പായം

നെടുമങ്ങാട്: ജനക്ഷേമവികസനപാതയില്‍ സമഗ്ര പുരോഗതിയുമായി വെമ്പായം പഞ്ചായത്ത്. എന്‍ തുളസീധരന്‍നായരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സ്ഥാനം ഒഴിയുന്നത് അഭിമാനത്തോടെ. എല്‍ഡിഎഫ് ഭരണസമിതി മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. കൃഷി-മൃഗസംരക്ഷണം, അടിസ്ഥാനസൌകര്യവികസനം, ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി, സമ്പൂര്‍ണ ശുചിത്വ ആരോഗ്യപരിപാടി, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി. താഴിലും വീടും, ഇ എം എസ് ഭവനപദ്ധതി എന്നീ പദ്ധതികള്‍പ്രകാരം 600 പേര്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. സ്വന്തമായി ഭൂമിയില്ലാത്ത നൂറുപേര്‍ക്ക് ഭൂമി വാങ്ങി നല്‍കിയാണ് വീട് നിര്‍മിച്ചത്. ഭക്ഷ്യവിള മെച്ചപ്പെടുത്താന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. നെല്‍ക്കൃഷി തിരിച്ചുകൊണ്ടുവരുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. കര്‍ഷകര്‍ക്ക് പൊതു ഞാറ്റടി, വളം സബ്സിഡി, ഉഴവുയന്ത്രം, നടീല്‍യന്ത്രം, മെതിയന്ത്രം എന്നിവ നല്‍കി. നെല്‍വയല്‍ വികസന സമിതി പ്രവര്‍ത്തനക്ഷമമാക്കി. ക്ഷീരകര്‍ഷകരുടെ കുടുംബത്തെ സഹായിച്ചതിന്റെ ഫലമായി കറവമാടുകളുടെ എണ്ണം ഇരട്ടിയാക്കി. നാളികേരകര്‍ഷകരെ സഹായിക്കാന്‍ സമഗ്രകൃഷി നടപ്പാക്കി. മൃഗസംരക്ഷണ ഓഫീസിന്റെയും കൃഷി ഓഫീസിന്റെയും അടിസ്ഥാനസൌകര്യം വികസിപ്പിച്ചു.

പഞ്ചായത്തിനെയാകെ അലട്ടിയിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മാതൃകാപരമായ പദ്ധതികളിലൂടെ കഴിഞ്ഞു. വിദ്യാഭ്യാസമേഖലയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. സ്കൂളുകളില്‍ 100 ശതമാനം വിജയം ആവര്‍ത്തിക്കുന്നതിന് അവസരം ഒരുക്കി. സ്കൂളുകളുടെ അടിസ്ഥാനസൌകര്യം വികസിപ്പിച്ച് പഠനനിലവാരം മെച്ചപ്പെടുത്തി. അങ്കണവാടികളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശിശുസൌഹൃദ ടോയ്ലെറ്റ്, ഭക്ഷ്യധാന്യ സംഭരണികള്‍, കളിക്കോപ്പുകള്‍, ഗ്യാസ് കണക്ഷന്‍ എന്നിവ സ്ഥാപിച്ചു. സ്ത്രീശാക്തീകരണത്തോടൊപ്പം വികസനത്തിന്റെയും സേവനത്തിന്റെയും ഭാഗമാക്കി കുടുംബശ്രീകള്‍വഴി വനിതകളെ മാറ്റാന്‍ കഴിഞ്ഞു. അഗതികള്‍, നിരാലംബര്‍, വിധവകള്‍, വികലാംഗര്‍, പ്രായം കഴിഞ്ഞ അവിവാഹിതകള്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്കരിച്ചു. ഗതാഗതസൌകര്യം മെച്ചപ്പെടുത്തി. ഇപ്രകാരം ജനക്ഷേമപ്രവൃത്തികള്‍ നടത്തി ജനഹൃദയങ്ങളില്‍ സ്ഥാനംപിടിക്കാന്‍ വെമ്പായം പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

കരവാരം പഞ്ചായത്ത്: ജനാഭിലാഷത്തിന്റെ അഞ്ചാണ്ട്

കിളിമാനൂര്‍‍: ജനാഭിലാഷത്തോടെ എല്ലാ മേഖലയിലും വികസനമെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് കരവാരം പഞ്ചായത്ത്. മുമ്പെങ്ങുമുണ്ടാകാത്ത വിധം ജനാഭിലാഷം സാക്ഷാത്കരിച്ചതിന്റെ ചാരിതാര്‍ഥ്യവുമായാണ് പ്രസിഡന്റ് കെ ബേബിഗിരിജയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കുന്നത്. ഉല്‍പ്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ എട്ടുകോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് നിവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പഞ്ചായത്ത് ഓഫീസ് തോട്ടയ്ക്കാട് ജങ്ഷനിലേക്ക് മാറ്റുക എന്നത്. 30,10,000 രൂപ ചെലവില്‍ നിര്‍മിച്ച പുതിയ മന്ദിരം ജൂണ്‍ 24ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തതോടെ ആ സ്വപ്നം സാക്ഷാത്കരിച്ചു.

വഞ്ചിയൂര്‍ മാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കുന്നതിന് 11 ലക്ഷം രൂപ ചെലവിട്ട് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചു. ഇ എം എസ് ഭവന നിര്‍മാണ പദ്ധതിയില്‍ 278 വീടുകളാണ് പൂര്‍ത്തിയാകുന്നത്. യന്ത്രവല്‍കൃത നെല്‍കൃഷിയിലൂടെ നെല്‍കര്‍ഷകരെ കൃഷിയില്‍ ഉറപ്പിച്ചു നിര്‍ത്തി. പവര്‍ട്രില്ലറുകള്‍, കൊയ്ത്ത്, മെതി യന്ത്രങ്ങള്‍ എന്നിവ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്തു. 31 അങ്കണവാടികള്‍ക്കും ഗ്യാസ്കണക്ഷനും പ്രഷര്‍ കുക്കറും, ധാന്യസംഭരണിയും നല്‍കി. 714 വനിതകള്‍ക്ക് ആടുവളര്‍ത്തല്‍ പദ്ധതിയിലൂടെ ജീവിതമാര്‍ഗം തുറന്നുകിട്ടി. 10,050 കോഴിക്കുഞ്ഞുങ്ങളെ വിതരണംചെയ്തു. പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൌകര്യവികസനത്തിന് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിരവധി പദ്ധതികള്‍ നടപ്പാക്കി. പട്ടികജാതിയില്‍പെട്ട 360 പേര്‍ക്ക് വീടും 160 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായവും നല്‍കി. നെല്ലിക്കുന്ന് കോളനിയില്‍ 15 ലക്ഷം രൂപ ചെലവില്‍ റോഡും പാലവും നിര്‍മിച്ചു. മുടിയോട്ടുകോണം കോളനി സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. 285 കുടുംബങ്ങര്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ധനസഹായം അനുവദിച്ചു. 84 പേര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കി. ആശ്രയ പദ്ധതിയുടെ സഹായം 102 കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി.

ജനാഭിലാഷം സാക്ഷാല്‍ക്കരിച്ച് ചിറയിന്‍കീഴ്

ആറ്റിങ്ങല്‍: എല്ലാ മേഖലയിലും ജനാഭിലാഷം സാക്ഷാല്‍ക്കരിക്കാനായതിന്റെ അഭിമാനത്തിലാണ് ചിറയിന്‍കീഴ് പഞ്ചായത്ത്. ജനങ്ങള്‍ ആഗ്രഹിച്ചതിനേക്കാള്‍ ചെയ്തെന്ന ചാരിതാര്‍ഥ്യത്തോടെയാണ് പ്രസിഡന്റ് പി മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കുന്നത്. ആരോഗ്യമേഖലയില്‍ പെരുമാതുറ പ്രൈമറി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം, കിടക്കകളോടുകടിയ മറ്റൊരു കെട്ടിടം, ചുറ്റുമതില്‍, ആനത്തലവട്ടം ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടവും ചുറ്റുമതിലും, കടകം ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാനാവശ്യമായ ഭൂമി എന്നിവയ്ക്കു പുറമെ എല്ലാ ആശുപത്രിയിലും ആവശ്യത്തിനു മരുന്നും മറ്റും ലഭ്യമാക്കാനായി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള തൊണ്ണൂറ് ശതമാനം കുടുംബങ്ങളെയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും ജനന-മരണ രജിസ്ട്രേഷന്‍ നടക്കുന്ന പഞ്ചായത്തായ ഇവിടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ കാലതാമസമില്ലാതെ താലൂക്ക് ആശുപത്രിയില്‍ 'കിയോസ്ക്' സ്ഥാപിച്ച് തത്സമയം സര്‍ട്ടിഫിക്കറ്റ് വിതരണ സംവിധാനം ഒരുക്കി.

കാര്‍ഷികമേഖലയില്‍ തരിശായി കിടന്ന നെല്‍പ്പാടങ്ങളിലാകെ ജനകീയസമിതികളുടെ നേതൃത്വത്തില്‍ കൃഷിയിറക്കി മെച്ചപ്പെട്ട വിളവ് കൊയ്തെടുത്തു. വിദ്യാഭ്യാസമേഖലയില്‍ മേല്‍കടയ്ക്കാവൂര്‍, ആര്യവിലാസം, പിള്ളയാര്‍ക്കുളം, ശാര്‍ക്കര, പെരുമാതുറ സെന്റ് അലോഷ്യസ്, സെന്റ് വെറോണിക്ക എന്നീ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളും പാലവിള, പടനിലം സ്കൂളുകളില്‍ ചുറ്റുമതിലും നിര്‍മിച്ചു. എല്ലാ ക്ളാസിലും ഫാന്‍ സ്ഥാപിച്ചു. എല്ലാ അങ്കണവാടിയിലും വൈദ്യുതിയും കുടിവെള്ളവും എത്തിച്ചു. മൂന്ന് അങ്കണവാടിക്ക് കെട്ടിടം നിര്‍മിച്ചു. പുതുതായി എട്ട് അങ്കണവാടി ആരംഭിച്ചു. 337 കുടുംബശ്രീ യൂണിറ്റിലായി 6700 കുടുംബങ്ങളിലെ വനിതകളെ അംഗങ്ങളാക്കി വിവിധ സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികളിലൂടെ സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിച്ചു. 12 കോടിയോളം രൂപ വായ്പയായി ലഭ്യമാക്കി.2878 കുടുംബത്തിലെ 5145 പേരെ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി 56,000 തൊഴില്‍ദിനം സൃഷ്ടിച്ചു. ആരോഗ്യപരിപാലനരംഗം കാര്യക്ഷമമാക്കി. ചിറയിന്‍കീഴിന്റെ പ്രിയപ്പെട്ട പ്രേംനസീറിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായി. കേരള വാട്ടര്‍ അതോറിറ്റിയുടെ കൌണ്ടര്‍ സംവിധാനം, കെഎസ്ആര്‍ടിസി സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസ്, പുതിയ ബസ് റൂട്ടുകള്‍, കായലോര ടൂറിസം പദ്ധതി, ദേശീയ ജലപാത, റെയില്‍വേ മേല്‍പ്പാലം എന്നിവ അനുവദിച്ചുകിട്ടുന്നതിലും പഞ്ചായത്ത് ഭരണസമിതി കാര്യമായ പങ്കുവഹിച്ചു.

അഞ്ചല്‍: തര്‍ക്കമില്ലാത്ത വികസനം


അഞ്ചല്‍: സ്ഥലനാമത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന അഞ്ചലില്‍ തര്‍ക്കമില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ചല്‍ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയതെന്ന് അഞ്ചല്‍ ടൌണിലെ വ്യാപാരിയായ പ്രതാപന്‍ വിലയിരുത്തുന്നു.

ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയിലേക്കുള്ള പ്രവേശനകവാടമായ അഞ്ചല്‍ ടൌണ്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണ്. ഇവിടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമീപ പഞ്ചായത്തുകള്‍ക്കാകെ പ്രയോജനംചെയ്യുന്നു. അഞ്ചല്‍ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന അഞ്ചല്‍ മിനി സിവില്‍സ്റ്റേഷന്‍ പണിയുന്നതിന് പഞ്ചായത്ത് സ്ഥലം നല്‍കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തത് ഏറെ അഭിമാനകരമാണ്. പരമ്പരാഗതമായ അഞ്ചലിലെ കാകറി ചന്തയിലെ മാലിന്യം നീക്കംചെയ്ത് പുതിയ കച്ചവടസ്റ്റാളുകള്‍ നിര്‍മിച്ചു. അഞ്ചല്‍ പൊലീസ് സ്റ്റേഷന്‍ സൌകര്യപ്രദമായ സ്ഥലത്ത് പണിയുന്നതിനായി കന്നുകാലി ചന്തയില്‍ പഞ്ചായത്ത് വക സ്ഥലം വിട്ടുകൊടുത്തു. അവിടെ പൊലീസ് സ്റ്റേഷന്‍ കോംപ്ളക്സ് പണിയുന്നതിനുള്ള നടപടി ആരംഭിച്ചു.

പഞ്ചായത്തില്‍ നടപ്പാക്കിയ നീര്‍ത്തടപദ്ധതികളിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കുമായി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന്റെ രണ്ടംനിലയായി കാര്‍ഷിക വിപണനകേന്ദ്രം നിര്‍മാണം ആരംഭിച്ചു. പലവിധകാരണങ്ങളാല്‍ സാമൂഹികമായി പിന്നോക്കംനില്‍ക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ നല്‍കുന്ന 'പഠനവീട്' എന്ന പദ്ധതി വിജയകരമായി നടപ്പാക്കി. പാവപ്പെട്ടവന് അന്തിയുറങ്ങാന്‍ ഇടം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് നടപ്പാക്കിയ ഇ എം എസ് ഭവനപദ്ധതി പ്രകാരം 413 വീടുകളും എന്‍ എന്‍ ലക്ഷംവീട് പദ്ധതിപ്രകാരം ലക്ഷം വീടുകള്‍ നവീകരിക്കുകയുംചെയ്തു.

ചടയമംഗലം: മികവുകളുടെ മുന്നേറ്റം

ചടയമംഗലം: വികസനമുന്നേറ്റത്തിന്റെ മികവാര്‍ന്ന അഞ്ച് വര്‍ഷക്കാലമാണ് കടന്നുപോയതെന്ന് ചടയമംഗലം പഞ്ചായത്ത് നിവാസികളുടെ അനുഭവസാക്ഷ്യം. വികസന മുന്നേറ്റത്തിന്റെ കുതിപ്പില്‍, കേരളമാകെ ചലിച്ചപ്പോള്‍ പഞ്ചായത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചതായി ചടയമംഗലത്തെ ഓട്ടോഡ്രൈവറായ സജീവ് മന്‍സില്‍ ഷെഫീക്ക് പറയുന്നു.

സ്ഥലപരിമിതികൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന ചടയമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് തൊട്ടടുത്ത് സൌകര്യപ്രദമായ സ്ഥലത്ത് നാലേക്കര്‍ സ്ഥലം ഏറ്റെടുത്ത് കെഎസ്ആര്‍ടിസിക്ക് കൈമാറി. സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്റെ നിര്‍മാണം ഒരു കോടി അഞ്ച്ലക്ഷം രൂപ ചെലവില്‍ നിര്‍മാണത്തിന്റെ അന്ത്യഘട്ടത്തിലാണ്. ട്രഷറി ഓഫീസ്, പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്നു. എക്സൈസ് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം, മൃഗാശുപത്രിക്ക് സ്ഥലം തുടങ്ങി അനുവദിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അടിസ്ഥാനസൌകര്യവും സംസ്ഥാന തേന്‍ സംഭരണകേന്ദ്രത്തിന് സ്ഥലം തുടങ്ങി എല്ലാ മേഖലയിലും അടിസ്ഥാനസൌകര്യം ഒരുക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അങ്കണവാടികള്‍ക്കും കെട്ടിടം വച്ചുനല്‍കി. പതിനൊന്ന് ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്ത മാലിന്യപ്ളാന്റ് ഏറെ വേറിട്ട വികസന കാഴ്ചയാണ്.

കാര്‍ഷിക രംഗത്തെ പുരോഗതിയും അര്‍ഹരായവര്‍ക്ക് ഇ എം എസ് ഭവനപദ്ധതിയിലൂടെ വീടുവച്ച് നല്‍കിയതും വന്‍നേട്ടമായികാണുകയാണ് കണ്ണന്‍ണ്‍കോട് വിജയവിലാസത്തില്‍ എസ് മധുസൂദനന്‍പിള്ള. തരിശുകിടന്ന നിലങ്ങളില്‍ പച്ചപ്പിന്റെയും അധ്വാനത്തിന്റെയും പുതിയ ചരിത്രം രേഖപ്പെടുത്തികഴിഞ്ഞു. രോഗംബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുന്നതിന് തുകയും പുതിയ ഇനം തെങ്ങിന്‍ തൈകളും വിതരണംചെയ്തു. കുരുമുളക്-വാഴ കൃഷികളെ പ്രത്യേകം പരിപോഷിപ്പിച്ചു. ഒറ്റഞാര്‍ കൃഷി സാര്‍വത്രികമാക്കി.

ദേശാഭിമാനി 25092010

No comments:

Post a Comment