Monday, September 27, 2010

ബംഗാളിന്റെ നെല്ലറ കാക്കാന്‍ പഞ്ചായത്തും സ്ത്രീകളും

ബര്‍ധമാന്‍: പശ്ചിമബംഗാളിന്റെ നെല്ലറയാണ് ബര്‍ധമാന്‍. കുറഞ്ഞ വിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ടിവന്ന് നഷ്ടംമാത്രം നേരിട്ട കര്‍ഷകരുടെ കൂട്ടായ്മയിലൂടെയാണ് ബര്‍ധമാന്‍ ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. കര്‍ഷകരുടെ സഹായത്തിന് പഞ്ചായത്തുകളും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളും എത്തിയതോടെ ബര്‍ധമാന്റെ ചിത്രം മാറി. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംഭരണവില കിട്ടുന്ന കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെയാണ് വീണ്ടും കൃഷിയിറക്കുന്നത്.

ബര്‍ധമാന്റെ മാത്രം അനുഭവമല്ലയിത്, രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തിലേക്ക് സംഭാവന നല്‍കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന ബംഗാളിലെ കാര്‍ഷിക മേഖലയാകെ സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും തണലിലാണ്. 6.55 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി നടത്തുന്ന ബര്‍ധമാനില്‍ നെല്ലുല്‍പ്പാദനം 2.008 കോടി ട ആണ്. ഉല്‍പ്പാദനക്ഷമതയാകട്ടെ, പഞ്ചാബിനും ഹരിയാനയ്ക്കുമൊപ്പം-ഹെക്ടറിന് 3,063 കിലോഗ്രാം. ജില്ലയുടെ പടിഞ്ഞാറും തെക്കും മേഖലകളിലാകെ അതിവിശാലമായ നെല്‍പ്പാടങ്ങളാണ്. 30 വര്‍ഷം മുമ്പ് കേവലം 70 അരിമില്ലുകള്‍ മാത്രമുണ്ടായിരുന്ന ഇവിടെയിപ്പോള്‍ നാനൂറിലധികം അരിമില്ലുകളുണ്ട്. ഭൂപരിഷ്കരണംമൂലം ഭൂമി ലഭിച്ച ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉത്സാഹമാണ് ഈ മേല്‍ക്കൈക്ക് കാരണം.

കൊയ്ത്ത് കഴിഞ്ഞാല്‍ കര്‍ഷകര്‍ കൊടുംചൂഷണത്തിന് ഇരയാകുന്നതായിരുന്നു മുമ്പ് ബര്‍ധമാനിലെ അവസ്ഥ. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടനിലക്കാര്‍ ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് നെല്ല് മുഴുവന്‍ വാങ്ങും. താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍ വില്‍ക്കാന്‍ നെല്ലുണ്ടാകില്ല. ഇത് പരിഹരിക്കാനാണ് പഞ്ചായത്തുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ നെല്ലു സംഭരണവും സംസ്കരണവും തുടങ്ങിയത്. കര്‍ഷകര്‍ക്ക് അഡ്വാന്‍സായി തുക നല്‍കി സ്വയംസഹായ സംഘങ്ങള്‍ നെല്ല് സംഭരിച്ചു. ഇത് മില്ലുകളില്‍ കൊടുത്ത് അരിയാക്കി എഫ്സിഐയെ ഏല്‍പ്പിക്കുന്നതും സ്വയംസഹായ സംഘങ്ങളാണ്. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്ത് സമിതി എന്ന പേരില്‍ അറിയപ്പെടുന്ന ബ്ളോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സാമ്പത്തികസഹായവും മേല്‍നോട്ടവും നെല്ലു സംഭരണത്തെ വന്‍ വിജയമാക്കി.

ജില്ലയിലെ നെല്‍കൃഷിചെയ്യുന്ന ഭൂമിയില്‍ 75 ശതമാനത്തിലും ജലസേചന സൌകര്യമെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ബര്‍ധമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദയശങ്കര്‍ സര്‍ക്കാര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. വര്‍ഷകാലത്ത് 30 ഗ്രാമത്തിലെ നെല്‍കൃഷി പൂര്‍ണമായും നശിക്കുമായിരുന്നു. 25 കിലോമീറ്റര്‍ നീളത്തില്‍ ബണ്ട് കെട്ടി ഈ ഗ്രാമങ്ങളെ പ്രളയത്തില്‍നിന്ന് രക്ഷിച്ചു. ഒരു ദിവസം ഒരു കോടി രൂപയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം വേതനമായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009-10 സാമ്പത്തികവര്‍ഷം രാജ്യത്തെ കാര്‍ഷിക വളര്‍ച്ചനിരക്ക് പൂജ്യത്തിനു താഴെ 0.2 ശതമാനത്തില്‍ എത്തിയപ്പോള്‍ പശ്ചിമബംഗാളിലെ കാര്‍ഷിക വളര്‍ച്ചനിരക്ക് 4.2 ശതമാനമായിരുന്നു. ഐല ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിട്ടും ഈ നേട്ടമുണ്ടാക്കാന്‍ ബംഗാളിനെ സഹായിച്ചത് ഏറ്റവും താഴ്ന്ന തലങ്ങളില്‍ വരെയെത്തുന്ന പഞ്ചായത്തുകളുടെ ഇടപെടലാണ്.
(വി ജയിന്‍)

1 comment:

  1. പശ്ചിമബംഗാളിന്റെ നെല്ലറയാണ് ബര്‍ധമാന്‍. കുറഞ്ഞ വിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ടിവന്ന് നഷ്ടംമാത്രം നേരിട്ട കര്‍ഷകരുടെ കൂട്ടായ്മയിലൂടെയാണ് ബര്‍ധമാന്‍ ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. കര്‍ഷകരുടെ സഹായത്തിന് പഞ്ചായത്തുകളും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളും എത്തിയതോടെ ബര്‍ധമാന്റെ ചിത്രം മാറി. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംഭരണവില കിട്ടുന്ന കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെയാണ് വീണ്ടും കൃഷിയിറക്കുന്നത്.

    ReplyDelete