Monday, September 20, 2010

ഈ ചൂളംവിളി ചരിത്രത്തിലേക്ക്...

പുരുഷാരം ഉത്സവമേളം തീര്‍ത്ത ചരിത്രത്തിലേക്ക് കൊച്ചുതീവണ്ടിക്ക് ഹൃദയപൂര്‍വം യാത്രചൊല്ലി. കേരളത്തിലെ മീറ്റര്‍ഗേജ് യുഗത്തിന് തിരശീല വീണു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥ പരിശോധനകള്‍ക്കായി തിങ്കളാഴ്ചയും സര്‍വീസ് ഉണ്ടാകുമെന്ന് ദക്ഷിണറെയില്‍വെ അധികൃതര്‍ രാത്രി വൈകി അറിയിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷമൊരുക്കിയാണ് കേരളത്തിലെ അവസാന മീറ്റര്‍ഗേജ് സര്‍വീസായി നിലനിന്നിരുന്ന പുനലൂര്‍ ചെങ്കോട്ട തീവണ്ടിയുടെ അവസാന സഞ്ചാരത്തിന് കിഴക്കന്‍ മലയോരം വീരോചിത യാത്രയയപ്പേകിയത്.
പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലെ മീറ്റര്‍ഗേജ് ട്രാക്കിലൂടെ 750-ാം നമ്പര്‍ 'മനുഷ്യവണ്ടി' രാത്രി 7.05നാണ് നീണ്ട ചൂളംവിളിയോടെ മെല്ലെ ചെങ്കോട്ടയിലേക്ക് യാത്രയായത്. പുഷ്പഹാരങ്ങള്‍ ചാര്‍ത്തിയും കൊടിതോരണങ്ങള്‍ കെട്ടിയലങ്കരിച്ചും വിവിധ വര്‍ണ പോസ്റ്ററുകളില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും ആയിരങ്ങള്‍ തീവണ്ടി എന്‍ജിനിലും ബോഗികളിലും കമ്പാര്‍ട്ട്മെന്റുകളിലും മുകളിലും നിറഞ്ഞുനിന്ന് പുതുമയുള്ള അലങ്കാരം ചാര്‍ത്തി താളമേളങ്ങളോടെയും ആര്‍പ്പുവിളികളോടെയുമായിരുന്നു ഉത്സവന്തരീക്ഷത്തില്‍ തീവണ്ടിയുടെ ഒപ്പം ചരിത്രയാത്രയില്‍ പങ്കാളികളായത്. അവസാന വണ്ടിയിലൊന്നു കയറിപ്പറ്റി യാത്രചെയ്യാന്‍ തിക്കുംതിരക്കുയായിരുന്നു.

ഞായറാഴ്ച രാവിലെ മുതല്‍ ചെങ്കോട്ടയിലേക്കുള്ള മീറ്റര്‍ഗേജ് തീവണ്ടി സര്‍വീസുകളില്‍ സൂചികുത്താനിടമില്ലാത്തവിധം തിരക്കായിരുന്നു. അഞ്ച് ബോഗികളിലും നില്‍ക്കാനിടമില്ലാതായപ്പോള്‍ തീവണ്ടി എന്‍ജിനിലേക്കും എന്‍ജിന്‍ മുറിയുടെ ഇരുവശങ്ങളിലും മുന്നിലും ഇടംപിടിച്ച് യാത്രചെയ്തവര്‍ നിരവധി. രാവിലെ ടിക്കറ്റെടുത്ത നൂറുകണക്കിനാളുകള്‍ക്ക് തീവണ്ടിയിലിടം കിട്ടിയില്ല. ഒടുവില്‍ ഉച്ചയ്ക്കും വൈകിട്ടുമുള്ള തീവണ്ടികളില്‍ കാത്തുനിന്ന് യാത്രചെയ്ത് പുനലൂര്‍ ചെങ്കോട്ടപാതയിലെ അവിസ്മരണീയ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ ആളുകള്‍ തയ്യാറായി. ക്യാമറകളിലും കാഴ്ച്ചകള്‍ ഒപ്പാന്‍ മത്സരിക്കുകയായിരുന്നു എല്ലാവരും. വൈകിട്ട് ആറ് മണിയോടെ ചെങ്കോട്ടയില്‍നിന്ന് 750-ാം നമ്പര്‍ തീവണ്ടിയെത്തുന്നതുംകാത്ത് ആയിരങ്ങളാണ് പുനലൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്നത്. കല്ലടയാറിന് കുറുകെയുള്ള മേല്‍പ്പാലത്തിലൂടെ തീവണ്ടി പുനലൂരിലേക്ക് എത്തിയപ്പോഴേക്കും നീണ്ട ചൂളംവിളി ഉയര്‍ന്നു. ആയിരങ്ങള്‍ നിരന്നുനിന്ന തീവണ്ടി ഏറെ ആരവമുയര്‍ത്തി എത്തിച്ചേര്‍ന്നപ്പോള്‍ എല്ലാവരും ആഹ്ളാദപൂര്‍വം കരങ്ങള്‍ വീശി അഭിവാദ്യമേകി. പുനലൂര്‍ സ്റ്റേഷനിലേക്ക് വരവേറ്റു. മീറ്റഗേജ് തീവണ്ടി എന്‍ജിന്‍ ഷണ്ടിംഗ് നടത്തിയപ്പോഴും എന്‍ജിനില്‍നിന്ന് ആളുകള്‍ ഇറങ്ങിയില്ല. ചെങ്കോട്ടയില്‍നിന്ന് പുനലൂരിലേക്ക് എത്തിയവരില്‍ ഭൂരിഭാഗവും മടക്കയാത്രയിലും പങ്കാളികളായി.
(അരുണ്‍ മണിയാര്‍)

ഇത് ചരിത്ര നിയോഗം

പതിമൂന്ന് വര്‍ഷത്തെ സര്‍വീസിനിടെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ ഇത്രയേറെ ജനങ്ങളെ കയറ്റി താന്‍ സര്‍വീസ് നടത്തിയിട്ടില്ലെന്നും തന്റെ ജീവിതത്തിലെ ചരിത്രനിയോഗമാണിതെന്നും പറയുമ്പോള്‍ 750-ാം നമ്പര്‍ മീറ്റര്‍ഗേജ് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ചെങ്കോട്ട സ്വദേശി ആര്‍ കാളിരാജിന്റെ കണ്ണില്‍ ആനന്ദാശ്രു നിറയുന്നു. ചെങ്കോട്ടയിലേക്ക് പുനലൂരില്‍നിന്ന് കേരളത്തിലെ മീറ്റര്‍ഗേജ് സര്‍വീസിനെ ചരിത്രത്തിലേക്ക് ചൂളം മുഴക്കി ഓടിക്കാന്‍ നിയോഗിക്കപ്പെട്ടത് ആര്‍ കാളിരാജിനെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കുന്നിക്കോട് ജലീലിയ മന്‍സിലില്‍ ഐ അബ്ദുള്‍ ജബ്ബാറിനെയുമായിരുന്നു. ഈ പാതയില്‍ ആറ് വര്‍ഷമായി തീവണ്ടിയോടിക്കുകയായിരുന്നു ജബ്ബാര്‍. ഉന്നതോദ്യോഗസ്ഥ പരിശോധനയ്ക്കായി തിങ്കളാഴ്ചകൂടി സര്‍വീസ് ഉണ്ടെങ്കിലും ഞായറാഴ്ച തീവണ്ടിക്ക് ഔപചാരികമായി യാത്രാമൊഴി നേരാനെത്തിയവര്‍ ഡ്രൈവര്‍മാരെ പൊന്നാടചാര്‍ത്തിയും പൂമാലയിട്ടും ബൊക്കെ നല്‍കിയും കൈകൊടുത്തും അഭിവാദ്യം ചെയ്തു.

മുന്നിലെ ട്രാക്ക് കാണാന്‍ കഴിയാത്തവിധം അപകടകരമായ യാത്രയായിരുന്നു ഞയറാഴ്ചയിലേതെന്ന് കാളിരാജ് പറഞ്ഞു. ആര്യങ്കാവില്‍വച്ച് തീവണ്ടിക്ക് മുകളില്‍നിന്ന് ആറ് പേര്‍ താഴെവീണ് പരിക്കേറ്റു. പതിമൂന്ന് കണ്ണറ പാലത്തിലൂടെയും പുനലൂരിലെ കല്ലടയാറിന് മുകളിലൂടെയും തീവണ്ടിക്ക് മുകളില്‍നിന്നിരുന്ന നൂറുകണക്കിനാളുകള്‍ക്ക് അപകടം പിണയാത്തവിധം മെല്ലെ തിവണ്ടിയോടിച്ചുവെന്ന് ഇരുവരും പറഞ്ഞു. തെന്മലയിലെയും ആര്യങ്കാവ് കോട്ടവാസലിലെയും കൂറ്റന്‍ തുരങ്കങ്ങള്‍ക്ക് മുന്നില്‍ തീവണ്ടി നിര്‍ത്തിയശേഷം ബോഗികള്‍ക്ക് മുകളില്‍ നിന്നിരുന്നവരെ ഇരുത്തിയശേഷമാണ് അപകടമില്ലാതെ സാഹസികമായി മറുവശത്തെത്തിച്ചത്. ഒറ്റക്കല്ലില്‍വച്ച് റെയില്‍വേ ട്രാക്കിലൂടെ നടന്ന വൃദ്ധന്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. അവസാന തീവണ്ടിയാത്ര എല്ലാവര്‍ക്കും ആവേശകരമാക്കാന്‍ നീണ്ട ചൂളം മുഴക്കി എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരാനും ഇവര്‍ തായാറായി. വിടുകളില്‍നിന്ന് ഭക്ഷണപൊതികളുമായി തീണ്ടിയില്‍ കയറിപ്പറ്റിയവരുടെ യാത്ര ജീവിതത്തിലെ മറക്കാനാകാത്തതായി. അധികമാരും മീറ്റര്‍ഗേജിന്റെ തീവണ്ടിയാത്രയില്‍ ടിക്കറ്റെടുത്തിരുന്നുമില്ല.

ദേശാഭിമാനി 20092010

1 comment:

  1. പുരുഷാരം ഉത്സവമേളം തീര്‍ത്ത ചരിത്രത്തിലേക്ക് കൊച്ചുതീവണ്ടിക്ക് ഹൃദയപൂര്‍വം യാത്രചൊല്ലി. കേരളത്തിലെ മീറ്റര്‍ഗേജ് യുഗത്തിന് തിരശീല വീണു. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥ പരിശോധനകള്‍ക്കായി തിങ്കളാഴ്ചയും സര്‍വീസ് ഉണ്ടാകുമെന്ന് ദക്ഷിണറെയില്‍വെ അധികൃതര്‍ രാത്രി വൈകി അറിയിച്ചു. ഏറെ വികാരഭരിതമായ അന്തരീക്ഷമൊരുക്കിയാണ് കേരളത്തിലെ അവസാന മീറ്റര്‍ഗേജ് സര്‍വീസായി നിലനിന്നിരുന്ന പുനലൂര്‍ ചെങ്കോട്ട തീവണ്ടിയുടെ അവസാന സഞ്ചാരത്തിന് കിഴക്കന്‍ മലയോരം വീരോചിത യാത്രയയപ്പേകിയത്.

    ReplyDelete