Saturday, September 18, 2010

സാമ്പത്തികവളര്‍ച്ച: കേന്ദ്രവാദം പൊള്ളത്തരം

കേന്ദ്ര നയത്തിനെതിരെ പോരാട്ടം ശക്തമാക്കുക

ബംഗളൂരു: തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന് ആഹ്വാനംചെയ്ത് ഡിവൈഎഫ്ഐ ദേശീയ സെമിനാര്‍ തുടങ്ങി. 'സാമ്പത്തികമാന്ദ്യവും പെരുകുന്ന തൊഴിലില്ലായ്മയും പരിഹാരമാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ മൈസൂരു ബാങ്ക് സര്‍ക്കിളിലെ ശിക്ഷകര സദനയില്‍ കേരള ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായ്ക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ് ബിസിലയ്യ, പ്രമുഖ അഭിഭാഷകന്‍ കെ സുബ്ബറാവു, ഡിവൈഎഫ്ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി ബി രാജശേഖര്‍മൂര്‍ത്തി, പ്രസിഡന്റ് എന്‍ എല്‍ ഭരദ്വാജ്, സ്വാഗതസംഘം ചെയര്‍മാനും പ്രമുഖ സംഗീതജ്ഞനുമായ വി മനോഹര്‍, സുജാത എന്നിവര്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് വി ജെ കെ നായര്‍ (തൊഴിലും തൊഴിലില്ലായ്മയും- സമകാലിക വ്യാവസായികമേഖലയില്‍), ബംഗളൂരു ഐഎസ്ഇസി തലവന്‍ പ്രൊഫ. അബ്ദുല്‍അസീസ് (സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ തൊഴിലില്ലായ്മ- വസ്തുതകള്‍), കെവിടിഎസ്ഡിസി വൈസ് പ്രസിഡന്റ് എച്ച് എ കേശവമൂര്‍ത്തി (സാങ്കേതിക വൈദഗ്ധ്യവും തൊഴിലവസരങ്ങളും), ഡോ. കെ നാഗരാജ് (ഗ്രാമീണമേഖലയും തൊഴിലില്ലായ്മയും), ജി എന്‍ നാഗരാജ് (അന്യവല്‍ക്കരിക്കപ്പെടുന്ന കരകൌശല മേഖല), തൊഴിലുറപ്പ് പദ്ധതി കര്‍ണാടക സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രസന്നകുമാര്‍ (ദേശീയ തൊഴിലുറപ്പ് പദ്ധതി), വൈ ബി രാമകൃഷ്ണ (ജൈവ ഇന്ധനമേഖലയും തൊഴില്‍സാഹചര്യങ്ങളും) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

എല്‍ഐസി എംപ്ളോയീസ് യൂണിയന്‍ പ്രസിഡന്റ് അമാനുള്ളഖാന്‍, കര്‍ണാടക പ്രാന്ത്യ റെയ്ത്തസംഘ ജനറല്‍സെക്രട്ടറി ജി സി ബയ്യാറെഡ്ഡി എന്നിവര്‍ മോഡറേറ്റര്‍മാരായി. ശനിയാഴ്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കണ്ണന്‍, സിഐടിയു ദേശീയ സെക്രട്ടറി എസ് വരലക്ഷ്മി എന്നിവര്‍ സംസാരിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അഞ്ഞൂറോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുന്നു.

സാമ്പത്തികവളര്‍ച്ച: കേന്ദ്രവാദം പൊള്ളത്തരം - പ്രഭാത് പട്നായിക്

രാജ്യത്തിന്റെ സാമ്പത്തികമേഖല പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന ഭരണാധികാരികളുടെ വാദം പൊള്ളത്തരമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും കേരള ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനുമായ പ്രഭാത് പട്നായിക്. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി തൊഴിലില്ലായ്മയ്ക്കെതിരെ ബംഗളൂരുവില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ വളരുകയാണെന്നാണ് കേന്ദ്ര ഭരണാധികാരികളുടെ അവകാശവാദം. ഇവിടെയുള്ള 86 ശതമാനം ജനസമൂഹത്തിനും വിശപ്പടക്കാനോ പോഷകാഹാരമുള്ള ഭക്ഷണം ലഭ്യമാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദനം കൂടുന്നതിനെയാണ് സാമ്പത്തികവളര്‍ച്ചയെന്ന് സര്‍ക്കാര്‍ വിവക്ഷിക്കുന്നത്. എന്നാല്‍, എന്താണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നും അതിന്റെ നേട്ടം ആര്‍ക്കാണെന്നും ചിന്തിക്കേണ്ടതുണ്ട്. ഉന്നത പഠനനിലവാരം പുലര്‍ത്തുന്നവര്‍ക്ക് നിരവധി തൊഴിലവസരമുണ്ടെന്ന ഐടി മേഖലയെ അടക്കം ചൂണ്ടിക്കാട്ടി നടത്തുന്ന പ്രചാരണം സത്യമല്ല. സമീപകാലത്തെ ഇന്ത്യന്‍ അനുഭവങ്ങള്‍ ഇത് ശരിവയ്ക്കുന്നു. തൊഴില്‍മേഖലകളില്‍നിന്ന് പുറത്താക്കപ്പെടുന്നവരില്‍ 30 ശതമാനത്തോളംപേര്‍ സ്ത്രീകളാണന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ വാര്‍ഷിക ആളോഹരി ഭക്ഷ്യ ഉപഭോഗം സ്വാതന്ത്രം ലഭിച്ച സമയത്തേതില്‍ നിന്നും വളരെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു എന്ന് പ്രഭാത് പട്നായിക് പറഞ്ഞു. നാമമാത്ര കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും വരുമാനത്തിലുണ്ടായ കുറവാണ് ഇതിനു കാരണം. ഒരു സാമ്പത്തിക വന്‍ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് ഭരണകര്‍ത്താക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ദാരിദ്ര്യവും പട്ടിണിയും പോഷകാഹരക്കുറവും വര്‍ദ്ധിക്കുകയാണെന്നും പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരന്റെ ഒരു വര്‍ഷത്തെ ശരാശരി ഭക്ഷ്യ ഉപഭോഗം സ്വാതന്ത്യം ലഭിച്ച കാലഘട്ടത്തില്‍ 200 കിലോഗ്രാം ആയിരുന്നത് 2007ല്‍ 174 കിലോഗ്രാം ആയും 2008ല്‍ 166 കിലോഗ്രാം ആയും കുറഞ്ഞു. അതേ സമയം അമേരിക്കയില്‍ ഇത് 900 കിലോഗ്രാം ആണ്.

നാമമാത്ര കര്‍ഷകരെയും ചെറുകിട കര്‍ഷകരെയും സ്വയം തൊഴില്‍ കണ്ടെത്തിയവരെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രൊഫസര്‍ പട്നായിക്ക് വരുമാനത്തില്‍ ഉണ്ടായിരിക്കുന്ന കുറവ് മൂലം ഗ്രാമീണ ജനത നഗരങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതായും ചൂണ്ടിക്കാട്ടി. “ നിക്ഷേപകരെ തങ്ങളുടെ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിലും അവര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിലും സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയാണ്. എന്നിരുന്നാലും ഇത് തൊഴിലില്ലാത്ത ജനങ്ങളില്‍ ഒരു വിഭാഗത്തിനു മാത്രമേ തൊഴില്‍ ലഭിക്കാന്‍ ഇട വരുത്തുന്നുള്ളൂ.” പട്നായിക് പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, മറ്റു ജനക്ഷേമപരിപാടികള്‍ എന്നിവയ്ക്കായി സര്‍ക്കാരുകള്‍ മുന്‍പു ചിലവഴിച്ചിരുന്നതിലും കുറവ് തുക മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്നും പട്നായിക് കൂട്ടിച്ചേര്‍ത്തു. തൊഴില്‍ അവകാശമാണെന്ന ആവശ്യം ഉന്നയിക്കുവാന്‍ അദ്ദേഹം യുവജനങ്ങളെ ആഹ്വാനം ചെയ്തു.

180910ലെ ഹിന്ദു, ദേശാഭിമാനി വാര്‍ത്തള്‍ ആധാരമാക്കി തയ്യാറാക്കിയത്

1 comment:

  1. പുത്തന്‍ സാമ്പത്തികനയത്തിന്റെ മറവില്‍ തൊഴിലവകാശം നിഷേധിക്കുന്നതിനെതിരെ ദേശവ്യാപക പ്രക്ഷോഭവും പ്രചാരണവും സംഘടിപ്പിക്കാന്‍ ബംഗളൂരുവില്‍ സമാപിച്ച ഡിവൈഎഫ്ഐ ദേശീയ സെമിനാര്‍ തീരുമാനിച്ചു. പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളില്‍ താലൂക്ക്, ജില്ലാതലങ്ങളില്‍ ഡിവൈഎഫ്ഐ അനുബന്ധ സെമിനാറുകള്‍ സംഘടിപ്പിക്കും. പ്രാദേശികാടിസ്ഥാനത്തിലെ തൊഴില്‍സാധ്യതകളെപ്പറ്റി പഠിക്കും. ഗ്രാമീണമേഖലകളില്‍ തൊഴില്‍വിഭവശേഷി വര്‍ധിപ്പിച്ച് യുവസമൂഹത്തിന് ലഭ്യമാക്കാന്‍ പ്രയത്നിക്കും. തൊഴിലവകാശത്തിനായി യോജിച്ച മുന്നേറ്റം നടക്കുന്ന സമയങ്ങളില്‍ ഇതിനെതിരെയുള്ള വ്യാജവും വിഭാഗീയവുമായ പ്രചാരണങ്ങളെ തുറന്നുകാട്ടാനായുള്ള പ്രചാരണത്തിന് രൂപരേഖയും സെമിനാര്‍ അംഗീകരിച്ചു. രാജ്യത്തെ ഖനികള്‍ ദേശസാല്‍ക്കരിച്ച് കൂടുതല്‍പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കണം. ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കും സ്വയംതൊഴില്‍സംരംഭകര്‍ക്കും പലിശരഹിതവായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. നിര്‍ത്തിവച്ച ജോബ് റിക്രൂട്ട്മെന്റ് സെല്‍ പുനരാരംഭിക്കുക, സ്കില്‍ ഡെവലപ്മെന്റ് ട്രെയ്നിങ് സെല്‍ രൂപീകരിക്കുക, സ്ത്രീ- പുരുഷ ഭേദമില്ലാതെ തുല്യശമ്പളം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സെമിനാര്‍ ഉന്നയിച്ചു.

    ReplyDelete