Wednesday, September 29, 2010

അല്പം വിദേശവാര്‍ത്തകള്‍

അമേരിക്കയില്‍ സാമ്പത്തിക അന്തരം വര്‍ധിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏഴില്‍ ഒരാള്‍ ദരിദ്രനാണെന്ന കണക്ക് നേരത്തെ പുറത്തുവന്നിരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷം ഡോളറിലധികം (50 ലക്ഷം രൂപയോളം) വരുമാനം സമ്പാദിക്കുന്ന 20 ശതമാനം ആളുകളാണ് അമേരിക്കയിലുള്ളത്. ഇവര്‍ രാജ്യത്തെ മൊത്തം വരുമാനത്തിന്റെ 49.4 ശതമാനവും സ്വന്തമാക്കുന്നു. എന്നാല്‍, മൊത്തം വരുമാനത്തിന്റെ 3.4 ശതമാനം മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ലഭിക്കുന്നത്. വര്‍ഷം 1,80,000 ഡോളറിലധികം വരുമാനമായി നേടുന്ന അമേരിക്കയിലെ അതിസമ്പന്നരായ അഞ്ച് ശതമാനം ആളുകളുടെ സമ്പത്ത് വര്‍ധിപ്പിച്ചപ്പോള്‍ 50,000 ഡോളര്‍ വരെ വരുമാനം നേടുന്ന ഇടത്തരക്കാരുടെ സാമ്പത്തികനില ഇടിഞ്ഞതായും സെന്‍സസ് രേഖകള്‍ തെളിയിക്കുന്നു. വരുമാനത്തിലെ അസമത്വം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സെന്‍സസില്‍ പങ്കാളിയായ പ്രൊഫ. തിമോത്തി സ്മീഡിങ് പറഞ്ഞു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ വൈദഗ്ധ്യവും വിദ്യാഭ്യാസവും കുറഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് രാജ്യത്ത് ദരിദ്രരാകുന്നവരില്‍ ഏറെയെന്നും സെന്‍സസ് കണ്ടെത്തി. തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേര്‍ രക്ഷിതാക്കളുടെയും മറ്റും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇവര്‍ക്ക് ആധുനിക തൊഴില്‍ ചെയ്യുന്നതിനുള്ള വൈദഗ്ധ്യം ലഭ്യമാകുന്നില്ലെന്നും പ്രൊഫ. തിമോത്തി പറഞ്ഞു.

ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ യുഎസില്‍ നിയമം


വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും രാജ്യദ്രോഹമാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഔദ്യോഗികവക്താവ് പറഞ്ഞു. രാജ്യത്ത് ടെലിഫോണ്‍ ഉപയോഗം കുറയുകയും ഇന്റര്‍നെറ്റ് ഫോ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. ഓണ്‍ലൈനിലെ സംസാരവും ഇടപാടുകളും പിന്നീട് ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്ന വിധത്തില്‍ ടേപ്പ് ചെയ്യാവുന്ന സെര്‍വറുകള്‍ നിര്‍ബന്ധമാക്കുന്ന നിയമത്തെക്കുറിച്ചാണ് അമേരിക്ക ആലോചിക്കുന്നത്. ഈയിടെ സൌദി അറേബ്യയും ഇന്ത്യയും കനഡ ആസ്ഥാനമായുള്ള കമ്പനിയുടെ ബ്ളാക്ക്ബെറി മൊബൈല്‍ ഫോണിനെതിരെ നടപടി സ്വീകരിക്കേണ്ടിവന്ന പാശ്ചാത്തലവും പുതിയ നിമയത്തെക്കുറിച്ചാലോചിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ ആഭ്യന്തര നിയമവകുപ്പും ദേശീയസുരക്ഷാ സമിതിയും ഭീകരരുടെ ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം പിടിച്ചെടുക്കാന്‍ കഴിയാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തരസുരക്ഷയെ കരുതി ഓണ്‍ലൈന്‍ നിയന്ത്രണനിയമം എങ്ങനെ നടപ്പാക്കാമെന്നുള്ള ആലോചന നിയമവിദഗ്ധരുമായി ഒബാമ ഭരണകൂടം ആരംഭിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമം അടങ്ങുന്ന ബില്‍ ഒരുവര്‍ഷത്തിനകം അമേരിക്കന്‍ കോണ്‍ഗ്രസിനുമുമ്പാകെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

പലസ്തീന്‍ സമയം പാഴാക്കി; നിര്‍മാണം തുടരും- ഇസ്രയേല്‍


ഐക്യരാഷ്ട്രകേന്ദ്രം: പശ്ചിമേഷ്യന്‍ പ്രശ്നപരിഹാരത്തിനുള്ള സമയം പലസ്തീന്‍കാര്‍ പാഴാക്കിയെന്ന് ഇസ്രയേല്‍ വിദേശമന്ത്രി അവിഗ്ദോര്‍ ലിബെര്‍മാന്‍. അധിനിവേശമേഖലയിലെ നിര്‍മാണത്തിന് 10 മാസത്തോളം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതിനെ പരാമര്‍ശിച്ചാണ് അവിഗ്ദോറിന്റെ പ്രസ്താവന. മൊറട്ടോറിയം കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എങ്കിലും അമേരിക്കയുടെ മുന്‍കൈയില്‍ നടക്കുന്ന സമാധാനചര്‍ച്ച തുടരാന്‍തന്നെയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് അവിഗ്ദോര്‍ പറഞ്ഞു. മൊറട്ടോറിയം കാലാവധി അവസാനിച്ചതിനാല്‍ ഗാസയില്‍നിര്‍മാണപ്രവര്‍ത്തനം തുടരുകതന്നെ ചെയ്യും. രാജ്യത്തോട് ഉത്തരവാദിത്തമുള്ള ഗവമെന്റാണ് ഇസ്രയേലിലുള്ളത്- അവിഗ്ദോര്‍ പറഞ്ഞു.

ഗാസയിലേക്ക് വന്ന ബോട്ട് ഇസ്രയേല്‍ പിടിച്ചെടുത്തു


ഗാസ: ഉപരോധം നേരിടുന്ന ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി സൈപ്രസില്‍നിന്ന് വന്ന ബോട്ട് ഇസ്രയേല്‍ പിടിച്ചെടുത്തു. ഇടതുപക്ഷക്കാരായ പത്ത് ജൂതരാണ് 'ഐറിന്‍' എന്ന ബ്രിട്ടീഷ് ബോട്ടില്‍ വന്നത്. ചൊവ്വാഴ്ച രാവിലെ ഗാസയില്‍നിന്ന് 38 കിലോമീറ്റര്‍ അകലെവച്ച് ഇസ്രയേല്‍ കമാന്‍ഡോകള്‍ ബോട്ട് തടഞ്ഞ് അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോയി. ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പൌരന്മാരായ ജൂതരാണ് ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയത്. മരുന്നുകള്‍, കളിപ്പാട്ടങ്ങള്‍, സംഗീത ഉപകരണങ്ങള്‍, മത്സ്യബന്ധന വലകള്‍ എന്നിവയാണ് ബോട്ടിലുണ്ടായത്. മൂന്ന് വര്‍ഷമായി ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഗാസ ജനതയ്ക്ക് പ്രതീകാത്മകസഹായം എന്ന നിലയില്‍ ഇവ കൈമാറാനാണ് ശ്രമിച്ചത്. എന്നാല്‍, കഴിഞ്ഞ മേയില്‍ തുര്‍ക്കിയില്‍നിന്ന് എത്തിയ ദുരിതാശ്വാസ യാനത്തിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ദേശാഭിമാനി 29092010

1 comment:

  1. അമേരിക്കയില്‍ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും രാജ്യദ്രോഹമാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമ നിര്‍മാണത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഔദ്യോഗികവക്താവ് പറഞ്ഞു. രാജ്യത്ത് ടെലിഫോണ്‍ ഉപയോഗം കുറയുകയും ഇന്റര്‍നെറ്റ് ഫോ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണത്തെക്കുറിച്ച് ആലോചന തുടങ്ങിയത്. ഓണ്‍ലൈനിലെ സംസാരവും ഇടപാടുകളും പിന്നീട് ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാക്കാവുന്ന വിധത്തില്‍ ടേപ്പ് ചെയ്യാവുന്ന സെര്‍വറുകള്‍ നിര്‍ബന്ധമാക്കുന്ന നിയമത്തെക്കുറിച്ചാണ് അമേരിക്ക ആലോചിക്കുന്നത്.

    ReplyDelete