Sunday, September 19, 2010

പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയുണ്ടാക്കില്ലെന്ന് പറയാന്‍ തയ്യാറുണ്ടോ?

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. വര്‍ഗീയ -തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹം നടക്കില്ല. മാവോയിസ്റ്റ്-തൃണമൂല്‍ ആക്രമണത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പശ്ചിമബംഗാള്‍ ഐക്യദാര്‍ഢ്യസമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തില്‍ അധികാരം പിടിക്കാന്‍ 1982-ല്‍ സ്വീകരിച്ചതുപോലെ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളെ കൂട്ടുപിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. തീവ്രവാദബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ പോപ്പുലര്‍ ഫ്രണ്ടുമായി പോലും ചേര്‍ന്നാണ് കോണ്‍ഗ്രസ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 1982-ല്‍ ഇത്തരത്തില്‍ അധികാരം പിടിച്ചശേഷം ഭരണത്തിന്റെ താക്കോല്‍ ജാതിമതകക്ഷികളെ ഏല്‍പ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇത് വര്‍ഗീയകലാപം പടരാന്‍ ഇടയാക്കി. ഇപ്പോള്‍ ഇതേ രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുമായി ചേര്‍ന്നിരിക്കുകയാണ്.

അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പ്പന നിരോധിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും ഈ തീരുമാനം എടുക്കാന്‍ ധൈര്യമില്ലാത്ത കോണ്‍ഗ്രസ് പുകമറ സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന് കോടിക്കണക്കിന് രൂപ നല്‍കുന്ന അസമിലെ പിസിസി പ്രസിഡന്റായിരുന്ന മണി സുബ്ബയാണ് ലോട്ടറി ഏജന്റ്. മലപ്പുറം വിഷക്കള്ള് ദുരന്തമുണ്ടായ ഉടന്‍ കെ അച്യുതന്‍ എംഎല്‍എ കള്ള് കച്ചവടം നിര്‍ത്തുകയാണെന്ന് പറഞ്ഞത് കുറ്റബോധത്തോടെയാണ്. അല്ലാത്തപക്ഷം രണ്ട് ദിവസം മുമ്പ് പറയാമായിരുന്നല്ലോ. 35 കൊല്ലമായി കള്ളു കച്ചവടം നടത്തുന്നുണ്ടെന്നാണ് അച്യുതന്‍ പറഞ്ഞത്. വയലാര്‍ രവിയുടെ ഉപദേശപ്രകാരമാണ് കള്ള്കച്ചവടം നിര്‍ത്തുന്നതെന്ന് അച്യുതന്‍ പറഞ്ഞു. എന്ത് കച്ചവടം നടത്താനും സ്വാതന്ത്ര്യമുണ്ടെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. നേതൃത്വത്തിന്റെ അറിവോടെയാണ് കള്ള്കച്ചവടമെന്ന് ഇതില്‍നിന്നു വ്യക്തം. യുഡിഎഫ് ഭരണത്തില്‍ വന്‍മദ്യദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും ഇത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ദുരന്തം. അതിന്റെ തൊട്ടടുത്തദിവസം കള്ള്കച്ചവടം നിര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് എന്ത് ഹീനമാര്‍ഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ബംഗാളില്‍ മാവോയിസ്റ്റുകളുമായുള്ള കൂട്ടുകെട്ട്. കുപ്രചാരണങ്ങളെ അതിജീവിച്ച് മുന്നേറാന്‍ ബംഗാളിലെ സിപിഐ എമ്മിന് കരുത്തുണ്ടെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.

കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍

സീറ്റുവിഭജനത്തില്‍ കോണ്‍ഗ്രസ് തുടരുന്ന ഏകാധിപത്യ നിലപാടിനെതിരെ യുഡിഎഫിലെ ഘടകകക്ഷികള്‍ സംഘടിതമായി രംഗത്ത്. സീറ്റുവിഭജനത്തില്‍ കോണ്‍ഗ്രസ് മാന്യത പുലര്‍ത്തുന്നില്ലെന്ന് ശനിയാഴ്ച സിഎംപി നേതാവ് എം വി രാഘവന്‍ തുറന്നടിച്ചു. കേരള കോണ്‍ഗ്രസ് മാണിയും ജെഎസ്എസും നേരത്തെതന്നെ കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണ്.

ഭൂരിപക്ഷം ജില്ലകളിലും സീറ്റുവിഭജനം യുഡിഎഫിന് കീറാമുട്ടിയായി. കണ്ണൂരിലെ സീറ്റുതര്‍ക്കത്തിന്റെ ചുവടുപിടിച്ചാണ് രാഘവന്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പരാതി ഉന്നയിച്ചെങ്കിലും പരിഹരിക്കാതിരുന്നതിനാലാണ് പരസ്യവിമര്‍ശം. കൂടിയാലോചന നടത്താതെയാണ് പലയിടത്തും സീറ്റുവിഭജനം നടത്തുന്നതെന്നും യുഡിഎഫിന്റെ ജില്ലാ ചെയര്‍മാന്‍ അറിയാതെ കോണ്‍ഗ്രസ് തീരുമാനം എടുക്കുകയാണെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, രാഘവന്‍ മാധ്യമങ്ങളിലൂടെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്ന് ചെന്നിത്തല മറുപടി നല്‍കി. രാഘവന്‍ പ്രകോപിതനാകേണ്ടതില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പറഞ്ഞു. ഘടകകക്ഷികളോട് അങ്ങേയറ്റം മാന്യത കാട്ടുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും.

എന്നാല്‍, കോണ്‍ഗ്രസ് മുന്നറിയിപ്പ് കൂസാതെ ഗൌരിയമ്മയും കെ എം മാണിയും രാഘവന്റെ വിമര്‍ശങ്ങള്‍ക്ക് ശക്തിപകര്‍ന്നു. തങ്ങളുടെ അവകാശവാദങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെ എം മാണി പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്നത് ന്യായമായ കാര്യങ്ങളാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പുറത്താക്കിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയോട് തനിക്ക് എതിര്‍പ്പില്ലെന്ന ഗൌരിയമ്മയുടെ അഭിപ്രായം, തന്റെ പാര്‍ടിയെ പിളര്‍ത്തി തന്നെ ഒറ്റപ്പെടുത്താന്‍ നോക്കുന്ന കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായി.

നേതൃമാറ്റത്തിനുവേണ്ടി കെ കരുണാകരനെതിരെ ഘടകകക്ഷികള്‍ പടയ്ക്കിറങ്ങിയതിന് സമാനമായ സാഹചര്യമാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഇപ്പോഴുണ്ടായിരിക്കുന്നത്. മുസ്ളിംലീഗ് ഒഴികെയുള്ള ഘടകകക്ഷികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പൊതുധാരണ. ജെഎസ്എസ്, സിഎംപി തുടങ്ങിയ കക്ഷികള്‍ മുന്നണിയില്‍നിന്ന് പുറത്തുപോകുന്നെങ്കില്‍ പൊയ്ക്കോട്ടെ, അവരെ അനുനയിപ്പിക്കാന്‍ സമയം കളയേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. എങ്കിലും ചൊവ്വാഴ്ച ഈ രണ്ടു കക്ഷികളുമായി കോണ്‍ഗ്രസ് ഉഭയകക്ഷിചര്‍ച്ച നടത്തും.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റുകള്‍ കഴിയുന്നത്ര നല്‍കണമെന്നാണ് സംസ്ഥാനതലത്തില്‍ നിശ്ചയിച്ചതെങ്കിലും പുതിയ കക്ഷികള്‍ യുഡിഎഫില്‍ എത്തിയതിനാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നുള്ളതാണ് കോണ്‍ഗ്രസ് നിര്‍ദേശം. ജെഎസ്എസും കോണ്‍ഗ്രസും തമ്മില്‍ ആലപ്പുഴയില്‍ തീര്‍ത്താല്‍ തീരാത്ത അകല്‍ച്ചയിലാണ്. ചേര്‍ത്തല, അരൂര്‍ പ്രദേശങ്ങളില്‍ ജെഎസ്എസിന്റെ സീറ്റില്‍ കോണ്‍ഗ്രസ് ഇതിനകം സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിട്ടുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani 19092010

1 comment:

  1. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കില്ലെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോയെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. വര്‍ഗീയ -തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹം നടക്കില്ല. മാവോയിസ്റ്റ്-തൃണമൂല്‍ ആക്രമണത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പശ്ചിമബംഗാള്‍ ഐക്യദാര്‍ഢ്യസമ്മേളനം കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

    ReplyDelete