Thursday, March 24, 2011

2 രൂപ അരി: ഉത്തരവായി

രണ്ടുരൂപ അരി വിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിര്‍ദേശപ്രകാരം സത്യവാങ്മൂലം സ്വീകരിച്ച് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താമെന്നും ചൊവ്വാഴ്ച ഇറക്കിയ അടിയന്തര ഉത്തരവില്‍ വ്യക്തമാക്കി. വിതരണത്തിന് ആവശ്യമായ മറ്റു ഭക്ഷ്യസാധനങ്ങളും ലഭ്യമാക്കി. കാര്‍ഡുടമകള്‍ റേഷന്‍കടയില്‍നിന്ന് സാധനങ്ങള്‍ ചോദിച്ചു വാങ്ങണം. പരാതികള്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ല, താലൂക്ക് സപ്ളൈ ഓഫീസുകളിലോ അറിയിക്കാം.

റേഷന്‍കടവഴി ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാര്‍ച്ചില്‍ രണ്ടു രൂപ നിരക്കില്‍ 28 കിലോ അരിക്കും ഏഴു കിലോ ഗോതമ്പിനും അര്‍ഹതയുണ്ട്. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ 10 കിലോ വരെ അരിയും രണ്ടു കിലോ വരെ ഗോതമ്പും ലഭിക്കും. എപിഎല്‍ വിഭാഗത്തില്‍ രണ്ടരയേക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങള്‍, പ്രതിമാസം 25,000 രൂപയില്‍ കുടുതല്‍ കുടുംബ വരുമാനമുള്ളവര്‍, 2500 ചതുരശ്ര അടിയില്‍ കുടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവര്‍ക്ക് 8.90 രൂപയ്ക്ക് അരിയും 6.70 രൂപയ്ക്ക് ഗോതമ്പും ഇതേ അളവില്‍ ലഭിക്കും. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നതിന് അര്‍ഹതയുള്ള എപിഎല്‍ കാര്‍ഡുടമകള്‍ ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷാഫോറം റേഷന്‍കാര്‍ഡ് സഹിതം റേഷന്‍കടകളില്‍ ഏല്‍പ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക റേഷന്‍കടകളിലും, http://civilsupplieskerala.gov.in/ എന്ന വെബ്സൈറ്റിലും ലഭിക്കും.

അഭയ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൌജന്യമായി അവര്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൌജന്യമായി പ്രതിമാസം കിട്ടും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ചു ലിറ്ററും വൈദ്യുതീകരിച്ചതിന് രണ്ടു ലിറ്ററും മണ്ണെണ്ണ പ്രതിമാസം 12.30 രൂപ മുതല്‍ 12.70 രൂപവരെ നിരക്കില്‍ ലഭിക്കും. കിലോയ്ക്ക് 13.50 രൂപ നിരക്കില്‍ ബിപിഎല്‍/എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാരയും എപിഎല്‍ വിഭാഗത്തിന് കിലോയ്ക്ക് 12 രൂപയ്ക്ക് കാര്‍ഡൊന്നിന് രണ്ടു കിലോ ആട്ടയും പ്രതിമാസം ലഭിക്കും. എപിഎല്‍ വിഭാഗത്തിന് 2011 ജനുവരി മുതല്‍ ജൂ വരെ ഒരുമിച്ചോ തവണകളായോ 12.70 രൂപ നിരക്കിലുള്ള 17 കിലോ അരിയും 9.20 രൂപ നിരക്കില്‍ എട്ടു കിലോ ഗോതമ്പും ലഭിക്കും.

deshabhimani 240311

1 comment:

  1. രണ്ടുരൂപ അരി വിതരണത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ സംസ്ഥാന സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിര്‍ദേശപ്രകാരം സത്യവാങ്മൂലം സ്വീകരിച്ച് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്താമെന്നും ചൊവ്വാഴ്ച ഇറക്കിയ അടിയന്തര ഉത്തരവില്‍ വ്യക്തമാക്കി. വിതരണത്തിന് ആവശ്യമായ മറ്റു ഭക്ഷ്യസാധനങ്ങളും ലഭ്യമാക്കി. കാര്‍ഡുടമകള്‍ റേഷന്‍കടയില്‍നിന്ന് സാധനങ്ങള്‍ ചോദിച്ചു വാങ്ങണം. പരാതികള്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ല, താലൂക്ക് സപ്ളൈ ഓഫീസുകളിലോ അറിയിക്കാം.

    ReplyDelete