Tuesday, March 22, 2011

യഥാര്‍ഥ വികസനം യാഥാര്‍ഥ്യമാക്കിയത് എല്‍ ഡി എഫ്

വികസനത്തെക്കുറിച്ച് മൗലികമായി വ്യത്യസ്തമായ രണ്ട് സങ്കല്‍പ്പങ്ങള്‍ തമ്മിലാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ നയവും കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയവും തമ്മിലാണ് ഏറ്റുമുട്ടല്‍. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ വേഗതയിലുള്ള സാമ്പത്തിക വികസനമാണ് യു പി എയുടെ വികസന നയം. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ വമ്പിച്ച നേട്ടങ്ങളെ തമസ്‌കരിക്കാനാണ് ഐക്യജനാധിപത്യമുന്നണിയും അവരെ സഹായിക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കുന്നത്.

കേരള വികസന മാതൃക എന്നൊന്ന് ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ഡോ അമര്‍ത്യാസെന്‍ അദ്ദേഹത്തിന്റെ India Development എന്ന ഗ്രന്ഥത്തില്‍ വികസനത്തിന്റെ ലക്ഷ്യം എന്തായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വികസനത്തിന്റെ ലക്ഷ്യം മനുഷ്യജീവിതവികസനമെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ലോക ബാങ്കിന്റെ 2000-01 ലെ റിപ്പോര്‍ട്ടിലും ഈ ആശയം അംഗീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ഇത് അംഗീകരിക്കുന്നു. ഐക്യരാഷ്ട്ര വികസന സംഘടന വികസനത്തിന്റെ അളവുകോലുകള്‍ വച്ച് ഓരോ വര്‍ഷം ഓരോ രാഷ്ട്രത്തിന്റെയും സ്ഥാനം നിശ്ചയിക്കുന്നു. ഇതിനായി ഇന്ന് അംഗീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ ആയുര്‍ദൈര്‍ഘ്യം, ശിശുമരണനിരക്ക്, സ്ത്രീ-പുരുഷ അനുപാതം, ജനനനിരക്ക്, സാക്ഷരത തുടങ്ങിയവയാണ്. ഈ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ കേരളം, രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണെന്ന് മാത്രമല്ല, ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിനില്‍ക്കുന്നുവെന്ന് ഡോ. അമര്‍ത്യാസെന്നും ലോക ബാങ്കിന്റെ 2002 ലെ റിപ്പോര്‍ട്ടും ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായ മെമ്മോറാണ്ടവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു? കേരളത്തിലെ ഇടതുപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ച വികസന നടപടികള്‍ മൂലമായിരുന്നു ഈ നേട്ടം കൈവരിക്കാനായത്.

വികസനമെന്നാല്‍ മൊത്ത ദേശീയ ഉല്‍പ്പാദനത്തിന്റെ അഥവാ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും ശരാശരി ആളോഹരി വരുമാനത്തിന്റെയും വളര്‍ച്ചാനിരക്കാണെന്നാണ് മൂതലാളിത്ത സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്. മനുഷ്യജീവിത വികസനം ഉല്‍പ്പാദന വികസനത്തിന് സഹായകരമാകുന്നിടത്തോളം ആവശ്യമാണെന്നാണ് ഈ വിഭാഗക്കാരുടെ വാദം. ഇതാണ് തനി മുതലാളിത്ത സമീപനം. ആഗോള മുതലാളിത്തവും ഭാരതീയ മുതലാളിത്തവും സ്വീകരിക്കുന്ന നയവും ഇതാണ്. അതേസമയം ഇടതുപക്ഷ കക്ഷികള്‍ സ്വീകരിക്കുന്ന നയം, വികസനമെന്നാല്‍ മനുഷ്യജീവിതത്തിന്റെ നാനാവിധ വികസനമാണ്. പുതിയ സമീപനമനുസരിച്ച് കേരളത്തിന്റെ അദ്ഭുതകരമായ വികസനത്തെ അഭിനന്ദിക്കുമ്പോഴും ഒരു പോരായ്മ അവര്‍ ചൂണ്ടിക്കാണിച്ചേയ്ക്കും. ആളോഹരി വരുമാനത്തിലും മൊത്ത ആഭ്യന്തര സാമ്പത്തികശേഷിയിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്. കേരള വികസനമാതൃകയിലൂടെ കൈവരിച്ചനേട്ടം തുടരണമെങ്കില്‍ കേരളം സാമ്പത്തികമായും വളരെ വേഗതയില്‍ പുരോഗതി നേടണമെന്ന് ഡോ. അമര്‍ത്യാസെന്നും ലോക ബാങ്കും ഏഷ്യന്‍ വികസന ബാങ്കുമെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേരള വികസനമാതൃകയുടെ അടിസ്ഥാനശിലയായ സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണത്തില്‍ ഊന്നിനിന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വികസനം നടത്തിയത്. 2006 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ ആത്മഹത്യ കേരളത്തില്‍ നിത്യസംഭവമായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കുറഞ്ഞ പലിശയ്ക്കും പലിശരഹിതമായും കാര്‍ഷിക വായ്പ നല്‍കുകയും ചെയ്തു. ഇന്ന് കൃഷിക്കാരുടെ ആത്മഹത്യകള്‍ കേരളത്തില്‍ കടങ്കഥയാണ്. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിച്ചു. ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി. 2006 വരെ നെല്ലിന്റെ സംഭരണ വില ഏഴ് രൂപയായിരുന്നത് ക്രമേണ വര്‍ധിപ്പിച്ച് ഇപ്പോള്‍ പതിനാല് രൂപയായി. നെല്‍കൃഷിക്ക് പലിശരഹിത വായ്പ നല്‍കി. പച്ചക്കറികൃഷി പ്രോത്സാഹിപ്പിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് കൃഷിഭൂമി തരിശിട്ട് കൃഷി ഉപേക്ഷിക്കുന്ന പ്രവണതയായിരുന്നു. എന്നാല്‍ ഇന്നത് മാറി. വലിയൊരു വിഭാഗം ജനങ്ങളെ പ്രത്യേകിച്ച് യുവജനങ്ങളെയും സ്ത്രീകളെയും വിദ്യാര്‍ഥികളെയും കാര്‍ഷികവൃത്തിയിലേയ്ക്കും കൃഷിയിലേയ്ക്കും ആകര്‍ഷിക്കാന്‍ ഇന്ന് കഴിഞ്ഞിരിക്കുന്നു. ഇതുപോലെ തന്നെയാണ് വ്യാവസായികമേഖലയില്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഉണ്ടായത്. ഐക്യജനാധിപത്യമുന്നണി ഭരണത്തില്‍ ആര്‍ സി ചൗധരി കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ഇരുപത്തിഅഞ്ച് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. നിരവധി തൊഴിലാളികള്‍ക്ക് അന്ന് വി ആര്‍ എസ് എടുത്ത് പിരിഞ്ഞുപോകേണ്ടിവന്നു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വരുന്ന 2006 ല്‍ പൊതുമേഖലാ വ്യവസായങ്ങളുടെ മൊത്തം നഷ്ടം 69.64 കോടി രൂപയായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷംകൊണ്ട് പൊതുമേഖലാ വ്യവസായങ്ങളുടെ മൊത്തം ലാഭം 239.75 കോടി രൂപയായി എന്നു മാത്രമല്ല സംസ്ഥാനത്ത് എട്ട് പുതിയ പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക തൊഴിലാളികള്‍ക്കില്ല. വി ആര്‍ എസ് കേള്‍ക്കാനേയില്ല. പൂട്ടിക്കിടന്ന പല വ്യവസായ സ്ഥാപനങ്ങളം തുറന്നു പ്രവര്‍ത്തിപ്പിച്ചു. ഏറ്റവും അവസാനം, കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷക്കാലമായി പൂട്ടിക്കിടന്ന പുനലൂര്‍ പേപ്പര്‍മില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കയര്‍-കൈത്തറി തുടങ്ങി പരമ്പരാഗത തൊഴില്‍ മേഖലയില്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിച്ചു. കഴിഞ്ഞ ഐക്യജനാധിപത്യ മുന്നണി ഭരണകാലത്ത് കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ കീഴില്‍ ഒരു വര്‍ഷം ഇരുപത്തി അഞ്ച് ദിവസമാണ് തൊഴില്‍ നല്‍കിയിരുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ എല്‍ ഡി എഫ് ഭരണത്തില്‍ 284 ദിവസമാണ് തൊഴില്‍ ലഭിച്ചത്. കാപ്പക്‌സില്‍ 181 മുതല്‍ 214 ദിവസം വരെ തൊഴില്‍ കൊടുത്തു. തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചു നല്‍കി. വിവര സാങ്കേതിക വിദ്യ മേഖലയില്‍ വികസനം ഗണ്യമായി വര്‍ധിച്ചു. ടെക്‌നോപാര്‍ക്കില്‍ 24,000 ജീവനക്കാരും എറണാകുളത്തെ ഇന്‍ഫോ പാര്‍ക്കില്‍ 8000 ജീവനക്കാരുമായി. സംസ്ഥാനത്തിന്റെ താല്‍പര്യം മുഴുവനും പരിരക്ഷിച്ചുകൊണ്ട് സ്മാര്‍ട്ട്‌സിറ്റിയുടെ കരാര്‍ പൂര്‍ത്തിയാക്കി, പണി ആരംഭിക്കുന്നു. യു ഡി എഫ് ഭരണത്തിലെല്ലാം കുടിശികയായിരുന്ന എല്ലാത്തരം പെന്‍ഷനുകളും കുടിശിക തീര്‍ത്ത് വിതരണം നടത്തി. ക്ഷേമ പെന്‍ഷനുകളെല്ലാം തുക വര്‍ധിപ്പിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായി ക്ഷാമബത്ത നല്‍കി. ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പന്ത്രണ്ട് ലക്ഷത്തിന് താഴെ കുടുംബങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ കേരളത്തില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ അരി വിതരണം നടത്തിവരുന്നു. 3000 റേഷന്‍ കടകള്‍ വഴി പലവ്യജ്ഞനങ്ങള്‍ മാവേലിസ്റ്റോറിലെ വിലയ്ക്ക് വിതരണം ആരംഭിച്ചിരിക്കുന്നു. വീടില്ലാത്ത നാലര ലക്ഷം കുടുംബങ്ങള്‍ക്ക് വീടുവച്ച് നല്‍കി. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ എഴുതിതള്ളി. ഭൂമിയില്‍ സ്ഥിരാവകാശം ഇല്ലാത്തവര്‍ക്കും പട്ടയം നല്‍കി ഉടമാവകാശികളാക്കി. സാധാരണക്കാരന്റെ ആഹാരം, കിടപ്പാടം, തൊഴില്‍, വരുമാനം തുടങ്ങിയ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഇതെല്ലാം കൈവരിക്കുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരു ദിവസംപോലും ട്രഷറി പൂട്ടിയില്ല. ഒരു ദിവസം പോലും ഓവര്‍ഡ്രാഫ്റ്റ് എടുക്കേണ്ടിവന്നില്ല. നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കുകയും ചെയ്തു. കേരള വികസനത്തിന്റെ നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ ഉതകുന്നതാണ് ഇതെല്ലാം. ഈ നേട്ടങ്ങളെ കുറച്ചുകാണിക്കാനും അവഗണിക്കാനുമാണ് കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ശ്രമിക്കുന്നത്.

ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും വികസിപ്പിക്കാനും സാമ്പത്തിക വികസനവും ഉല്‍പാദന മേഖലയിലെ വികസനവും അത്യാവശ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ അതിവേഗത്തിലുളള വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. മൊത്തം സാമ്പത്തിക മേഖലയില്‍ ഗണ്യമായ വളര്‍ച്ച നേടാനായി. കഴിഞ്ഞ അഞ്ച് വര്‍ഷം സമ്പദ്ഘടനയില്‍ ഒമ്പത് ശതമാനം വളര്‍ച്ചനേടാന്‍ സാധിച്ചുവെന്നാണ് ധനമന്ത്രി തോമസ് ഐസക്, തന്റെ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത്. അടുത്ത രണ്ട്, മൂന്ന് വര്‍ഷംകൊണ്ട് ഭാരതത്തില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ കക്ഷികളോ മാധ്യമങ്ങളോ ഈ അവകാശവാദത്തെ ചോദ്യം ചെയ്ത് കണ്ടില്ല. കേരളം ലോകത്തിന് മാതൃകയാവുന്ന ഒരു വികസന സംവിധാനത്തിന്റെ പാത വെട്ടിത്തുറന്നിരിക്കുന്നുവെന്നാണ് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് തെളിയിച്ചിരിക്കുന്നത്. യഥാര്‍ഥ വികസന ബന്ധം മനുഷ്യ ജീവിത വികസനമാണെന്നും അതിന് സഹായിക്കുന്നതാണ് സാമ്പത്തിക വികസനമെന്നും കേരളം  ലോകത്തിന് മുന്നില്‍ കാണിച്ചുതരുന്നു. ഇത് നിലനിര്‍ത്താനും കേരളത്തെ ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരാന്‍ സഹായിക്കേണ്ടത് രാജ്യസ്‌നേഹികളുടെ കടമയാണ്.
 
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 220311

1 comment:

  1. വികസനത്തെക്കുറിച്ച് മൗലികമായി വ്യത്യസ്തമായ രണ്ട് സങ്കല്‍പ്പങ്ങള്‍ തമ്മിലാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര യു പി എ സര്‍ക്കാരിന്റെ നയവും കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയവും തമ്മിലാണ് ഏറ്റുമുട്ടല്‍. രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ വേഗതയിലുള്ള സാമ്പത്തിക വികസനമാണ് യു പി എയുടെ വികസന നയം. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ വമ്പിച്ച നേട്ടങ്ങളെ തമസ്‌കരിക്കാനാണ് ഐക്യജനാധിപത്യമുന്നണിയും അവരെ സഹായിക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കുന്നത്.

    ReplyDelete