Tuesday, March 22, 2011

ആട്ടക്കാരുടെ വേദനകളില്‍ ആശ്വാസമായവര്‍

കുന്നമംഗലം: കാവുകളിലും ഉത്സവപ്പറമ്പുകളിലും കുട്ടിച്ചാത്തനും ഭഗവതിയും ഭൈരവനും നാഗകാളിയുമായി പകര്‍ന്നാട്ടം നടത്തുന്നവര്‍. ദൈവിക പരിവേഷത്തോടെ കോലധാരികളായും കോമരങ്ങളായും അന്തിതിരികനായും പ്രത്യക്ഷപ്പെടുന്നവര്‍. കാവുകളിലെ കൊട്ടും ആട്ടും പാട്ടും കഴിഞ്ഞ് ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന കലാകാരന്മാര്‍. കോലവും ചമയവും ചായവും മാറ്റുമ്പോള്‍ ജീവിതത്തില്‍ ഒന്നും മറയ്ക്കാനില്ലാത്ത പച്ചയായ മനുഷ്യര്‍. ഇവരുടെ നൊമ്പരങ്ങള്‍ക്കും വേദനകള്‍ക്കും ആശ്വാസം പകര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

കേരളത്തില്‍ തിറയാട്ട സീസണ്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്. ഏപ്രില്‍ കഴിയുന്നതോടുകൂടി ചമയങ്ങളും ആടയാഭരണങ്ങളും അഴിച്ചുവെച്ച് മറ്റേതെങ്കിലും ജീവിതോപാധി തേടി അലയൂകയായിരുന്നു പതിവ്. ജീവിത സായാഹ്നത്തില്‍ അവശതയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ദൈവത്തിന്റെ കോലം കെട്ടിയാടിയ ഇവരെ സഹായിക്കാനാരുമുണ്ടായിരുന്നില്ല. എന്നാല്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചശേഷം കോലധാരികള്‍, കോമരങ്ങള്‍, അന്തിതിരികന്‍ മുതലായവര്‍ക്കെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ 3500 രൂപ വീതമാണ് സഹായധനമായി നല്‍കിയത്. അവശ കലാകാരന്മാര്‍ക്ക് മാസത്തില്‍ 700 രൂപ ലഭിക്കുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 120 പേര്‍ക്കാണ് ഈ ധനസഹായം ലഭിച്ചിട്ടുള്ളത്.

ചാത്തമംഗലം തിറയാട്ട കലാസമിതിയിലിരുന്ന് പഴയ കാലത്തെയും ഇപ്പോഴത്തെയും തിറയാട്ട കലകാരന്മാരുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ കാരയില്‍ ശശിധരന്റെയും കുന്നുമ്മല്‍ അശോകന്റെയും മുഖത്ത് തെളിഞ്ഞത് ആത്മസംതൃപ്തിയാണ്. 45 അംഗങ്ങളുള്ള സമിതിയില്‍തന്നെ പാണക്കാട്ട് ശ്രീധരന്‍, കാരയില്‍ വിശ്വന്‍, കാരയില്‍ ശശിധരന്‍, കുന്നുമ്മല്‍ അശോകന്‍ തുടങ്ങി നിരവധി പേര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചു. മേലെ വരമ്പുറത്ത് ഭാസ്കരന്‍, കല്ലുവെട്ട്കുഴിയില്‍ ഗംഗാധരന്‍, കാരയില്‍ ചിദംബരന്‍, പറക്കുന്നത്ത് കുട്ടികൃഷ്ണന്‍, വഴിപോക്കില്‍ ഉണ്ണിക്കുട്ടി.... പേരുകള്‍ നീളുകയാണ്. ഇവര്‍ക്കെല്ലാം സര്‍ക്കാരിന്റെ 500 രൂപ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവിത സായാഹ്നത്തില്‍ തങ്ങളുടെ വേദനകളും നൊമ്പരങ്ങളും തിരിച്ചറിഞ്ഞത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണെന്ന് ഇവര്‍ തിരിച്ചറിയുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചാത്തമംഗലം തിറയാട്ട കലാസമിതിയിലെ അംഗങ്ങള്‍ തിറ അവതരിപ്പിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമുള്ള ഈ കലാസമിതിയുടെ പ്രസിഡന്റ് കാരയില്‍ ചിദംബരനും സെക്രട്ടറി കുറുങ്ങോട്ട്കാട്ടില്‍ ഭരതനുമാണ്. 1982ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. കലാസമിതിയുടെ കെട്ടിടം 2009ല്‍ മന്ത്രി എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. തിറ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ വല്ല ഘോഷയാത്രകള്‍ക്കും പൊലിമകൂട്ടാന്‍ മാത്രമേ തങ്ങളെ തേടി ആരെങ്കിലും വരാറുള്ളു എന്ന് തെല്ല് പരിഭവത്തോടെ കലാസമിതിയിലെ ചമയങ്ങളുടെ മിനുക്കുപണികള്‍ക്കിടയില്‍ അവര്‍ പറഞ്ഞു.
(പി ശ്രീനിവാസന്‍)

ദേശാഭിമാനി 220311

1 comment:

  1. കാവുകളിലും ഉത്സവപ്പറമ്പുകളിലും കുട്ടിച്ചാത്തനും ഭഗവതിയും ഭൈരവനും നാഗകാളിയുമായി പകര്‍ന്നാട്ടം നടത്തുന്നവര്‍. ദൈവിക പരിവേഷത്തോടെ കോലധാരികളായും കോമരങ്ങളായും അന്തിതിരികനായും പ്രത്യക്ഷപ്പെടുന്നവര്‍. കാവുകളിലെ കൊട്ടും ആട്ടും പാട്ടും കഴിഞ്ഞ് ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന കലാകാരന്മാര്‍. കോലവും ചമയവും ചായവും മാറ്റുമ്പോള്‍ ജീവിതത്തില്‍ ഒന്നും മറയ്ക്കാനില്ലാത്ത പച്ചയായ മനുഷ്യര്‍. ഇവരുടെ നൊമ്പരങ്ങള്‍ക്കും വേദനകള്‍ക്കും ആശ്വാസം പകര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

    ReplyDelete