Friday, March 18, 2011

ജനിച്ച മണ്ണില്‍ അന്യരാവില്ല; ചൂരിമലക്കാര്‍ കുടിയിറങ്ങണ്ട

കല്‍പ്പറ്റ:

'ജനിച്ച് വളര്‍ന്ന മണ്ണാണിത്. ഇവിടന്ന് ഞങ്ങളെ ആട്ടിയിറക്കാന്‍ ബീനാച്ചി എസ്റ്റേറ്റുകാര്‍ ശ്രമിച്ചതാണ്. ഇപ്പോ ആ പ്രശ്നമില്ല. ഒരുപാട് സന്തോഷമുണ്ട്. ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹായത്തിന്..'- ചൂരിമലയിലെ താണുകുടിയില്‍ രാജ(37)ന്റെ മുഖത്ത് സന്തോഷവും ആശ്വാസവും നിറഞ്ഞു.

കൊളഗപ്പാറ ചൂരിമലയിലെ അഞ്ച് പതിറ്റാണ്ടായി കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങളിലൊന്നാണ് കരിങ്കല്‍ തൊഴിലാളിയായ രാജന്റേത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയുടെ ഫലമായി നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയില്‍നിന്ന് മോചിതരാവുന്നത്. 'കുഞ്ഞുനാളുംമുതല്‍ ഇവിടെയാ ജീവിക്കണത്. ഈ ഭൂമിയടെ അവകാശത്തിനായി കൊറെ സമരം നടത്തി. പലപ്പോഴും ഇറക്കിവിടാനും നോക്കിയിരുന്നു. കേസുകളുമുണ്ടായി. എന്നാല്‍ മരിക്കുന്നതിന് മുമ്പുതന്നെ ഫലമുണ്ടായല്ലോ...സന്തോഷമുണ്ട്..' -ചൂരിമലയിലെ ഉറുമത്ത് മറിയാമ്മ(63)യും സന്തോഷം മറച്ചുവെക്കുന്നില്ല.

മധ്യപ്രദേശ് സര്‍ക്കാരിന്റെ കൈവശമുള്ള ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നാണ് ചൂരിമല. അരനൂറ്റാണ്ട് മുമ്പ് വിലകൊടുത്ത് വാങ്ങിയും നികുതിയടച്ചും കൈവശം വെച്ചിരുന്ന ഭൂമിയില്‍ ബീനാച്ചി എസ്റ്റേറ്റ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇവിടെയുള്ളവര്‍ക്ക് കുടിയിറക്ക് ഭീഷണിയുണ്ടായത്. ഇതിനിടെ കോടതിയെ സമീപിച്ച് കുടിയിറക്കാനുള്ള ഉത്തരവും എസ്റ്റേറ്റ് അധികൃതര്‍ വാങ്ങി. കര്‍ഷകരുടെയും രാഷ്ട്രീയ സംഘടനകളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും ചെറുത്തുനില്‍പ്പിനെതുടര്‍ന്നാണ് പലപ്പോഴും കുടിയിറക്ക്നീക്കം പരാജയപ്പെട്ടത്. എന്നാല്‍ രേഖ ലഭിക്കാത്തതിനാല്‍ നികുതിയടക്കാനോ വായ്പ വാങ്ങാനോ കഴിഞ്ഞിരുന്നില്ല.

മധ്യപ്രദേശ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഭൂമിയില്‍ പട്ടയം അനുവദിക്കാനും നികുതി സ്വീകരിക്കാനും സംസ്ഥാനത്തിന് കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള വാദം. ജില്ലയിലെ കൈവശകര്‍ഷകരുടെ പട്ടയ പ്രശ്നത്തിനും ആദിവാസി ഭൂമി വിഷയത്തിലും പരിഹാരംകാണുന്നതിന് സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണത്തിലൂടെ സ്ഥാപിച്ച സ്പെഷ്യല്‍ ലാന്‍ഡ് ട്രിബ്യുണലിന്റെ പ്രവര്‍ത്തന ഫലമായാണ് ചൂരിമല കര്‍ഷകര്‍ക്ക് രേഖ അനുവദിക്കാന്‍ തീരുമാനമായത്. സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെയും വനം-കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഈ ഭൂമിയില്‍ സംയുക്ത പരിശോധന നടത്തുകയും അമ്പത് വര്‍ഷത്തോളമായി കൃഷി കര്‍ഷകരുടെ കൈവശത്തിലാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ 1977ജനുവരി ഒന്നിന് മുമ്പ് കൈയേറിയ മുഴുവന്‍ ഭൂമിക്കും പട്ടയം കൊടുക്കാനുള്ള നിയമനിര്‍മാണം ചൂരിമലക്കും ബാധകമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും കേരളത്തിലെ ഭൂനിയമങ്ങള്‍ ബാധകമാണെന്നും ഇതുപ്രകാരം ചൂരിമല നിവാസികള്‍ക്ക് പട്ടയംനല്‍കാമെന്നും സര്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. നിയമപരമായ തീരുമാനം എടുക്കുന്നതിന്മുമ്പ് തെരഞ്ഞെടുപ്പ് വന്നതിനെ തുടര്‍ന്നാണ് പട്ടയ വിതരണമടക്കമുള്ള നടപടി തടസപ്പെട്ടത്. രേഖ ലഭിക്കുന്നതോടെ വായ്പയടക്കമെടുത്ത് കൃഷിയും വീടും നന്നാക്കാമെന്നും ജീവിതം അഭിവൃദ്ധിപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് ചൂരിമല നിവാസികള്‍.
(കെ എ അനില്‍കുമാര്‍)

ഇത് നാടിന്റെ മുന്നേറ്റം നാട്ടാരുടെയും

താമരശേരി:

"തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്നേഹവും ഉള്ളുനിറഞ്ഞ നന്ദിയുമുണ്ട് ഈ സര്‍ക്കാരിനോട്''. അമ്പായത്തോട് മിച്ചഭൂമിയിലെ ടി ആര്‍ ജമീലയുടെ മനംനിറയുന്ന ഈ സന്തോഷം വെറും വാക്കുകളല്ല; പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അഭിനന്ദനമാണ്.

അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരായ 510 കുടുംബങ്ങള്‍ക്കടക്കം 1118 കുടുംബങ്ങള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടയത്തിന് തുല്യമായ 'ഓഫര്‍ ഓഫ് അസൈന്‍മെന്റ്' വിതരണം ചെയ്തത്. അവഗണിക്കപ്പെട്ടുകിടന്നിരുന്ന ഇവിടേക്ക് ഇതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങളടക്കമുള്ള വികസനവെട്ടം എത്തിത്തുടങ്ങി. 2010 ഫെബ്രുവരി 12ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് ഭൂമിയുടെ രേഖ കൈമാറിയത്. ജമീലയുടെ അയല്‍വാസികളായ ശ്യാമളക്കും ഗോവിന്ദനാചാരിക്കും അംബികാരാജുവിനും ജയാരാജനും ടോമി ആന്‍സിക്കും ആദിവാസി കുടുംബമായ വെള്ളന്‍കുട്ടി-മാധവി ദമ്പതികള്‍ക്കുമെല്ലാം ജമീലയുടെ അഭിപ്രായംതന്നെ.

കൈവശരേഖ ലഭിച്ചതോടെ മിച്ചഭൂമിയില്‍ വൈദ്യുതിയുടെ വെള്ളിവെളിച്ചം എത്തി. വീടുകള്‍ക്ക് നമ്പറും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കിട്ടിയതോടെ റേഷന്‍ കാര്‍ഡിനും വോട്ടവകാശത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അപേക്ഷ നല്‍കാനായി. കട്ടിപ്പാറ, താമരശേരി പഞ്ചായത്തുകളിലാണ് അമ്പായത്തോട് മിച്ചഭൂമി. ഇതില്‍ കട്ടിപ്പാറ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതിയാണ് താമസക്കാര്‍ക്ക് വീട്ടുനമ്പറും മറ്റും നല്‍കിയത്. താമരശേരി പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി ഇത്തരമൊരു തീരുമാനമെടുക്കാത്തതിനാല്‍ ഈ ഭാഗത്തെ 110 കുടുംബങ്ങള്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ വലയുകയാണ്. കട്ടിപ്പാറ പഞ്ചായത്തില്‍ ഇ എം എസ്-ആശ്രയപദ്ധതിയില്‍ വീടുകള്‍ക്കായി 300ലധികം അപേക്ഷകള്‍ ഇതിനകം ലഭിച്ചു. ഇവര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 130 ഓളം വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു. രണ്ട് അങ്കണവാടികളും ശിശുക്ഷേമ സമിതിയുടെ രണ്ട് ക്രഷെകളും ഇവിടെയുണ്ട്.

മൂന്ന് പതിറ്റാണ്ടിന്റെ വീറുറ്റ പോരാട്ടത്തിന്റെ ചരിത്രമുണ്ട് അമ്പായത്തോട് മിച്ചഭൂമി സമരത്തിന്. 1972-ല്‍ യു കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് മിച്ചഭൂമി പ്രഖ്യാപന സമരം നടന്നത്. 1987-ല്‍ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു. ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മിച്ചഭൂമി കവാടത്തില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 1992-ല്‍ സത്യഗ്രഹം തുടങ്ങി. 1995-ല്‍ ഭൂമിയില്‍ കുടില്‍കെട്ടി. ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ ഭൂമി ബനാന പ്ളാന്റേഷനും സിആര്‍പിഎഫിനും വിട്ടുനല്‍കാനുള്ള നീക്കം നടത്തിയെങ്കിലും സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാര്‍ പ്രതിരോധിച്ച് കീഴടക്കി. സമരക്കാരുടെ കുടില്‍ പൊലീസിനെയും ഗുണ്ടകളെയും വിട്ട് തകര്‍ക്കാനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചു. 2001-ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കള്ളപരാതി നല്‍കി താമസക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമവും നടത്തി. പിന്നീട് 2006-ല്‍ അധികാരത്തില്‍ വന്ന വി എസ് സര്‍ക്കാര്‍ മന്ത്രിസഭ പ്രത്യേക ഓര്‍ഡിന്‍സ് ഇറക്കി ഭൂമി വിതരണം ചെയ്യാനുള്ള നടപടികളാരംഭിച്ചു. 2010 ഫെബ്രുവരിയില്‍ അമ്പായത്തോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഭൂമിയുടെ രേഖ വിതരണം ചെയ്യുമ്പോള്‍ ആയിരത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയായിരുന്നു. രാരോത്ത് വില്ലേജില്‍ ആറ് പ്ളോട്ടുകളിലായി 121 ഏക്കറാണ് അമ്പായത്തോട് മിച്ചഭൂമി.
(കെ സി സോജിത്ത്)

ഉരുപ്പുംകുറ്റിയും വൈദ്യുതി പ്രഭയില്‍

ഇരിട്ടി:

'വൈദ്യുതി ഞങ്ങക്ക് കിട്ടുമെന്ന് നിരീച്ചില്ല. വെളക്ക് തെളിഞ്ഞ് കത്തുമ്പം ബല്യ സന്തോഷാ'- പറയുന്നത് കേരളാതിര്‍ത്തിയിലെ ഉരുപ്പുംകുറ്റി പട്ടികവര്‍ഗ കോളനി നിവാസികള്‍.

സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ വൈദ്യുതീകരണം ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ കര്‍ണാടക വന പരിസരത്തെ ഈ കുന്നിന്‍ മുകളില്‍ വൈദ്യുതി സ്വപ്നം മാത്രമാകുമായിരുന്നു. പേരാവൂര്‍ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രക്രിയയിലാണ് അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മലമുകളിലും വൈദ്യതി എത്തിയത്. 19 ആദിവാസി കുടുംബങ്ങളിലും പൊതുവിഭാഗത്തിലെ 70 കുടുംബങ്ങളിലെയും ഇരുട്ടകറ്റാനും പദ്ധതി സഹായകമായി. അഞ്ചുവര്‍ഷംകൊണ്ട് പേരാവൂര്‍ മണ്ഡലത്തില്‍ നല്‍കിയത് മുപ്പതിനായിരത്തിലധികം പുതിയ കണക്ഷന്‍. രണ്ടു പുതിയ 110 കെ വി സബ്സ്റ്റേഷനുകള്‍ ഇരിട്ടിയിലും ചാവശേരിയിലും തുടങ്ങിയതും ജില്ലയില്‍ മറ്റെങ്ങുമില്ലാത്ത അപൂര്‍വ നേട്ടം. ബാരാപോളില്‍ നിര്‍മിക്കുന്ന 15 മെഗാവാട്ട് സ്ഥാപിത ശേഷിയിലുള്ള ജില്ലയിലെ ആദ്യ വൈദ്യുത നിലയവും മണ്ഡലത്തിന്റെ ഉണര്‍വിന് നിദാനമാണ്.

ദേശാഭിമാനി 180311

1 comment:

  1. ജനിച്ച് വളര്‍ന്ന മണ്ണാണിത്. ഇവിടന്ന് ഞങ്ങളെ ആട്ടിയിറക്കാന്‍ ബീനാച്ചി എസ്റ്റേറ്റുകാര്‍ ശ്രമിച്ചതാണ്. ഇപ്പോ ആ പ്രശ്നമില്ല. ഒരുപാട് സന്തോഷമുണ്ട്. ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹായത്തിന്..'- ചൂരിമലയിലെ താണുകുടിയില്‍ രാജ(37)ന്റെ മുഖത്ത് സന്തോഷവും ആശ്വാസവും നിറഞ്ഞു.

    കൊളഗപ്പാറ ചൂരിമലയിലെ അഞ്ച് പതിറ്റാണ്ടായി കുടിയിറക്ക് ഭീഷണി നേരിട്ട കുടുംബങ്ങളിലൊന്നാണ് കരിങ്കല്‍ തൊഴിലാളിയായ രാജന്റേത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയുടെ ഫലമായി നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയില്‍നിന്ന് മോചിതരാവുന്നത്. 'കുഞ്ഞുനാളുംമുതല്‍ ഇവിടെയാ ജീവിക്കണത്. ഈ ഭൂമിയടെ അവകാശത്തിനായി കൊറെ സമരം നടത്തി. പലപ്പോഴും ഇറക്കിവിടാനും നോക്കിയിരുന്നു. കേസുകളുമുണ്ടായി. എന്നാല്‍ മരിക്കുന്നതിന് മുമ്പുതന്നെ ഫലമുണ്ടായല്ലോ...സന്തോഷമുണ്ട്..' -ചൂരിമലയിലെ ഉറുമത്ത് മറിയാമ്മ(63)യും സന്തോഷം മറച്ചുവെക്കുന്നില്ല.

    ReplyDelete