കൊയിലാണ്ടി:
എല്‍ഡിഎഫ് സര്‍ക്കാര്‍ കൊയിലാണ്ടിയില്‍ അനുവദിച്ച മത്സ്യബന്ധന തുറമുഖം മെയ്മാസത്തില്‍ കമീഷന്‍ ചെയ്യും. ഇതോടെ കിലോമീറ്ററുകള്‍ താണ്ടി ചോമ്പാലിലും പുതിയാപ്പയിലും പോയി കടലിലിറങ്ങേണ്ടുന്ന അവസ്ഥയില്‍നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ മോചിതരാകും. 1996-ലാണ് കൊയിലാണ്ടിക്ക് ഫിഷിങ്ഹാര്‍ബര്‍ വേണമെന്ന ആവശ്യവുമായി അന്നത്തെ കൊയിലാണ്ടി എംഎല്‍എ പി വിശ്വന്‍ ചെയര്‍മാനായിക്കൊണ്ട് ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായത്. കോണ്‍ഗ്രസ് നേതാവ് എം ടി പത്മ കൊയിലാണ്ടിയില്‍നിന്ന് വര്‍ഷങ്ങളോളം എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായിരുന്നിട്ടും കടലോരത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാവശ്യമായ ഫിഷിങ് ഹാര്‍ബര്‍ കൊണ്ടുവന്നില്ലായെന്ന വിമര്‍ശനത്തില്‍നിന്നാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
1999-ല്‍ നായനാര്‍ മന്ത്രിസഭയില്‍ ഫിഷറീസ്മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്‍ കൊയിലാണ്ടി തീരദേശത്തുള്ള ഫിഷറീസ് സ്കൂള്‍ സന്ദര്‍ശിച്ച അവസരത്തില്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കൊയിലാണ്ടിയില്‍ ഹാര്‍ബര്‍ വരേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഇതിന്റെ ഭാഗമായി 2000ല്‍ ടി ശിവദാസമേനോന്‍ അവതരിപ്പിച്ച കേരള ബജറ്റില്‍ ഹാര്‍ബറിനെക്കുറിച്ച് പഠിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചു. 2001-ല്‍ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നെങ്കിലും കൊയിലാണ്ടി ഹാര്‍ബറിനുവേണ്ടിയുള്ള ഒരു പ്രവര്‍ത്തനവും നടന്നില്ല. മന്ത്രികൂടിയായ കോണ്‍ഗ്രസ് നേതാവ് പി ശങ്കരനായിരുന്നു അന്ന് കൊയിലാണ്ടിയില്‍ എംഎല്‍എ. ഈ കാലത്ത് ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി നിരവധി സമരങ്ങളും നിവേദനങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കൊയിലാണ്ടിയില്‍ ഹാര്‍ബര്‍ വരില്ലെന്ന നിരാശയില്‍ മത്സ്യത്തൊഴിലാളികള്‍ നില്‍ക്കുമ്പോഴാണ് 2006 മെയ് 18ന് വി എസ് നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ആദ്യബജറ്റില്‍ത്തന്നെ കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിനായി 34 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിവെച്ചു. 2006 ജൂലായ് 11ന് ഭരണാനുമതിയും ആഗസ്ത് 30ന് സാങ്കേതികാനുമതിയും ലഭിച്ച ഹാര്‍ബര്‍ പ്രവൃത്തിക്ക് ഡിസംബര്‍ 17ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു. ഹാര്‍ബര്‍ അനുവദിക്കുന്നതില്‍ തടസ്സംനിന്ന യുഡിഎഫിലെ ചിലര്‍തന്നെ പ്രവൃത്തിയുടെ ടെണ്ടറുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു ഒരു ലീഗ് നേതാവിനുവേണ്ടി കോടതിയില്‍ പോയി പ്രവൃത്തി നീട്ടിവെപ്പിക്കാന്‍ ശ്രമിച്ചു. ഫിഷറീസ്മന്ത്രിയും പി വിശ്വന്‍ എംഎല്‍എയും ആക്ഷന്‍കമ്മിറ്റിയും കെ ദാസന്‍ ചെയര്‍മാനായ നഗരസഭയും ചേര്‍ന്ന് നടത്തിയ നിരന്തര പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2007 ഒക്ടോബര്‍ മൂന്നിന് പ്രവൃത്തി ആരംഭിച്ചു. രണ്ട് വര്‍ഷംകൊണ്ട് ആകെയുള്ള പ്രവൃത്തിയുടെ മൂന്നില്‍ രണ്ട് ഭാഗവും തീര്‍ന്നു. സാങ്കേതികമായി പുലിമുട്ടിന്റെ നീളം കുറയ്ക്കണമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ തീരുമാനത്തിനെതിരെ ചിലര്‍ രംഗത്തുവന്നപ്പോള്‍ മന്ത്രി ശര്‍മയുടെ നേതൃത്വത്തില്‍ സാങ്കേതികമായി ഉപദേശം സ്വീകരിച്ചു പ്രശ്നം തീര്‍ത്തു. പ്രവൃത്തി നടക്കുമ്പോള്‍ ഏകദേശം പത്ത് തവണ ഫിഷറീസ് മന്ത്രി എസ് ശര്‍മ ഹാര്‍ബര്‍പ്രദേശം സന്ദര്‍ശിച്ചു.
വടക്കുഭാഗത്ത് 1600 മീറ്റര്‍ നീളമുള്ളതും തെക്കുഭാഗത്ത് 915 മീറ്റര്‍ നീളത്തിലുള്ളതുമായ പുലിമുട്ടാണ് ഇവിടെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. 180 മീറ്റര്‍ നീളമുള്ള വാര്‍ഫ് (ജട്ടി), 5000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള ലേലപ്പുര, മലിനജല ശുദ്ധീകരണപ്ളാന്റ്, റോഡുകള്‍, കാന്റീന്‍, പാര്‍ക്കിങ്കേന്ദ്രങ്ങള്‍ എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്. പുതിയാപ്പ ഹാര്‍ബറിനെക്കാള്‍ രണ്ടര ഇരട്ടിയും ചോമ്പാല്‍ ഹാര്‍ബറിനെക്കാള്‍ മൂന്നര ഇരട്ടിയും വലിപ്പമേറിയതാണ് കൊയിലാണ്ടി ഹാര്‍ബര്‍. 1200-ഓളം ബോട്ടുകള്‍ക്ക് ഇവിടെ നങ്കൂരമിടാം. 50,000-ത്തോളം ലോഡ് കല്ല് (ഏകദേശം 10 ലക്ഷ കരിങ്കല്ല്) ഇതുവരെയായി ഉപയോഗിച്ചിട്ടുണ്ട്. കമീഷന്‍ ചെയ്യുമ്പോഴേക്കും 50 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. യുഡിഎഫിന്റെ നേതൃത്വത്തില്‍ ചിലര്‍ സാങ്കേതികപ്രശ്നം ഉന്നയിച്ച് ആറ് മാസം പ്രവൃത്തി നിര്‍ത്തിവെപ്പിച്ചില്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബര്‍ തുറന്നുകിട്ടുമായിരുന്നു.
(എ സജീവ്കുമാര്‍)
ദേശാഭിമാനി 180311

ReplyDelete