Friday, March 18, 2011

കന്നിയങ്കത്തിന് ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: ജനകീയ പോരാട്ടങ്ങളുടെ കരുത്തുമായി ഇ ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. സിപിഐ സംസ്ഥാനസെക്രട്ടറിയറ്റ് അംഗമായ ചന്ദ്രശേഖരന്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. സൌമ്യനായ ഈ കമ്യൂണിസ്റ്റ് പോരാളി രാഷ്ട്രീയത്തിനതീത സുഹൃദ് വലയത്തിന്റെ ഉടമയാണ്. ചന്ദ്രശേഖരന് കെട്ടിവെക്കാനുള്ള തുക പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ മാധവന്‍ സ്വാതന്ത്ര്യസമര പെന്‍ഷനില്‍ നിന്ന് നല്‍കി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മാധവേട്ടന്റെ വസതിയായ ഹില്‍വ്യൂവില്‍ എത്തി അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കാസര്‍കോട് പെരുമ്പള 'പാര്‍വ്വതി'യിലെ പരേതരായ പി കുഞ്ഞിരാമന്‍ നായരുടെയും ഇ പാര്‍വതിയമ്മയുടെയും മകനാണ് 61 കാരനായ ഇദ്ദേഹം. 1969 ല്‍ എഐവൈഎഫിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത.് കാസര്‍കോട് താലൂക്ക് സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ സിപിഐ താലൂക്ക് കമ്മറ്റിയംഗം, കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം, സംസ്ഥാന കൌസില്‍ അംഗം എന്നീ നിലകളിലേക്ക് ഉയര്‍ന്നു. 1984ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ചപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിയായി. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായി. 2005 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗമായി പ്രവര്‍ത്തിക്കുന്നു.

സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പെരുമ്പളയിലെ ആദ്യകാല സെക്രട്ടറിയുമായിരുന്ന ഇ കെ നായരുടെ സഹോദരി പുത്രനാണ് ചന്ദ്രശേഖരന്‍. പാര്‍ടി അംഗമായ സാവിത്രിയാണ് സഹധര്‍മിണി. ഏക മകള്‍ നീലിചന്ദ്രന്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് ബിഎസ്സി വിദ്യാര്‍ഥിനിയും എഐഎസ്എഫ് ജില്ലാകമ്മിറ്റിയംഗവുമാണ്. ഗ്രാമവികസന ബോര്‍ഡംഗം, കേരള അഗ്രൊ മെഷനറീസ് കോര്‍പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെഎസ്ആര്‍ടിസി സ്റ്റേജ് പുനര്‍നിര്‍ണയ കമ്മറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ സംസ്ഥാന ലാന്‍ഡ് റിഫോംസ് റിവ്യൂ കമ്മിറ്റിയംഗം, ബിഎസ്എന്‍എല്‍ കണ്ണൂര്‍ എസ്എസ്എ അഡ്വൈസറി കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. 1979-85 വരെ ചെമ്മനാട് പഞ്ചായത്തംഗമായിരുന്നു.

വ്യാഴാഴ്ച പാര്‍ടി നേതാക്കള്‍ക്കൊപ്പം സ്വാതന്ത്ര്യസമര സേനാനി മടിക്കൈയിലെ കെ എം കുഞ്ഞിക്കണ്ണന്‍, മുന്‍ എംഎല്‍എ കെ പുരുഷോത്തമന്‍ എന്നിവരുടെ വീടുകളിലും കാഞ്ഞങ്ങാട്ടെ പത്രമാധ്യമ ഓഫീസുകളിലുമെത്തി സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ സഹായമഭ്യര്‍ഥിച്ചു. 21 വരെ മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും പൌരപ്രമുഖരെയും സന്ദര്‍ശിക്കും. 21ന് കാഞ്ഞങ്ങാട് നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ദേശാഭിമാനി 180311

1 comment:

  1. ജനകീയ പോരാട്ടങ്ങളുടെ കരുത്തുമായി ഇ ചന്ദ്രശേഖരന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. സിപിഐ സംസ്ഥാനസെക്രട്ടറിയറ്റ് അംഗമായ ചന്ദ്രശേഖരന്‍ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. സൌമ്യനായ ഈ കമ്യൂണിസ്റ്റ് പോരാളി രാഷ്ട്രീയത്തിനതീത സുഹൃദ് വലയത്തിന്റെ ഉടമയാണ്. ചന്ദ്രശേഖരന് കെട്ടിവെക്കാനുള്ള തുക പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്യൂണിസ്റ്റുമായ കെ മാധവന്‍ സ്വാതന്ത്ര്യസമര പെന്‍ഷനില്‍ നിന്ന് നല്‍കി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മാധവേട്ടന്റെ വസതിയായ ഹില്‍വ്യൂവില്‍ എത്തി അനുഗ്രഹം വാങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

    ReplyDelete