Friday, March 18, 2011

കോണ്‍ഗ്രസിന് സാധാരണക്കാരുടെ പ്രയാസം മനസ്സിലാകില്ല: ബുദ്ധദേവ്

കൊല്‍ക്കത്ത: സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും സാധാരണജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ മനസ്സിലാകില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ജാദവ്പുരിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയന്ത്രണം എടുത്തുകളയുക വഴി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച കോണ്‍ഗ്രസ് ജനജീവിതം തീര്‍ത്തും ദുരിതമയമാക്കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ വേണം, എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണം. എന്നാല്‍, അതിനേക്കാള്‍ പ്രധാനമാണ് സമാധാനം. ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തീവ്രവാദത്തെ എതിര്‍ക്കുന്നെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഈ കൊലയാളിസംഘത്തിന്റെ തോളില്‍പ്പിടിച്ചാണ് ഇടതുമുന്നണിയെ നേരിടാന്‍ ഒരുങ്ങുന്നത്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമാണ് കോണ്‍ഗ്രസ്-തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടുകെട്ട്-ബുദ്ധദേവ് പറഞ്ഞു.

കാര്‍ഷിക-വ്യവസായ മേഖലയില്‍ സമഗ്രവികസനം

കൊല്‍ക്കത്ത: സംസ്ഥാനത്ത് പുതുതായി പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കര്‍മപദ്ധതികളുമായി പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കി. കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്നും വ്യവസായവളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്യുന്നു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു പ്രകടനപത്രിക പ്രകാശനം ചെയ്തു. കാര്‍ഷിക-വ്യവസായമേഖലകളിലെ സമഗ്രവികസനവും ക്രമസമാധാന നിലയിലെ ഗണ്യമായ പുരോഗതിയുമാണ് അടുത്ത ഇടതുമുന്നണി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ബിമന്‍ബസു വിശദീകരിച്ചു. പശ്ചിമബംഗാളിന്റെ സമഗ്രപുരോഗതിക്ക് പത്തിന പരിപാടി നടപ്പാക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ ജീവിതത്തില്‍ സാരമായ മാറ്റം വരുത്തും. വാങ്ങല്‍ശേഷി, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയില്‍ ബംഗാളിനെ രാജ്യത്തെ ഒന്നാംകിട സംസ്ഥാനമാക്കി മാറ്റും. മനുഷ്യവികസനസൂചികയില്‍ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം നേടും. കാര്‍ഷിക, വ്യാവസായികമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുവഴി 40 ലക്ഷം പാവപ്പെട്ട കുടുംബങ്ങളിലെ ജനങ്ങളുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും വലിയ കുതിച്ചുകയറ്റമുണ്ടാക്കും.

നിലവില്‍ കിലോക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്ന പദ്ധതി പ്രതിമാസം 10,000 രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്നത്. പരിപ്പ്, പഞ്ചസാര, ഭക്ഷ്യഎണ്ണ, ബിസ്കറ്റ്, തുണി തുടങ്ങിയ നിത്യോപയോഗസാധനങ്ങള്‍ സൌജന്യനിരക്കില്‍ പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കും. അസംഘടിതമേഖലയിലെ തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്ക് തൊഴില്‍സുരക്ഷ, പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ്, ആരോഗ്യരക്ഷാപദ്ധതി എന്നിവ ഏര്‍പ്പെടുത്തും. സ്കൂള്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ സഹായം നല്‍കും. കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കും. ആദിവാസികള്‍, ന്യൂനപക്ഷവിഭാഗങ്ങള്‍, മറ്റ് പിന്നോക്കവിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങളിലെ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് പോഷകാഹാരവും സൈക്കിളും നല്‍കും. ന്യൂനപക്ഷവിഭാഗങ്ങളും ദുര്‍ബലവിഭാഗങ്ങളും താമസിക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ളത്തിന് പ്രത്യേകപദ്ധതി നടപ്പാക്കും. എല്ലാ വീടുകളിലും വൈദ്യുതി, കര്‍ഷകര്‍ക്ക് ജലസേചനത്തിന് സൌജന്യനിരക്കില്‍ വൈദ്യുതി എന്നിവ നല്‍കും. എല്ലാവര്‍ക്കും ആരോഗ്യസേവനം ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. പ്രീമിയം ഗവമെന്റ് അടയ്ക്കും. കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കി ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും. ഇടതുമുന്നണിനേതാക്കളായ അശോക്ഘോഷ്, മനോജ് ഭട്ടാചാര്യ, മഞ്ജുകുമാര്‍ മജുംദാര്‍, ബിനോയ് കോനാര്‍ എന്നിവരും പങ്കെടുത്തു.
(വി ജയിന്‍)

ദേശാഭിമാനി 180311

1 comment:

  1. സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും സാധാരണജനങ്ങളുടെ ജീവിതപ്രയാസങ്ങള്‍ മനസ്സിലാകില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ജാദവ്പുരിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയന്ത്രണം എടുത്തുകളയുക വഴി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച കോണ്‍ഗ്രസ് ജനജീവിതം തീര്‍ത്തും ദുരിതമയമാക്കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ വേണം, എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കണം. എന്നാല്‍, അതിനേക്കാള്‍ പ്രധാനമാണ് സമാധാനം. ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തീവ്രവാദത്തെ എതിര്‍ക്കുന്നെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഈ കൊലയാളിസംഘത്തിന്റെ തോളില്‍പ്പിടിച്ചാണ് ഇടതുമുന്നണിയെ നേരിടാന്‍ ഒരുങ്ങുന്നത്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമാണ് കോണ്‍ഗ്രസ്-തൃണമൂല്‍-മാവോയിസ്റ്റ് കൂട്ടുകെട്ട്-

    ReplyDelete