കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ദളിത് ബസ്തികളില്‍ അന്തിയുറങ്ങുന്നത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാണ്. രാജാവ് പ്രജകളെ തേടിപ്പോകുന്ന കൌതുകത്തോടെയാണ് രാഹുല്‍ഗാന്ധിയുടെ ദളിത് കുടുംബ സന്ദര്‍ശനം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ഗാന്ധിയെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദളിത് ബസ്തികളെ തേടിപ്പോയപ്പോള്‍ അത് ദളിതരുടെ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും പരിപാടിതന്നെ നിര്‍ത്തിവയ്ക്കേണ്ടി വരികയുംചെയ്തു.
ഇപ്പോള്‍ രാഹുലിന്റെ പാത പിന്തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആദിവാസികേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ബരന്‍ ജില്ലയിലെ ഹനോതിയ ഗ്രാമത്തില്‍ ദീവാളി രാത്രി ചെലവഴിച്ച മുഖ്യമന്ത്രി മാര്‍ച്ച് രണ്ടിന് ഷാഹ്ബാദ് ഗ്രാമത്തില്‍ അന്തിയുറങ്ങി. രാഹുല്‍ഗാന്ധി ഇവിടത്തെ അമ്രോലി ഗ്രാമത്തില്‍ താമസിച്ച് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. യുപിഎ അധ്യക്ഷ സോണിയഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി ധീരജ് ശ്രീവാസ്തവയും ഗെലോട്ടിനൊപ്പം ഷാഹ്ബാദിലെത്തിയിരുന്നു. ബെഗാര്‍ എന്ന പേരില്‍ അടിമവേല ഇന്നും നിലനില്‍ക്കുന്ന പ്രദേശങ്ങളാണിത്. 122 അടിമവേലക്കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 14 പേരെ മാത്രമേ അടിമവേലയില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അടിമവേലയെ 'കൌതുകമായി' കാണുന്ന ഗെലോട്ട് സര്‍ക്കാര്‍ അത് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഗ്രാമസന്ദര്‍ശനം വെറും വിനോദസഞ്ചാരംമാത്രം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മഹാരാഷ്ട്രയിലെന്നപോലെ ദളിതര്‍ ആക്രമിക്കപ്പെടുകയാണ്. ദളിത് ക്രിസ്ത്യനാണെങ്കില്‍ പറയാനുമില്ല. പീഡനങ്ങളുടെ കരളലിയിപ്പിക്കുന്ന വാര്‍ത്തകളാണ് രാജസ്ഥാനില്‍നിന്നു വരുന്നത്.
ആദിവാസിയും ക്രിസ്ത്യന്‍ പാസ്ററുമായ ഹരിശങ്കര്‍ നിനാമയെന്ന അറുപത്തഞ്ചുകാരന്റെ അനുഭവം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുകാരും അറിയേണ്ടതുണ്ട്. അമ്പരുണ്ടയില്‍ പ്രാര്‍ഥനയ്ക്ക് പോയപ്പോഴാണ് അദ്ദേഹത്തിന് ക്രൂരമായ മര്‍ദനമേറ്റത്. വീട്ടില്‍നിന്ന് പിടിച്ചിറക്കി, ആഴ്ചച്ചന്തയിലേക്ക് വലിച്ചിഴച്ച് വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു മര്‍ദനം. പാസ്ററുടെ മകളെയും അക്രമികള്‍ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും ഡയറിയും 1550 രൂപയും അവര്‍ തട്ടിയെടുത്തു. പാസ്ററുടെ നാടായ അമാല്യയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് അംബരുണ്ട. അവിടെനിന്ന് രക്തമൊലിക്കുന്ന ശരീരവുമായി എത്തിയ പാസ്ററെ ഭ്രാന്തനായാണ് ആദ്യം പൊലീസ് കരുതിയത്. കേസ് രജിസ്റര്‍ചെയ്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. അന്വേഷണം തുടരുന്നെന്ന സ്ഥിരം പല്ലവി മാത്രമാണ് പൊലീസില്‍നിന്ന് ലഭിക്കുന്നത്. ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കഴിയുന്ന പാസ്ററെ തിരക്കി പൊലീസ് എത്തിയില്ല. ഭരണകക്ഷിയുടെ ആള്‍ക്കാരും ആശ്വസിപ്പിക്കാനെത്തിയില്ല. പ്രൊട്ടസ്റന്റ് സഭയില്‍ പെട്ടതിനാലായിരിക്കണം മറ്റിതര ക്രിസ്ത്യന്‍സഭകളും അദ്ദേഹത്തിന്റെ താല്‍പ്പര്യം കാട്ടിയില്ല. രാജസ്ഥാനിലെ ആദിവാസിമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടസ്റന്റ് സഭ ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി ആക്രമണം നടക്കുകയാണ്. വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നു കരുതിയെങ്കിലും സ്ഥിതി വഷളാവുകയാണെന്ന് ഈ മേഖലയിലെ ദളിത് ക്രിസ്ത്യാനികള്‍ പരാതിപ്പെടുന്നു.
താര്‍ മരുഭൂമിയുടെ ഭാഗമായ ബാര്‍മേര്‍ ജില്ലയിലും അടുത്തയിടെ ഒരു ദളിത് വിവരാവകാശ നിയമ (ആര്‍ടിഐ) പ്രവര്‍ത്തകന്‍ ഭീകരമായി മര്‍ദിക്കപ്പെട്ടു. യുപിഎ സര്‍ക്കാര്‍ കൊട്ടുംകുരവയുമായി നടപ്പാക്കുന്ന തൊഴിലുറപ്പു പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിനാണ് മംഗളറാം എന്ന ആദിവാസി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടത്. അടുത്തിടെ ജാര്‍ഖണ്ഡിലും നിയാത് അന്‍സാരി എന്ന ആര്‍ടിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ബരന്‍ ജില്ലയിലെ ബമനോര്‍ ഗ്രാമത്തിന്റെ സര്‍പാഞ്ച് ഗുലാം ഷായും സംഘവുമാണ് മംഗളറാമിനെ പരസ്യമായി മര്‍ദിച്ചത്. തൊഴിലുറപ്പുപദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് വേളയിലാണ് മാരകായുധങ്ങളുമായി എത്തി അക്രമികള്‍ മംഗളറാമിനെ തല്ലിച്ചതച്ച് ജീവച്ഛവമാക്കിയത്. 2006നും 2008നും ഇടയിലുള്ള തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചാണ് മംഗളറാം വിവരങ്ങള്‍ തിരക്കിയത്. ബമനോര്‍ ഗ്രാമത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി സര്‍പാഞ്ചായി തുടരുന്ന ഗുലാംഷാ തൊഴിലുറപ്പുപദ്ധതിയിലൂടെ വന്‍ തുക കീശയിലാക്കുകയാണെന്നായിരുന്നു ആര്‍ടിഐയിലൂടെ ലഭിച്ച വിവരം. ഇത് പുറത്തറിയാക്കാതിരിക്കാനായിരുന്നു മര്‍ദനം. പല സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഗുലാം ഷായെ അറസ്റ് ചെയ്യാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറായില്ല. രാഹുല്‍ഗാന്ധിയുടെയും ശിങ്കിടികളുടെയും ദളിത് പ്രേമം വെറും പുകമറയാണെന്ന് രാജസ്ഥാനില്‍ ഒരുമാസത്തിനകം ഉണ്ടായ ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. പുള്ളിപ്പുലിയുടെ പുള്ളി ഒരിക്കലും മായ്ക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ ദളിത് വിരോധം.
വി.ബി.പരമേശ്വരന്‍ ദേശാഭിമാനി 180311
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ദളിത് ബസ്തികളില്‍ അന്തിയുറങ്ങുന്നത് മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയാണ്. രാജാവ് പ്രജകളെ തേടിപ്പോകുന്ന കൌതുകത്തോടെയാണ് രാഹുല്‍ഗാന്ധിയുടെ ദളിത് കുടുംബ സന്ദര്‍ശനം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ഗാന്ധിയെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദളിത് ബസ്തികളെ തേടിപ്പോയപ്പോള്‍ അത് ദളിതരുടെ വന്‍ പ്രതിഷേധത്തിന് കാരണമാവുകയും പരിപാടിതന്നെ നിര്‍ത്തിവയ്ക്കേണ്ടി വരികയുംചെയ്തു.
ReplyDelete