Tuesday, March 22, 2011

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി മാപ്പു പറയണം

ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണം:  മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ട് രൂപ നിരക്കിലുള്ള റേഷനരി ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ നടപ്പാക്കാനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ക്ക് സൗജന്യനിരക്കില്‍ അരി നല്‍കുന്നത് തടയാന്‍ മുന്‍കൈയെടുത്ത പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണം. പദ്ധതി 60 ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നിയമസഭയില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് കൂടിയാണ് പദ്ധതി നടപ്പാക്കരുതെന്ന് ഉത്തരവിട്ടതെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് മൂന്ന് രൂപ നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുമെന്ന് രണ്ട് വര്‍ഷം മുമ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതേവരെ നടപ്പാക്കിയിട്ടില്ല. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റ് ആദ്യം 40 ലക്ഷം കുടുംബങ്ങള്‍ക്ക് നടപ്പാക്കിയ രണ്ട് രൂപ നിരക്കിലുള്ള അരി പദ്ധതിയാണ് ഇപ്പോള്‍ നിബന്ധനകള്‍ക്ക് വിധേയമായി ബി പി എല്‍-എ പി എല്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു.

അന്നം മുടക്കിയവര്‍ക്ക് തിരിച്ചടികിട്ടി: പിണറായി

കഴക്കൂട്ടം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടുരൂപയുടെ അരിവിതരണ പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ ഹൈക്കോടതി നടത്തിയ വിധി യു ഡി എഫിന്റെ അന്നം മുടക്കുന്ന ദ്രോഹത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി അജയകുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കഴക്കൂട്ടം നിര്‍ മ്മലാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 110 രൂപയില്‍ നിന്നും 400 ആയി ഉയര്‍ത്തിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അത് ആയിരം രൂപയായി വര്‍ധിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു. കര്‍ഷക ആത്മഹത്യയുടെ നാടായിരുന്ന കേരളത്തില്‍ കര്‍ഷകര്‍ക്ക് പെന്‍ഷനടക്കം നടപ്പാക്കി സമ്പന്നമായ കാര്‍ഷിക മേഖല കെട്ടിപ്പടുത്തു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുക മാത്രമല്ല, എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുക കൂടി ചെയ്തു. ഭരണകക്ഷി യൂണിയനടക്കം പാര്‍ലമെന്റിനു മുന്നില്‍ തൊഴിലാളിസമരം നടത്തുന്ന രാജ്യത്താണ് കേരളത്തിന് ഈ വേറിട്ട നേട്ടം ആര്‍ജിക്കാനായതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ കലാപത്തിലൂടെ 18 പേരുടെ ജീവന്‍ അപഹരിച്ച വര്‍ഗീയ ശക്തികള്‍ ഇപ്പോഴുണ്ടെങ്കിലും സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം അവരുടെ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കി. സമാധാനാന്തരീക്ഷമുള്ള കേരളം ജനജീവിതത്തില്‍ പ്രാവര്‍ ത്തികമാക്കി. സ്‌പെക്ട്രം അഴിമതിയും ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും കോമണ്‍വെല്‍ത്ത് കുംഭകോണവും റാഡിയാ ടേപ്പ് സംഭവവും വീക്കിലീക്‌സ് വെളിപ്പെടുത്തലും കോണ്‍ഗ്രസിന്റെ അഴിമതിയുടെ ഭീകരമുഖം വെളിപ്പെടുത്തുമ്പോള്‍ യു ഡി എഫിന്റെ അഞ്ച് വര്‍ഷം മുമ്പുള്ള കേരള ഭരണം വരുത്തിയ കെടുതികള്‍ നമുക്ക് പാഠമാകകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പരസ്യമായി മാപ്പു പറയണം: രാജാജി മാത്യു തോമസ്

തൃശൂര്‍: എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് രാജാജി മാത്യു തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പദ്ധതി തടഞ്ഞത്. ഇതിനെതിരെ രാജാജി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഇലക്ഷന്‍ കമ്മിഷന്റെ നടപടി റദ്ദാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരെ പരാതിപ്പെട്ട ടി എന്‍ പ്രതാപന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും യോഗ്യനെല്ലന്ന് അദ്ദേഹം പറഞ്ഞു.  തങ്ങള്‍ അന്നംമുടക്കികളാണെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സമ്മതിക്കണം. ഭരണഘടനാ ചുമതല നിര്‍വഹിക്കേണ്ട ഇലക്ഷന്‍ കമ്മിഷന്‍ കേന്ദ്രം ഭരിക്കുന്നവരുടെ ഉപകരണമായി മാറാന്‍ പാടില്ലായിരുന്നുവെന്നും രാജാജി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മാപ്പുപറയണം: സി ദിവാകരന്‍


തിരുവനന്തപുരം:  എ പി എല്‍ - ബി പിഎല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സ്വാഗതം ചെയ്യുന്നതായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിപക്ഷമാണ് പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിയെന്നാണ് കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു.

ജനയുഗം 220311

1 comment:

  1. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ പരാതി നല്‍കിയ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് രാജാജി മാത്യു തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പദ്ധതി തടഞ്ഞത്. ഇതിനെതിരെ രാജാജി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഇലക്ഷന്‍ കമ്മിഷന്റെ നടപടി റദ്ദാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കെതിരെ പരാതിപ്പെട്ട ടി എന്‍ പ്രതാപന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും യോഗ്യനെല്ലന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ അന്നംമുടക്കികളാണെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സമ്മതിക്കണം. ഭരണഘടനാ ചുമതല നിര്‍വഹിക്കേണ്ട ഇലക്ഷന്‍ കമ്മിഷന്‍ കേന്ദ്രം ഭരിക്കുന്നവരുടെ ഉപകരണമായി മാറാന്‍ പാടില്ലായിരുന്നുവെന്നും രാജാജി പറഞ്ഞു.

    ReplyDelete