Tuesday, March 22, 2011

യുഡിഎഫില്‍ കൂട്ടക്കുഴപ്പം

കാസര്‍കോട്: അടി തീരാതെ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. പ്രഖ്യാപിച്ച സീറ്റില്‍ സ്ഥാനാര്‍ഥിക്കൊപ്പം പോകാന്‍ നേതാക്കളും പ്രവര്‍ത്തകരും വിസമ്മതിക്കുമ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തിടത്ത് കൂട്ടത്തല്ലിലേക്ക് എത്തിയതാണ് പുതിയ പ്രതിസന്ധി. കാഞ്ഞങ്ങാട് തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലം കവന്‍ഷനിലേക്ക് യുഡിഎഫ് നേതാക്കളെ കടത്തിവിടാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ പ്രതിഷേധം തെരുവിലേക്ക് ഇറങ്ങി. കാഞ്ഞങ്ങാട് മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കുന്നുവെന്ന അഭ്യൂഹമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യുഡിഎഫ് നേതാക്കളെയുള്‍പ്പെടെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയാണ് മണ്ഡലം കണ്‍വന്‍ഷന്‍ മുടക്കിയത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. വൈകുന്നേരത്തോടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നില്ലെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ സ്ഥാനാര്‍ഥി മോഹികള്‍ അഭ്യൂഹങ്ങള്‍ക്കനുസരിച്ച് പരസ്പരം പാരവെക്കുന്നതും ചെളിവാരിയെറിയുന്നതും ജില്ലയില്‍ പതിവായിരുന്നു. തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിച്ച ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവിനെതിരെയായിരുന്നു ആദ്യം പാരവെപ്പ്. ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ കെപിസിസിക്കും എഐസിസിക്കും പോയി. പിന്നീട് അബ്ദുള്ളക്കുട്ടി മത്സരിക്കുമെന്ന പ്രചാരണമായി. ഉടനെ വന്നു പോസ്റ്ററും പ്രകടനവും. ആര്‍ക്കു വേണ്ടാത്ത മാലിന്യം വേണ്ടെന്നായിരുന്നു പ്രചാരണം. തൊട്ടുപിന്നാലെ പി കെ ഫൈസലാണെന്ന പ്രചാരണമായിരുന്നു. അയാള്‍ക്കെതിരെയും പോസ്റ്ററും പ്രകടനവും ഉണ്ടായി. ഫൈസല്‍ തന്നെ വഞ്ചിച്ചുവെന്നായിരുന്നു വെളുത്തമ്പുവിന്റെ പ്രതികരണം. കെപിസിസിക്ക് നല്‍കാനായി കൊടുത്തയച്ച ലിസ്റ്റില്‍ സ്വന്തം പേര് ഫൈസല്‍ എഴുതിച്ചേര്‍ത്തുവെന്ന് വെളുത്തമ്പു ആരോപിച്ചു. ഒടുവില്‍ കെ വി ഗംഗാധരനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് പ്രചാരണം.

ഉദുമ മണ്ഡലത്തില്‍ കെ പി കുഞ്ഞിക്കണ്ണനെ മത്സരിപ്പിക്കുമെന്നാണ് തുടക്കം മുതല്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിനെതിരെ പി ഗംഗാധരന്‍ നായരും അഡ്വ. സി കെ ശ്രീധരനും രംഗത്തുവന്നു. തര്‍ക്കം പരിഹരിക്കാന്‍ പാച്ചേനി സതീശനെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രചരിച്ചതോടെ അയാള്‍ക്കെതിരെയും പോസ്റ്ററും പരാതിയും ഉണ്ടായി. ഒടുവില്‍ അഡ്വ. സി കെ ശ്രീധരനെ ആക്കുമെന്ന് അഭ്യൂഹം പരന്നതോടെ ജില്ലാബാങ്ക് അഴിമതിക്കേസിലെ പ്രതിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പരാതി പ്രളയമാണ്. കാഞ്ഞങ്ങാട് അഡ്വ. എം സി ജോസും അഡ്വ. കെ കെ നാരായണനും തമ്മിലാണ് പ്രധാന മത്സരം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതുവരെ പരസ്പരം തല്ലുന്നവര്‍ തീരുമാനം വന്നാല്‍ എന്തുചെയ്യുമെന്ന ആകാംക്ഷയിലാണ് പ്രവര്‍ത്തകര്‍.

എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍: യുഡിഎഫ് ഇപ്പോഴും ഇരുട്ടില്‍തന്നെ

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും മണ്ഡിലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ യുഡിഎഫ് ഇപ്പോഴും ഇരുട്ടില്‍. ഏറ്റവും ഒടുവിലായി 21ന് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല. കല്‍പ്പറ്റയിലാകട്ടെ സീറ്റ് ആര്‍ക്കാണെന്ന് ഇനിയും അന്തിമതീരുമാനമായിട്ടില്ല. ജില്ലയിലെ ഏകജനറല്‍ സീറ്റായ കല്‍പ്പറ്റ യുഡിഎഫില്‍ പുതുതായി എത്തിയ സോഷ്യലിസ്റ്റ് ജനതയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസ്സ് സംസ്ഥാന നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇത്രയുംകാലം കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച വീരന് സീറ്റ് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഡിസിസി സ്വീകരിച്ചത്. കോഴിക്കോട് ചേര്‍ന്ന കെപിസിസി എക്സിക്യൂട്ടീവിലും തിരുവനന്തപുരത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും ഇക്കാര്യം ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കിയെങ്കിലും ഒടുവില്‍ വീരന് കീഴടങ്ങുമെന്നതാണ് സ്ഥിതി. മകനെ മത്സരിപ്പിക്കുന്നതിനുവേണ്ടി സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന നേതാവ് കെ കൃഷ്ണന്‍കുട്ടി കാലാകാലങ്ങളായി മത്സരിച്ചുവന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലം വിട്ടുകൊടുക്കാനും വീരന്‍ തയ്യാറായി. എങ്കിലും എം വി ശ്രോയാംസ്കുമാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ വീരേന്ദ്രകുമാറിനോ യുഡിഎഫിനോ സാധിച്ചിട്ടില്ല.

സംസ്ഥാനത്തെ രണ്ട് പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ഉള്ള ജില്ലയാണ് വയനാട്. ജാതിസമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കോണ്‍ഗ്രസ്സ് മാനാന്തവാടിയിലും ബത്തേരിയിലും ഒട്ടേറെപേരുടെ പട്ടികയാണ് തയ്യാറാക്കിയത്. മാനന്തവാടിയില്‍ ഐ സി ബാലകൃഷ്ണന് സീറ്റ് കിട്ടുമെന്നായിരുന്നു ശക്തമായ പ്രചാരണം. ഒടുവില്‍ തവിഞ്ഞാല്‍ പഞ്ചായത്തംഗം പി കെ ജയലക്ഷ്മിയുടെ പേരാണ് രാഹുല്‍ഗാന്ധി നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിശബ്ദപ്രചാരണം തുടങ്ങിയിരുന്ന ഐ സി ബാലകൃഷ്ണനെ ഇത് നിരാശനാക്കി. സുല്‍ത്താന്‍ബത്തേരിയില്‍ സ്ഥാനാര്‍ഥികളാകാന്‍ വന്‍നിരതന്നെയാണ് ഉണ്ടായിരുന്നത്. ഒരു ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് സ്ഥാനാര്‍ഥിയാക്കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ വാങ്ങിയതായി കോണ്‍ഗ്രസ്സുകാര്‍തന്നെ പരസ്യമായി പറയുന്നുണ്ട്. ഇദ്ദേഹത്തെകൂടാതെ അഞ്ചുപേര്‍ ബയോഡാറ്റയും അപേക്ഷയും തയ്യാറാക്കി കെപിസിസിക്കും ചിലര്‍ എഐസിസിക്കും അയച്ചുവെങ്കിലും മാനന്തവാടിയില്‍ സീറ്റ് ലഭിക്കാത്ത ഐ സി ബാലകൃഷ്ണന് ബത്തേരിയില്‍ നറുക്ക് വീഴുമെന്നാണ് അറിയുന്നത്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ തുടങ്ങി. തുടര്‍ന്ന് ബൂത്ത് കണ്‍വന്‍ഷനുകളും ലോക്കല്‍ തെരഞ്ഞെടുപ്പ് റാലികളും പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥികളുടെ മണ്ഡലം പര്യടനം ഏപ്രില്‍ ഒന്നിന് തുടങ്ങും. ആകര്‍ഷകമായ ബോര്‍ഡുകളും ചുമരെഴുത്തുകളും പോസ്റ്ററുകളും ജില്ലയിലെങ്ങും വന്നുകഴിഞ്ഞു. ജനകീയാംഗീകാരമുള്ള നേതാക്കളാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളെന്നത് ജില്ലയാകെ ചര്‍ച്ചയാവുകയാണ്.

യുഡിഎഫിലെ പ്രതിസന്ധി തീരുന്നില്ല

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ സജീവമായിട്ടും ഇടുക്കിയില്‍ യുഡിഎഫിലെ തര്‍ക്കം തീരുന്നില്ല. യുഡിഎഫ് എന്ന നിലയില്‍ ഒരു നിയോജകമണ്ഡലത്തിലും യോജിച്ച പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പി ജെ ജോസഫനെച്ചൊല്ലി തൊടുപുഴയിലുണ്ടായ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് തെരുവുയുദ്ധം, ഇറക്കുമതി സ്ഥാനാര്‍ഥികള്‍ക്കെതിരായ പ്രചാരണം, കോണ്‍ഗ്രസിലെതന്നെ ഗ്രൂപ്പുവഴക്ക് തുടങ്ങിയവ യുഡിഎഫ് ചേരികളെ മൌനത്തിലാഴ്ത്തി. തൊടുപുഴയില്‍ പ്രചാരണത്തിനിറങ്ങിയ പി ജെ ജോസഫിനെ കോണ്‍ഗ്രസ് ഇനിയും അംഗീകരിച്ചിട്ടില്ലെന്നതിന്റെ സൂചന തിങ്കളാഴ്ച ഒരു ചാനല്‍ പരിപാടിക്കിടെ ഉണ്ടായി. തൊടുപുഴയിലെ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി തോമസ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കേരള കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫാണ് സ്ഥാനാര്‍ഥിയെന്ന് വ്യക്തമാക്കിയെങ്കിലും അംഗീകരിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല.

ഉടുമ്പന്‍ചോലയിലേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന ജോസി സെബാസ്റ്റ്യനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തിരിഞ്ഞു. ഉടുമ്പന്‍ചോല സീറ്റിനായി ശ്രമിക്കുന്ന കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി തോമസ് എന്നിവര്‍ പ്രതിഷേധത്തിലാണ്. ജോസി വന്നാല്‍ 'ശരിക്കറിയുമെന്ന' നിലപാടിലാണിവര്‍. നേരത്തെ കരുണാകര വിഭാഗത്തിലായിരുന്ന ജോസി ഇപ്പോള്‍ പത്മജ ഗ്രൂപ്പിലാണ്. ഡിസിസിയുടെ പിന്തുണയും ജോസിക്കില്ല. ഇതേസമയം ജോയി തോമസിനെയും ഇബ്രാഹിംകുട്ടിയെയും തഴയാന്‍ കഴിയാത്ത അവസ്ഥയിലുമാണ് കോണ്‍ഗ്രസ് നേതൃത്വം. ഉടുമ്പന്‍ചോല കിട്ടാത്തതിനാല്‍ ജേക്കബ്ബ് ഗ്രൂപ്പുകാരും പ്രതിഷേധത്തിലാണ്. നേരത്തെ ഡിസിസി നല്‍കിയ പട്ടികയില്‍ ജോയി തോമസും ഇബ്രാഹിംകുട്ടിയും ഇ എം ആഗസ്തിയുമായിരുന്നു. ഡല്‍ഹിയില്‍ നടന്ന ചരടുവലികളിലാണ് ജോസി പട്ടികയില്‍ ഒന്നാമനായത്.

പീരുമേട് മണ്ഡലത്തില്‍ പരിഗണിക്കപ്പെടുന്ന ഇ എം ആഗസ്തിക്കെതിരെയും പ്രാദേശിക വാദം മുന്‍നിര്‍ത്തി വിമതശബ്ദമുയര്‍ന്നു. ഇതിനുപുറമെ കോണ്‍ഗ്രസ് ഗ്രൂപ്പുപോരും ശക്തമായി. ദേവികുളത്തേക്ക് പരിഗണിക്കപ്പെടുന്ന എ കെ മണിക്കെതിരെ കെപിസിസി എക്സിക്യൂട്ടീവംഗത്തിന്റെ നേതൃത്വത്തിലാണ് പാര. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടുക്കിയില്‍ കോട്ടയംകാരനായ സ്ഥാനാര്‍ഥിക്കെതിരെ അപസ്വരമുണ്ട്. തങ്ങളുടെ അവസരം തുടര്‍ച്ചയായ മൂന്നാം തവണയും റോഷി തട്ടിയെടുക്കുന്നെന്നാണ് പല നേതാക്കളുടെയും പരാതി.

കോണ്‍ഗ്രസ് പട്ടിക പാതിവഴിയില്‍

ന്യൂഡല്‍ഹി: ദിവസങ്ങളായി ഡല്‍ഹിയില്‍ മാരത്തചര്‍ച്ച നടത്തിയിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം പാതിവഴിയില്‍. ഹൈക്കമാന്‍ഡിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും മുഴുവന്‍ സീറ്റുകളിലും ധാരണയായില്ല. സിറ്റിങ് എംഎല്‍എമാരുടേത് ഉള്‍പ്പെടെ 57 സീറ്റില്‍ ധാരണയായതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. 24 സീറ്റില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. വീണ്ടും ചര്‍ച്ച നടത്തുമെന്നും പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നും മിസ്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഹരിപ്പാട് സീറ്റ് ചെന്നിത്തലയ്ക്കായി സിറ്റിങ് എംഎല്‍എ ബാബുപ്രസാദ് ഒഴിഞ്ഞുനല്‍കി. ബാക്കി 24 സീറ്റുകളുടെ കാര്യത്തില്‍ കെപിസിസി നേതൃത്വത്തിന് അഭിപ്രായസമന്വയത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. പത്മജയ്ക്ക് സീറ്റ് നല്‍കി മുരളിയെ വെട്ടാന്‍ ചെന്നിത്തല എഐസിസി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍, മുരളിയെ വട്ടിയൂര്‍ക്കാവ് സീറ്റില്‍ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് വിവരം. തമ്പാനൂര്‍ രവി (നെയ്യാറ്റിന്‍കര), എ പി ജോര്‍ജ് (പാറശാല), ജോര്‍ജ് മെഴ്സിയര്‍ (കോവളം), എ പി അനില്‍കുമാര്‍ (വണ്ടൂര്‍), എന്‍ ശക്തന്‍ (കാട്ടാക്കട), വി വി പ്രകാശ് (തവനൂര്‍), പി ടി അജയമോഹന്‍ (പൊന്നാനി), സി ആര്‍ മഹേഷ് (കുണ്ടറ), ബിന്ദു കൃഷ്ണ (ചാത്തന്നൂര്‍), ഷാഹിദ കമാല്‍ (ചടയമംഗലം), പി വി ഗംഗാധരന്‍ (കോഴിക്കോട് നോര്‍ത്ത്), സി എന്‍ ബാലകൃഷ്ണന്‍ (വടക്കാഞ്ചേരി), ജയലക്ഷ്മി (മാനന്തവാടി), എം എം ഹസ്സന്‍ (ആലുവ), ജോസഫ് വാഴയ്ക്കന്‍ (മൂവാറ്റുപുഴ), ബെന്നി ബഹനാന്‍ (തൃക്കാക്കര), കെ പി അനില്‍കുമാര്‍ (കൊയിലാണ്ടി), ആദം മുന്‍ഷി (ബേപ്പൂര്‍), ഹൈബി ഈഡന്‍ (എറണാകുളം), അജയ് മോഹന്‍ (പൊന്നാനി) തുടങ്ങിയവരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംനേടി.
(വിജേഷ് ചൂടല്‍)

കോലംകത്തിക്കല്‍, റിബല്‍; യുഡിഎഫ് കലഹം തെരുവില്‍

സ്ഥാനാര്‍ഥിനിര്‍ണയത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെയും മറ്റ് യുഡിഎഫ് ഘടക കക്ഷികളിലെയും കലഹം തെരുവിലെത്തി. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാപകമായി പ്രകടനം നടന്നു. പലയിടത്തും സ്ഥാനാര്‍ഥികളുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഒട്ടേറെ മണ്ഡലങ്ങളില്‍ റിബലുകള്‍ രംഗത്തുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ കലാപം കത്തിപ്പടരുകയാണ്. നൂറോളം മാണിഗ്രൂപ്പ് പ്രവര്‍ത്തകര്‍ ചങ്ങനാശേരി ടൌണില്‍ പ്രകടനം നടത്തി ചങ്ങനാശേരിയിലെ സ്ഥാനാര്‍ഥി സി എഫ് തോമസിന്റെ കോലം കത്തിച്ചു.

തിരുവല്ലയില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ച ജോസഫ് എം പുതുശേരി , പാര്‍ടി തന്നെ അപമാനിച്ചതായി പരസ്യമായി പ്രതികരിച്ചു. സിറ്റിങ് എംഎല്‍എമാര്‍ മുഴുവന്‍ മത്സരിക്കുമ്പോള്‍ തന്നെ മാത്രം മാറ്റിനിര്‍ത്തി. ഭാവിപരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് പുതുശേരി അറിയിച്ചു. പുതുശേരി വിഭാഗം പ്രവര്‍ത്തകര്‍ തിരുവല്ല ടൌണില്‍ പ്രകടനം നടത്തി കെ എം മാണിയുടെ കോലം കത്തിച്ചു.

തൃശൂര്‍ ജില്ലയില്‍ സിഎംപിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം വി രാഘവന്റെ കോലം കത്തിച്ചു. കുന്ദംകുളത്തും നാട്ടികയിലും രാഘവനെയും സി പി ജോണിനെയും കാല് കുത്താനനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആലുവയില്‍ എം എം ഹസ്സനെ അംഗീകരിക്കില്ലെന്ന് മുന്‍ എംഎല്‍എ കെ മുഹമ്മദാലി പ്രഖ്യാപിച്ചു. പീരുമേട്ടില്‍ ഇ എം അഗസ്തിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. കുമളിയിലും വണ്ടിപ്പെരിയാറിലും ഐഎന്‍ടിയുസി നേതൃത്വത്തില്‍ അഗസ്തിക്കെതിരെ പ്രകടനം നടത്തി. വണ്ടിപ്പെരിയാറില്‍ അഗസ്തിയുടെ കോലം കത്തിച്ചു. ഗുരുവായൂരിലെ ലീഗ് സ്ഥാനാര്‍ഥി അഷ്റഫ് കോക്കൂരിനെ ചാവക്കാട്ട് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇറക്കുമതി സ്ഥാനാര്‍ഥിയെ വേണ്ടെന്നുപറഞ്ഞ് അഞ്ചങ്ങാടി കടപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

കോണ്‍ഗ്രസിന്റെ അന്തിമപട്ടിക ഇനിയും വന്നിട്ടില്ലെങ്കിലും അതിന് മുമ്പുതന്നെ കലാപം രൂക്ഷമായി. സാധാരണ നിലയില്‍ നേതൃത്വത്തിന്റെ മുന്‍നിരയിലുള്ളവര്‍ക്കെതിരെ പ്രതിഷേധം അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂവെങ്കിലും ഇത്തവണ ആ പതിവും തെറ്റിച്ചു. രമേശ് ചെന്നിത്തലയ്ക്കെതിരെ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എ കെ രാജന്‍ റിബല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ യുഡിഎഫ് ജില്ലാ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെ മോഹന്‍കുമാര്‍ പരസ്യമായി പ്രതികരിച്ചു. ഇവിടെ എ ഗ്രൂപ്പും പരസ്യമായി മുരളിക്കെതിരെ രംഗത്തുണ്ട്. ചടയമംഗലത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ചിതറ റിബല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചു. പീരുമേട്ടില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഇ എം ആഗസ്തിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെങ്ങും വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് പ്രതിഷേധ പ്രകടനം നടന്നു. കോണ്‍ഗ്രസ് വച്ചുനീട്ടുന്ന നെന്മാറ സീറ്റ് വേണ്ടെന്ന് വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനത നേതാവ് കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. ജേക്കബിന് അനുവദിച്ച എറണാകുളം ജില്ലയിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്
(എം രഘുനാഥ്)

ദേശാഭിമാനി 220311

1 comment:

  1. അടി തീരാതെ യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍. പ്രഖ്യാപിച്ച സീറ്റില്‍ സ്ഥാനാര്‍ഥിക്കൊപ്പം പോകാന്‍ നേതാക്കളും പ്രവര്‍ത്തകരും വിസമ്മതിക്കുമ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തിടത്ത് കൂട്ടത്തല്ലിലേക്ക് എത്തിയതാണ് പുതിയ പ്രതിസന്ധി. കാഞ്ഞങ്ങാട് തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലം കവന്‍ഷനിലേക്ക് യുഡിഎഫ് നേതാക്കളെ കടത്തിവിടാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതോടെ പ്രതിഷേധം തെരുവിലേക്ക് ഇറങ്ങി. കാഞ്ഞങ്ങാട് മണ്ഡലം കേരള കോണ്‍ഗ്രസിന് നല്‍കുന്നുവെന്ന അഭ്യൂഹമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. യുഡിഎഫ് നേതാക്കളെയുള്‍പ്പെടെ റോഡില്‍ തടഞ്ഞ് നിര്‍ത്തിയാണ് മണ്ഡലം കണ്‍വന്‍ഷന്‍ മുടക്കിയത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. വൈകുന്നേരത്തോടെ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നില്ലെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

    ReplyDelete