ധവളപത്രം ഈ സമ്മേളനത്തില്‍
തിരുവനന്തപുരം: താന്‍ അവതരിപ്പിച്ചത് തിരുത്തല്‍ ബജറ്റാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ ചില പ്രവണതകളെ തിരുത്തി സാമ്പത്തിക രംഗത്തെ അപകടങ്ങളെ മാറ്റി നല്ല ദിശയിലേക്കു ഗതി മാറ്റാന്‍ കഴിഞ്ഞു. തോമസ് ഐസക്കിന്റെ ബജറ്റില്‍ റവന്യൂകമ്മി പെരുകി. വികസന ചെലവുകള്‍ കുറഞ്ഞു. വികസനേതര ചെലവ് കൂടി. മൂലധന ചെലവ് കുറഞ്ഞു. ഇങ്ങനെയൊരു ബജറ്റ് കേരളത്തില്‍ മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്നും മാണി അവകാശപ്പെട്ടു.
കര്‍ഷക പെന്‍ഷന്‍ കേരളത്തില്‍ തന്നെ ആദ്യമാണ്. കര്‍ഷക സമ്പദ് വ്യവസ്ഥയ്‌ക്ക് ഊന്നല്‍ കൊടുക്കുന്നതിനാണ് ശ്രദ്ധിച്ചിട്ടുളളത്. സേവന മേഖലയ്‌ക്കനുസരിച്ച് കാര്‍ഷിക മേഖല വളര്‍ന്നിട്ടില്ല. പാവപ്പെട്ടവരുടെ ചികില്‍സയ്‌ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ കൊടുക്കുന്നു. പാവപ്പെട്ടവരോടുളള ഐക്യദാര്‍ഢ്യമാണ് ബജറ്റിലുളളത്. കഴിഞ്ഞ ബജറ്റില്‍ പണം വകയിരുത്താതെയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പല കാര്യങ്ങള്‍ക്കും ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകുമ്പോള്‍ വേണ്ടത് ചെയ്യാമെന്നും ചോദ്യത്തിനു മറുപടിയായി കെ എം മാണി പറഞ്ഞു.
മുന്‍ ധനമന്ത്രി തോമസ് ഐസക്കിനു മറുപടി പറയത്തക്കവിധം ധവളപത്രം ഈ നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ ഹാജരാക്കുമെന്നും മാണി പറഞ്ഞു. ഭൂപരിഷ്‌ക്കരണ നിയമത്തില്‍ കൈവയ്‌ക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമമാരംഭിച്ചുവെന്ന ആരോപണവും മാണി നിഷേധിച്ചു. ഏതെങ്കിലും തോട്ടവിളയ്‌ക്കു വില കുറഞ്ഞാല്‍ അഞ്ച് ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവും. ഇതു മൂലം തോട്ടങ്ങള്‍ അടച്ച് പൂട്ടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയമെന്നും പാലയെന്നുമുളള പേര് ബജറ്റില്‍ രണ്ട് സ്ഥലത്ത് വന്നു പോയിട്ടുണ്ടെങ്കില്‍ തന്നോടു ക്ഷമിക്കണമെന്നു ധനമന്ത്രി കെ എം മാണി. ബജറ്റവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം എന്നു പറയുമ്പോള്‍ മാത്രമെന്താണ് ഇത്ര തലവേദന. മറ്റ് ജില്ലകളെയും കുറിച്ച് പറയുന്നുണ്ടെന്നു മാണി പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബജറ്റിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പ്രതിഷേധമറിയിച്ചുവെന്ന വാര്‍ത്തകളും മാണി നിഷേധിച്ചു. കോണ്‍ഗ്രസുകാരൊന്നും എതിര്‍ത്തിട്ടില്ല. ചില എം.എല്‍.എമാര്‍ റോഡിന്റെ കാര്യത്തില്‍ പറഞ്ഞുവെന്നേയുളളൂ. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടിയാണ് 200 കോടി വകയിരുത്തിയിരിക്കുന്നത്. തീരദേശത്തെ അവഗണിച്ചുവെന്ന ആരോപണവും മാണി നിഷേധിച്ചു. തീരദേശ അതോറിറ്റി സംബന്ധിച്ച് നിയമ നിര്‍മാണം കൊണ്ട് വരും. മല്‍സ്യ തൊഴിലാളി കടാശ്വാസ പദ്ധതിക്കായി പ്രത്യേക ബജറ്റ് ശീര്‍ഷകം ഉണ്ട്. അത് അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലക്ഷ്യബോധമില്ലാത്ത ബജറ്റ്: സി കെ ചന്ദ്രപ്പന്‍
തിരുവനന്തപുരം: ലക്ഷ്യബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ചതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ ഒട്ടുമിക്കതും ഇല്ലാതായിരിക്കുകയാണ്. അവശ്യവസ്‌തുക്കളുടെ രൂക്ഷമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് വിപണി ഇടപെടല്‍ നടത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ 70 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്ന പദ്ധതിയാണ് വിഭാവന ചെയ്‌തത്. യു ഡി എഫ് സര്‍ക്കാര്‍ കഷ്‌ടിച്ച് 20 ലക്ഷം പേര്‍ക്ക് ഒരു രൂപാ നിരക്കില്‍ അരി നല്‍കുന്നതിനെ സംബന്ധിച്ചാണ് ബജറ്റില്‍ പറയുന്നത്. ബാക്കിയുള്ള കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുകയാണ്. അവര്‍ക്ക് രണ്ട് രൂപയ്‌ക്കെങ്കിലും അരി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പുപറയുന്നില്ല. സ്വാശ്രയ കോളജുകളെ പുകഴ്‌ത്തുകയാണ് മാണി ചെയ്‌തത്. സ്വാശ്രയ കോളജുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന് വന്‍കിട വിദേശ സര്‍വകലാശാലകളുടെ സൗകര്യങ്ങള്‍ സംസ്ഥാനത്ത് വേണമെന്നാണ് മാണി പറയുന്നത്. ആഗോളഭീമന്മാരുടെ സ്വാശ്രയ കോളജുകള്‍ കേരളത്തില്‍ വരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷിയോഗത്തില്‍ സ്വാശ്രയ കോളജുകളുടെ ചൂഷണത്തെയും വാണിജ്യ താല്‍പ്പര്യങ്ങളെയും കുറിച്ച് പറഞ്ഞ മാണി ബജറ്റില്‍ അവരെ പുകഴ്‌ത്തുകയാണ ചെയ്‌തത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ ഇടിച്ചുതാഴ്‌ത്തുന്നതിനാണ് ബജറ്റില്‍ ശ്രമിച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ അഭിവൃദ്ധിക്കുതകുന്ന നിര്‍ദേശങ്ങളൊന്നുമില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു.
ഭൂപരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം
തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയായി മാറിയ ഭൂപരിഷ്‌കരണ പ്രക്രിയയെ അട്ടിമറിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിലുള്ളത്. കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നും തോട്ടവിളകളുടെ അഞ്ചു ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് അനുവദിക്കുമെന്നും ബജറ്റില്‍ പറയുന്നു. കര്‍ഷകരെയും കശുഅണ്ടി തൊഴിലാളികളെയും സംരക്ഷിക്കുവാനും കശുമാവിന്റെ വന്‍തോതിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് തീരുമാനമെന്നാണ് ബജറ്റില്‍ പറയുന്നത്. കശുമാവ് വച്ചുപിടിപ്പിക്കുന്ന ഭൂമിയെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ഉയര്‍ന്ന ഭൂപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. തോട്ടവിളകളുടെ അഞ്ചുശതമാനം ഭൂമി മറ്റ് കാര്‍ഷിക വിളകള്‍, ഔഷധസസ്യകൃഷി, പച്ചക്കറി-പൂന്തോട്ടകൃഷി, വിനോദസഞ്ചാര പദ്ധതികള്‍ എന്നിവയ്‌ക്കായി അനവുദിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഇത് അനുവദിച്ചാല്‍ റബ്ബര്‍ ഒഴികെയുള്ള തോട്ടവിളകൃഷിയുടെ കാര്യത്തില്‍ ഇന്നുള്ള പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഇതിനായി നിയമം നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ തോട്ടവിളകളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നിയമത്തിലെ പരിരക്ഷ നഷ്‌ടമാകും. അതിനാലാണ് അഞ്ചു ശതമാനം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി അനുവദിക്കുന്നത് നിയമത്തിന്റെ ഭാഗമാക്കി മാറ്റുന്നത്. ഇതു വഴി നഷ്‌ടത്തിലായതോട്ടങ്ങളിലെ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ആശ്വാസമേകാനാകുമെന്നാണ് ധനമന്ത്രിയുടെ വാദം.
ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട് ഭൂപരിഷ്‌കരണം അട്ടിമറിക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഭൂപരിഷ്‌കരണ നിയമത്തിന്‍മേല്‍ കൈവെക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നീക്കമാരംഭിച്ചു എന്നതിന്റെ സൂചനകളാണ് കെ എം മാണി അവതരിപ്പിച്ച ബജറ്റിലുള്ളത്. തോട്ടങ്ങള്‍ എന്ന നിലയില്‍ ഭൂപരിധിയില്‍ നിന്നും ഇളവ് ലഭിച്ചത് ദുരുപയോഗിക്കാനാണ് ഈ നിര്‍ദേശം. തോട്ടങ്ങള്‍ മറിച്ചു വില്‍ക്കുന്നതും തരം മാറ്റുന്നതും ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമാണ്. ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മാണി മന്ത്രിയായിരുന്നപ്പോള്‍ മുമ്പും ശ്രമം നടന്നിട്ടുണ്ട്. ഇഷ്ടദാന ബില്ലും മറ്റും ആരും മറന്നിട്ടില്ല. പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസ് ഭൂപരിഷ്‌കരണം തകര്‍ക്കാന്‍ ജന്മിമാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. ആയിരക്കണക്കിന് കൈവശ കൃഷിക്കാരില്‍ നിന്ന് ജന്മിമാര്‍ ഭരണക്കാരുടെ സഹായത്തോടെ ഭൂമിപിടിച്ചെടുത്തു കഴിഞ്ഞു. കേരളത്തിന് അതിനു കഴിയില്ല. എന്നാല്‍ ഭൂപരിധി നിയമം ലംഘിച്ചുകൊണ്ടു ഭൂപരിഷ്‌കരണം അട്ടിമറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇതംഗീകരിച്ചുകൊടുക്കാനാകില്ലെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
വികസനകാര്യത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണ് ബജറ്റെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മേഖലകളും പ്രദേശങ്ങളും തമ്മില്‍ വികസനത്തിന്റെ കാര്യത്തില്‍ ആവശ്യമായ സന്തുലനം തകര്‍ക്കുന്ന ബജറ്റാണിത്. ശരിയായ ആസൂത്രണ വീക്ഷണമില്ല. തികച്ചും ആത്മനിഷ്‌ഠമായ രീതിയിലാണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്. വികസന കാര്യത്തില്‍ ഈ ബജറ്റ് കാഴ്‌ചവയ്‌ക്കുന്ന അസന്തുലിതാവസ്ഥ കടുത്ത അതൃപ്‌തി ഉളവാക്കുമെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറി കാലിയല്ലെന്ന് സമ്മതിച്ചത് നല്ല കാര്യമാണ്. 1963 കോടി രൂപ ട്രഷറിയിലുണ്ടായിരുന്നുവെന്ന് സമ്മതിച്ച മാണി 2184 കോടി രൂപ കഴിഞ്ഞ സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുണ്ടായിരുന്നെന്നാണ് പറയുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കൊടുക്കേണ്ട തുക മുന്‍കൂര്‍ കൊടുത്ത് തീര്‍ക്കണമെന്നാണോ ധനമന്ത്രി പറയുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗംപോലെതന്നെ തികച്ചും കക്ഷിരാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ആവര്‍ത്തന വിരസമായ പ്രഖ്യാപനങ്ങളാണ് പുതുക്കിയ ബജറ്റിലുള്ളത്. അതൊഴിവാക്കിയാല്‍ മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുകയാണെന്ന് വി എസ് പറഞ്ഞു.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരുരൂപ നിരക്കില്‍ അരി നല്‍കുന്നതിന് 20 ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കു പ്രകാരം ബി പി എല്‍ കുടുംബങ്ങള്‍ 30 ലക്ഷത്തില്‍പ്പരമാണ്. അവര്‍ക്കു മുഴുവന്‍ ഒരുരൂപ നിരക്കില്‍ അരി നല്‍കുമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതാണ്. മാണി ബജറ്റില്‍ അത് 20 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശേഷിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ ഒന്നിനുശേഷം ജനിക്കുന്ന ഓരോ ശിശുവിന്റെയും പേരില്‍ 10,000 രൂപ സ്ഥിരനിക്ഷേപം നടത്തുമെന്ന കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബജറ്റിലെ നിര്‍ദേശം ഈ ബജറ്റില്‍ ഒഴിവാക്കിയിരിക്കുന്നു. സാമൂഹ്യ സുരക്ഷാ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്നോട്ടുപോക്കിന്റെ തെളിവാണിത്. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു വ്യക്തമാക്കാന്‍ മാണി തയാറായിട്ടില്ല. വികേന്ദ്രീകൃത ഐ ടി പാര്‍ക്കുകളെ എതിര്‍ത്ത യു ഡി എഫ് ഇപ്പോള്‍ ചെറുകിട ഐ ടി പാര്‍ക്കുകള്‍ക്ക് ബജറ്റില്‍ വകയിരുത്തുന്നുവെന്നും വി എസ് പറഞ്ഞു.
ഇ എഫ് എല്‍ നിയമത്തിന് തുരങ്കം വയ്‌ക്കാന്‍ ശ്രമം: ബിനോയ് വിശ്വം
തിരുവനന്തപുരം: വന്‍കിട ഭൂവുടമകള്‍ക്കുവേണ്ടി ഇ എഫ് എല്‍ നിയമത്തിന് തുരങ്കം വയ്‌ക്കാനാണ് ധനമന്ത്രി കെ എം മാണി ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം.
അഞ്ച് ഏക്കര്‍ വരെയുള്ള കര്‍ഷകരുടെ ഭൂമി ഒഴിവാക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി അറിയാത്ത ഭാവത്തിലാണ് അദ്ദേഹം ഇത് ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണത്തോട് പുച്ഛം പുലര്‍ത്തുന്ന ധനകാര്യമന്ത്രി ഭൂപരിഷ്‌കരണ നിയമത്തിലും കൈവെക്കാന്‍ ശ്രമിക്കുന്നു. കശുമാവ് കൃഷിയുടേയും ടൂറിസത്തിന്റേയും പേരില്‍ നടത്തുന്ന ഈ കരുനീക്കം ദൂര്‍വ്യാപക പ്രത്യാഘാതം ഉണ്ടാക്കും.എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ കാവ് സംരക്ഷണപദ്ധതി പുതിയ കാര്യംപോലെയാണ് അവതരിപ്പിക്കുന്നത്.രണ്ട് രൂപ അരി പദ്ധതിയുടേയും ഇ എം എസ് - എം എന്‍ ഭവന പദ്ധതികളുടേയും സുരക്ഷാ ഭവന പദ്ധതിയുടേയും കലവറ പദ്ധതിയുടേയും കാര്യത്തില്‍ ബജറ്റ് പ്രസംഗത്തില്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ല: സി ദിവാകരന്‍
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ പരിഗണിക്കാത്തതാണ് യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. വിലക്കയറ്റം പരിഹരിക്കാന്‍ ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ ബജറ്റില്‍ തുക നീക്കിവച്ചിരുന്നു. 13 ഇനം അവശ്യസാധനങ്ങള്‍ പകുതിവിലയ്‌ക്ക് റേഷന്‍കടവഴി നല്‍കാന്‍ പദ്ധതി തയ്യാറാക്കുകയും 100 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ പദ്ധതി കേന്ദ്രാനുമതി ലഭിച്ചാല്‍ നടപ്പാക്കാം എന്നാണ് ബജറ്റ് പറയുന്നത്. 2 രൂപ അരി പദ്ധതി തുടരുമോ എന്ന് ബജറ്റ് വ്യക്തമാക്കുന്നില്ല. 32 ലക്ഷം പേര്‍ക്ക് ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞിരുന്നു. ഇത് 20 ലക്ഷമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോള ഇടപെടലിനുള്ള ഒരു പദ്ധതിയും ബജറ്റില്‍ ഇല്ല.
പരമ്പരാഗത വ്യവസായമേഖലയെ പ്രത്യേകിച്ച് കശുവണ്ടി മേഖലയെ അവഗണിച്ചത് വലിയ ന്യൂനതയാണ്. കോട്ടയം - പാല മേഖലയുടെ അടിസ്ഥാനവികസനമാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കാണാനാകുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നത് ശ്രദ്ധേയമാണ്. കേരളം കൈവരിച്ച നേട്ടങ്ങളെയും ക്ഷേമപദ്ധതികളെയും അട്ടിമറിക്കാനുള്ള ശ്രമം ബജറ്റിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ നിരാശപ്പെടുത്തുന്ന, കഴമ്പില്ലാത്ത ബജറ്റാണിതെന്നും സി ദിവാകരന്‍ പറഞ്ഞു.
janayugom 090711
താന്‍ അവതരിപ്പിച്ചത് തിരുത്തല്‍ ബജറ്റാണെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ബജറ്റ് അവതരണത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ ചില പ്രവണതകളെ തിരുത്തി സാമ്പത്തിക രംഗത്തെ അപകടങ്ങളെ മാറ്റി നല്ല ദിശയിലേക്കു ഗതി മാറ്റാന്‍ കഴിഞ്ഞു. തോമസ് ഐസക്കിന്റെ ബജറ്റില്‍ റവന്യൂകമ്മി പെരുകി. വികസന ചെലവുകള്‍ കുറഞ്ഞു. വികസനേതര ചെലവ് കൂടി. മൂലധന ചെലവ് കുറഞ്ഞു. ഇങ്ങനെയൊരു ബജറ്റ് കേരളത്തില്‍ മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്നും മാണി അവകാശപ്പെട്ടു
ReplyDelete