Sunday, July 10, 2011

ഇതോ പരിബര്‍ത്തന്‍ ...? പാരുള്‍ ബീവി ചോദിക്കുന്നു

ഹഡോയ (പശ്ചിമബംഗാള്‍): പാരുള്‍ ബീവി ആ ദിവസം മറക്കില്ല. പൊലീസും തൃണമൂല്‍ അക്രമിസംഘവും വീട്ടില്‍ നടത്തിയ പേക്കൂത്തില്‍ എല്ലാം തകര്‍ന്നു. പട്ടയം തട്ടിയെടുത്തു. സ്വന്തം വീട്ടില്‍ കയറരുതെന്ന താക്കീതോടെ അടിച്ചോടിച്ചു. പ്രാണരക്ഷാര്‍ഥം ഓടുമ്പോള്‍ ആറ് വയസ്സുള്ള ഒരു ബാലന്‍ ഒറ്റയ്ക്കുനിന്ന് കരയുന്നു. അയല്‍വാസിയുടെ മകന്‍ . അവനെയും എടുത്ത് രക്ഷപ്പെട്ടു. അഞ്ചുനാള്‍ കഴിഞ്ഞിട്ടും വീട്ടില്‍ കയറാനായിട്ടില്ല. "പരിബര്‍ത്തന്‍" (മാറ്റം) എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തിലേറിയ മമതയുടെ ഭരണത്തില്‍ കര്‍ഷകര്‍ എത്തിയ ദുരവസ്ഥ പാരുളിന്റെ കണ്ണില്‍ വായിച്ചെടുക്കാം. "ഞങ്ങള്‍ എവിടെ പോകാന്‍ ? ഇവിടെയൊക്കെത്തന്നെ കാണും. ഞങ്ങളുടെ ഭൂമി കൈവിടാനാകില്ല. ഭൂമി തിരികെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ കിടന്ന് മരിക്കും"- പാരുള്‍ ബീവി വേദനയോടെ പറയുന്നു.

മൂഛിഖേരി ഗ്രാമത്തിലെത്തിയ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയ്ക്കു മുന്നില്‍ പാരുളും മറ്റു സ്ത്രീകളും ദുരനുഭവങ്ങള്‍ തേങ്ങലോടെ വിശദീകരിച്ചു. തെരഞ്ഞെടുപ്പിനുശേഷം ഹഡോയമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ കയറാനായിട്ടില്ല. തിരിച്ചെത്തിയാല്‍ കൊല്ലുമെന്നാണ് ഭീഷണി. പ്രതിപക്ഷനേതാവെത്തുമ്പോള്‍ പൊലീസ് സന്നാഹമുള്ളതിനാല്‍ ഒളിയിടങ്ങളില്‍നിന്ന് കുറെപ്പേര്‍ എത്തി. പാരുള്‍ ബീവിയുടേതിനു സമാന അനുഭവമുള്ള ആയിരത്തോളം സ്ത്രീകള്‍ മിശ്രയെ കാണാനെത്തി. ഇവരുടെ ഭര്‍ത്താക്കന്മാര്‍ ഗ്രാമത്തിനു പുറത്താണ്.

ഹഡോയ ബ്ലോക്കിലെ ഗോപാല്‍പുര്‍ ഒന്ന്, രണ്ട് പഞ്ചായത്തില്‍ ഒരാഴ്ച നടന്ന സംഭവങ്ങള്‍ ബംഗാളിന്റെ കേട്ടുകേള്‍വിയില്‍പ്പോലുമില്ല. ഒളിവില്‍ കഴിയുന്ന പുരുഷന്മാര്‍ , നിയമപ്രകാരം സര്‍ക്കാര്‍ അനുവദിച്ച പട്ടയഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ , അക്രമത്തിന് കൂട്ടുനില്‍ക്കുന്ന പൊലീസ്. മേഖലയില്‍ 10,500 കര്‍ഷകര്‍ക്കാണ് ഭൂമി നഷ്ടപ്പെട്ടത്. 3500 ഏക്കര്‍ ഭൂമി തൃണമൂല്‍ അക്രമികളും പഴയ ജന്മിമാരും പിടിച്ചടക്കി. പങ്കുകൃഷി നടത്തിയ ഭൂമി ഇടതുമുന്നണി സര്‍ക്കാരാണ് സ്ഥിരാവകാശത്തോടെ യഥാര്‍ഥ കര്‍ഷകര്‍ക്ക് നല്‍കിയത്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ ആയുധശേഖരം സൂക്ഷിച്ചിരിക്കുന്നു എന്ന കള്ളപ്പരാതിയുടെ പേരിലാണ് കഴിഞ്ഞ തിങ്കളാഴ്ച വന്‍ പൊലീസ് സംഘം ഗോപാല്‍പുരില്‍ വീടു കയറിയത്. ഒപ്പമെത്തിയ തൃണമൂല്‍ അക്രമികള്‍ ഭൂരേഖകള്‍ തെരഞ്ഞു. കിട്ടിയതില്‍ കുറെ കത്തിച്ചു. ബാക്കി കൊണ്ടുപോയി. പത്ത് വീട് കത്തിച്ചു. മത്സ്യക്കൃഷിക്കുള്ള ഉപകരണങ്ങളും തീയിട്ടു. ആയുധശേഖരമുണ്ടെന്ന് ആരോപിച്ച് തൃണമൂല്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ഉത്തര 24 പര്‍ഗാനാസ് ജില്ലാ പൊലീസ് സൂപ്രണ്ട് ചംപക് ഭട്ടാചാര്യ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അമിതാവ് നന്ദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തോട് സമ്മതിച്ചു. വീടുകളില്‍നിന്ന് ആയുധമൊന്നും കണ്ടെടുത്തില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
(വി ജയിന്‍)

deshabhimani 100711

1 comment:

  1. പാരുള്‍ ബീവി ആ ദിവസം മറക്കില്ല. പൊലീസും തൃണമൂല്‍ അക്രമിസംഘവും വീട്ടില്‍ നടത്തിയ പേക്കൂത്തില്‍ എല്ലാം തകര്‍ന്നു. പട്ടയം തട്ടിയെടുത്തു. സ്വന്തം വീട്ടില്‍ കയറരുതെന്ന താക്കീതോടെ അടിച്ചോടിച്ചു. പ്രാണരക്ഷാര്‍ഥം ഓടുമ്പോള്‍ ആറ് വയസ്സുള്ള ഒരു ബാലന്‍ ഒറ്റയ്ക്കുനിന്ന് കരയുന്നു. അയല്‍വാസിയുടെ മകന്‍ . അവനെയും എടുത്ത് രക്ഷപ്പെട്ടു. അഞ്ചുനാള്‍ കഴിഞ്ഞിട്ടും വീട്ടില്‍ കയറാനായിട്ടില്ല. "പരിബര്‍ത്തന്‍" (മാറ്റം) എന്ന മുദ്രവാക്യമുയര്‍ത്തി അധികാരത്തിലേറിയ മമതയുടെ ഭരണത്തില്‍ കര്‍ഷകര്‍ എത്തിയ ദുരവസ്ഥ പാരുളിന്റെ കണ്ണില്‍ വായിച്ചെടുക്കാം. "ഞങ്ങള്‍ എവിടെ പോകാന്‍ ? ഇവിടെയൊക്കെത്തന്നെ കാണും. ഞങ്ങളുടെ ഭൂമി കൈവിടാനാകില്ല. ഭൂമി തിരികെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ കിടന്ന് മരിക്കും"- പാരുള്‍ ബീവി വേദനയോടെ പറയുന്നു.

    ReplyDelete